Connect with us

Health

ഭക്ഷ്യ വിഷബാധ എങ്ങനെ തടയാം

സീൽ ചെയ്യാത്ത പാത്രങ്ങളിൽ നിന്ന് എണ്ണയും മറ്റും വാങ്ങുന്പോൾ മായം കലരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സീൽ ചെയ്ത സാച്ചെറ്റുകൾ, കണ്ടെയ്നറുകൾ എന്നിവ വിശ്വസനീയവും അറിയപ്പെടുന്നതുമായ ബ്രാൻഡ് ഉത്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.

Published

|

Last Updated

മലിനമായതും മായം കലർന്നതുമായ ആഹാര സാധനങ്ങളാണ് പല സമയത്തും ഭക്ഷ്യ ജന്യ രോഗങ്ങളുടെ പ്രധാന കാരണങ്ങളായി കണ്ടുവരുന്നത്. സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ആഹാരം ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
എങ്ങനെയാണ് ഭക്ഷണം സുരക്ഷിതമല്ലാതെയാകുന്നത്

പല തരത്തിലുള്ള ബാക്ടീരിയ, പൂപ്പലുകൾ എന്നിവയും അത് ഉത്പാദിപ്പിക്കുന്ന വിഷപദാർഥങ്ങളും ആഹാരം കേടാകുന്നതിന് ഇടയാകുന്നു. കൂടാതെ പ്രാണികൾ, എലി, ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മായങ്ങൾ, അനുവദനീയമായ അളവിൽ കവിഞ്ഞ രാസ അവശിഷ്ടങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തെ ദോഷകരമായി ബാധിക്കുന്നു. അതുപോലെ പ്രധാനപ്പെട്ട കാര്യങ്ങളാണ് നാം താമസിക്കുന്ന സ്ഥലത്തെ താപനില (temperature), ഈർപ്പം (humidity) എന്നിവയും. ഭക്ഷണം എപ്പോൾ ഉണ്ടാക്കുന്നു, അത് എങ്ങനെ സൂക്ഷിക്കുന്നു എന്നിവയൊക്കെ ഇവിടെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്.

സുരക്ഷിതമായ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാം

സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ആദ്യ പടിയാണ് ശരിയായ ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുക എന്നുള്ളത്. നല്ല വിറ്റുവരവുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കൾ അവയുടെ പുതുമ ഉറപ്പാക്കുന്നു. പാക്കറ്റുകളിൽ വാങ്ങുന്ന മിക്ക ആഹാര സാധനങ്ങളിലും certification അടയാളങ്ങൾ കാണാം. ഉദാ: FSSAI, AGMARK , BIS, TSO etc… ഇവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. അതുപോലെ പ്രധാനപ്പെട്ടതാണ് “best before’ അല്ലെങ്കിൽ “date of expiry’ എന്നിവ ശ്രദ്ധിക്കുക എന്നത്. വിപണിയിൽ ലഭ്യമാകുന്ന ഏത് ഭക്ഷ്യവസ്തുക്കളുടെയും പാക്കറ്റുകളിലുള്ള ഉപയോഗിക്കേണ്ട അനുവദനീയമായ സമയം നോക്കേണ്ടതും കാലാവധി കഴിഞ്ഞതാണ് എങ്കിൽ അധികൃതരെ അറിയിക്കേണ്ടതുമാണ്.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാങ്ങുന്ന ഭക്ഷണ ധാന്യങ്ങൾ കീടബാധയും മറ്റ് വസ്തുക്കളും ഇല്ല എന്ന് ഉറപ്പ് വരുത്തണം
ധാന്യങ്ങൾ, പയർ- പരിപ്പ് വർഗങ്ങൾ എന്നിവ വാങ്ങുന്പോൾ പൂപ്പൽ ബാധയുള്ളതോ സ്വാഭാവികമായ വലിപ്പത്തിൽ നിന്ന് ചുരുങ്ങിയതോ ആയിരിക്കരുത്.
ഭക്ഷ്യവസ്തുക്കൾ കൃത്രിമ നിറങ്ങളിൽ നിന്ന് മുക്തമായിരിക്കണം.

സീൽ ചെയ്യാത്ത പാത്രങ്ങളിൽ നിന്ന് എണ്ണയും മറ്റും വാങ്ങുന്പോൾ മായം കലരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സീൽ ചെയ്ത സാച്ചെറ്റുകൾ, കണ്ടെയ്നറുകൾ എന്നിവ വിശ്വസനീയവും അറിയപ്പെടുന്നതുമായ ബ്രാൻഡ് ഉത്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.

മാംസവും കോഴിയിറച്ചിയും സ്വാഭാവിക സവിശേഷതകളായ നിറം, ഗന്ധം, ഘടന എന്നിവ പരിശോധിച്ച് വാങ്ങണം.

പുതുമയുള്ള മത്സ്യം എപ്പോഴും നല്ല ഉറപ്പുള്ളതും കണ്ണുകൾ തിളക്കമുള്ളതും തെളിഞ്ഞതുമായിരിക്കും. ചെതുന്പലുകളും നല്ല ദൃഢതയുള്ളതായിരിക്കും. ഇങ്ങനെയുള്ള മത്സ്യം നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.

