Connect with us

Articles

ഹിജാബ്: സ്ത്രീ സുരക്ഷയുടെ കവചം

ഹിജാബ് എന്ന പദത്തിനര്‍ഥം മറയെന്നാണ്. രാജ്യസുരക്ഷക്കായി അതിര്‍ത്തിയില്‍ വേലി കെട്ടിയും മതില്‍കെട്ടിയും നാം സുരക്ഷയൊരുക്കാറുണ്ട്. ഇതുപോലെ സ്ത്രീ സൗന്ദര്യത്തെ ചൂഷണം ചെയ്യുന്ന പുരുഷന്മാരുടെ കൈയേറ്റങ്ങള്‍ തടയാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണ മറയാണ് ഹിജാബ്. ഹിജാബ് എന്നത് തലയില്‍ തട്ടമിടല്‍ മാത്രമല്ല. രണ്ടുമൂന്ന് ഘട്ടങ്ങളായാണ് ഖുര്‍ആന്‍ ഹിജാബ് നടപ്പാക്കിയത്.

Published

|

Last Updated

സ്ത്രീ സമൂഹത്തിന്റെ അര്‍ധ ഭാഗമാണ്. ഭൂമിയില്‍ ഉണര്‍വും ഉന്മേഷവും ഉത്പാദിപ്പിക്കുന്നത് അവരാണ്. സ്ത്രീയുടെ അഭാവത്തില്‍ മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും ഒരു മൂകത തളംകെട്ടി നില്‍ക്കും. അതായിരുന്നു ഒറ്റക്ക് സ്വര്‍ഗത്തില്‍ താമസിച്ച ആദം നബി (അ) അനുഭവിച്ചത്. ഉമ്മയും ഭാര്യയും സഹോദരിമാരും പെണ്‍മക്കളുമില്ലാത്ത കുടുംബം തണുത്തുറഞ്ഞ് നില്‍ക്കും. അതെ, ഈ ഭൂമിയെ ചൂടുപിടിപ്പിക്കുന്നത് സ്ത്രീയാണ്.

പുരുഷന് സ്ത്രീയേക്കാള്‍ ചില കാര്യങ്ങളില്‍ കരുത്ത് കൂടുതലാണ്. കായിക ബലം, ധൈര്യം, ഉയര്‍ന്ന ചിന്താശേഷി, നിയന്ത്രണ ശേഷി തുടങ്ങി പലതിലും പുരുഷന്‍ മുമ്പിലാണ്. ഇതുകൊണ്ടാണ് സ്ത്രീയെ പുരുഷനൊപ്പമെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന ഈ കാലത്തും കായിക മത്സരങ്ങളിലൊന്നും സ്ത്രീയും പുരുഷനും പരസ്പരം ഏറ്റുമുട്ടാതിരിക്കുന്നത്. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍ തുടങ്ങി കബഡി, ഗുസ്തി, ക്രിക്കറ്റില്‍ വരെ സ്ത്രീയും സ്ത്രീയും തമ്മിലാണ് മത്സരം. സ്‌കൂള്‍തലത്തില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് മത്സരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ വരെ ഈ വിവേചനം കാണുന്നുണ്ട്. പല കാര്യത്തിലും സ്ത്രീ പുരുഷനെ അപേക്ഷിച്ച് ദുര്‍ബലയാണെന്ന സത്യം എല്ലാവരും അംഗീകരിക്കുന്നുവെന്നര്‍ഥം.
എന്നാല്‍ ചില കാര്യങ്ങളില്‍ പുരുഷന്റെ മുമ്പിലാണ് സ്ത്രീകള്‍. സ്‌നേഹം, കാരുണ്യം, ആര്‍ദ്രത, ദയ, സഹനം തുടങ്ങിയ നന്മകള്‍ സ്ത്രീകള്‍ക്ക് ലഭിച്ചയത്ര പുരുഷന്മാര്‍ക്ക് കിട്ടിയിട്ടില്ല. നിലവിലെ പ്രകൃതിയനുസരിച്ച് പത്ത് മാസം ഗര്‍ഭം ചുമന്ന് പ്രസവിച്ച് മുലയൂട്ടി ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കാനുള്ള ക്ഷമയും സഹന ശേഷിയും പുരുഷനില്ല. സ്ത്രീകളുടെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങിയാണ് കുട്ടികളും രോഗികളും വൃദ്ധരുമെല്ലാം ഇവിടെ ജീവിച്ചുപോകുന്നത്. ഈയൊരു പ്രകൃതിയില്‍ സ്ത്രീകളെ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിന്റെ വരദാനമാണ്.