മാത്സ്യ മാംസാദികൾ വാങ്ങുന്പോൾ പുതിയതാണോ എന്നു മനസ്സിലാക്കാൻ ഉതകുന്ന ഒരു പരിശോധനയാണ് finger pressure test. മാംസത്തിൽ വിരൽകൊണ്ട് അമർത്തി, വിരൽ മാറ്റുന്പോൾ അത് പൂർവ സ്ഥിതിയിലേക്ക് മടങ്ങി വരുകയാണെങ്കിൽ അത് പുതിയതാണ് എന്ന് അനുമാനിക്കാം.
ആഹാര സാധനങ്ങൾ എങ്ങനെ സൂക്ഷിക്കണം

കടയിൽ നിന്നു വാങ്ങിയ അരി, പരിപ്പു- പയർ പോലെയുള്ള സാധനങ്ങൾ കഴുകി ഉണങ്ങിയ അടപ്പുള്ള പാത്രങ്ങളിൽ സൂക്ഷിക്കുക.

കഴിവതും ഒരു മാസത്തേക്ക് മാത്രമുള്ള സാധനങ്ങൾ മാത്രം വാങ്ങി ശരിയായ രീതിയിൽ സൂക്ഷിക്കുന്പോൾ ആഹാരസാധനങ്ങളുടെ പുതുമ നിലനിർത്താൻ സഹായിക്കും.

പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ perishable foods ൽ ഉൾപ്പെടുന്നു. ഇത് ദിവസേനയോ ആഴ്ചയിലൊരിക്കലോ വാങ്ങാം. എപ്പോഴും നമ്മുടെ കാലാവസ്ഥയിൽ വളരുന്നതും നമ്മുടെ ദേശത്ത് കൃഷി ചെയ്യുന്നതുമായ പച്ചക്കറികളാണ് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. അതിന് താരതമ്യേന വിലക്കുറവും ആയിരിക്കും.

പച്ചക്കറികൾ , പഴവർഗങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. Cook ചെയ്ത ആഹാരസാധനങ്ങളുടെ അതേ തട്ടിൽ Cook ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും വെക്കാതിരിക്കുക.

ഫ്രിഡ്ജിന്റെ താപനില നാല് ഡിഗ്രി സെൽഷ്യസിന് താഴെ നിലനിർത്താൻ ശ്രദ്ധിക്കുക.
പാകം ചെയ്ത ആഹാര സാധനങ്ങൾ 60 ഡിഗ്രി സെൽഷ്യസിന് മുകളിലോ 10 ഡിഗ്രി സെൽഷ്യസിന് താഴെയോ സ്റ്റോർ ചെയ്യാൻ ശ്രദ്ധിക്കുക.

പാകം ചെയ്ത ആഹാര സാധനങ്ങൾ ആവശ്യത്തിലധികമുള്ളത് ഒരു മണിക്കൂറിനുള്ളിൽ വൃത്തിയുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം പിന്നെയും ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് അപകടകരമാണ്.
ഹോട്ടലുകളിലും വീടുകളിലും Fifo ( first come first out ) rule പാലിക്കുക. ആദ്യം വാങ്ങിയ സാധനം ആദ്യം ഉപയോഗിക്കുക.

ഭക്ഷണം പാകം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ വ്യക്തി ശുചിത്വം ഉറപ്പാക്കണം.
ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും സർക്കാർ നിർദേശിച്ച ആരോഗ്യ പരിശോധന നടത്തി സാംക്രമിക രോഗങ്ങളില്ലെന്ന് ഡോക്ടർ certify ചെയ്തിരിക്കണം.
6 മാസത്തിലൊരിക്കൽ മലം പരിശോധിക്കേണ്ടതും വിരശല്യമോ മറ്റ് രോഗങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

ഭക്ഷണം പാകം ചെയ്യുന്നതിനു മുന്പും ടോയ്്ലറ്റ് ഉപയോഗിച്ചതിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകേണ്ടതാണ്.

ചുമ, പനി, വ്രണങ്ങൾ എന്നിവയുണ്ടെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം ബാധിക്കുന്നത് തടയാനാകും
ഭക്ഷണം പാകം ചെയ്യുന്നതിന് മുന്പേ അടുക്കളയിലെ ടേബിൾ, കട്ടിംഗ് ബോർഡ്, കത്തി എന്നിവ നന്നായി വൃത്തിയാക്കണം.

ഭക്ഷണം പാകം ചെയ്തതിനു ശേഷവും ഉപയോഗിച്ച സാധനങ്ങൾ കഴുകി ഉണക്കി വെക്കേണ്ടതാണ്.
ഗർഭിണികൾ, ചെറിയ കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, കഴിവതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക.

കുട്ടികളെ ഭക്ഷണത്തിന് മുന്പ് നന്നായി കൈകഴുകാൻ ശീലിപ്പിക്കുക.

ഒരു പരിധിവരെ പല രോഗങ്ങളും തടയാൻ നമുക്കാകും. അതിനായുള്ള മാറ്റങ്ങൾ എപ്പോഴും സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

Latest