സ്ത്രീയും പുരുഷനും ഇരുമ്പും കാന്തവും പോലെയാണ്. അവര്‍ പരസ്പരം ആകര്‍ഷിക്കും. അടുപ്പിച്ചുവെച്ചാല്‍ കൂട്ടിയുരസും. അതുകൊണ്ട് സംഭവിക്കുന്ന ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക സ്ത്രീകളായിരിക്കും. അതിനാല്‍ സ്ത്രീ സുരക്ഷക്ക് ഇസ്്ലാം തികഞ്ഞ ശ്രദ്ധയും ജാഗ്രതയും നിര്‍ദേശിക്കുന്നു. അര്‍ഹമായ പരിഗണനയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. തിരുനബി(സ) പറയുന്നു: “ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടാകുകയും അതിനെ കുഴിച്ച് മൂടാതെ അവഹേളിക്കാതെ, ആണ്‍കുഞ്ഞിന് കൂടുതല്‍ പരിഗണന കൊടുക്കാതെ പോറ്റിവളര്‍ത്തിയാല്‍ അവന് അല്ലാഹു സ്വര്‍ഗം നല്‍കും’.

അനസ്(റ) പറയുന്നു: പ്രവാചകരോടൊന്നിച്ച് നടന്നുപോകവേ ഒരു അനുചരന്‍ തന്റെ വീടിന് മുമ്പില്‍ വെച്ച് നബി(സ)യോട് കുശലാന്വേഷണം പറയാന്‍ തുടങ്ങി. തത്സമയം തന്റെ ഒരു മകന്‍ ഓടിവന്നു. ആ പിതാവ് മകനെയെടുത്ത് ഒരു ഉമ്മ കൊടുത്ത് മടിയിലിരുത്തി സംസാരം തുടര്‍ന്നു. ഉടനെ തന്റെ മകളും ഓടിവന്നു. മകളുടെ കൈ പിടിച്ച് ആ ഉപ്പ അവളെ തന്നോട് ചേര്‍ത്തിരുത്തി. ഈ രണ്ട് മക്കളോടും ആ പിതാവ് കാണിച്ച സ്‌നേഹവാത്സല്യങ്ങള്‍ നിരീക്ഷിച്ച് നബി(സ) പറഞ്ഞു: “താങ്കള്‍ ഈ രണ്ട് മക്കള്‍ക്കുമിടയില്‍ നീതി പാലിച്ചിട്ടില്ല. മകനെ എടുത്ത് ഉമ്മ കൊടുത്ത് മടിയിലിരുത്തിയപ്പോള്‍ അതേ സ്‌നേഹപ്രകടനം മകളോട് നീ കാണിച്ചിട്ടില്ല’. സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പരിഗണനക്ക് ഇതിലും വലിയ ഉദാഹരണം വേണമെന്ന് തോന്നുന്നില്ല.
പെണ്‍മക്കളുടെ മാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് സമൂഹം കാണിക്കേണ്ട ജാഗ്രതയെ കുറിച്ച് ഇസ്‌ലാം ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്, 60 ശതമാനം അതിക്രമങ്ങളും സ്വന്തം കുടുംബത്തില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ആണെന്നാണ്. ഇതുകൊണ്ടാണ് നബി(സ) പറഞ്ഞത്, “പത്ത് വയസ്സായാല്‍ നിങ്ങള്‍ കിടപ്പറയില്‍ അവരെ മാറ്റിക്കിടത്തുക’.

പത്ത് വയസ്സായ മകനും മകളും ഒരു ബെഡില്‍ ഉറങ്ങാന്‍ പാടില്ല. പത്ത് വയസ്സുള്ള മകളും പിതാവും ഒന്നിച്ച് കിടന്നുറങ്ങരുത്. പത്ത് വയസ്സായ മകനും മാതാവും ഒരുമിച്ച് കിടക്കരുത്. ചില ദുര്‍ബല നിമിഷങ്ങള്‍ നമ്മുടെ മക്കളുടെ ജീവിതം തകര്‍ത്തുകളയും. ഇത്തരം കേസുകള്‍ നാള്‍ക്കുനാള്‍ പെരുകിവരുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഹിജാബ്

ഹിജാബ് എന്ന പദത്തിനര്‍ഥം മറയെന്നാണ്. രാജ്യസുരക്ഷക്കായി അതിര്‍ത്തിയില്‍ വേലി കെട്ടിയും മതില്‍കെട്ടിയും നാം സുരക്ഷയൊരുക്കാറുണ്ട്. ഇതുപോലെ സ്ത്രീ സൗന്ദര്യത്തെ ചൂഷണം ചെയ്യുന്ന പുരുഷന്മാരുടെ കൈയേറ്റങ്ങള്‍ തടയാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണ മറയാണ് ഹിജാബ്. ഹിജാബ് എന്നത് തലയില്‍ തട്ടമിടല്‍ മാത്രമല്ല. രണ്ടുമൂന്ന് ഘട്ടങ്ങളായാണ് ഖുര്‍ആന്‍ ഹിജാബ് നടപ്പാക്കിയത്. അതിലൊന്ന് സൂറത്തുല്‍ അഹ്‌സാബിലെ മുപ്പത്തിമൂന്നാം സൂക്തത്തിലെ കല്‍പ്പനയാണ്. “നിങ്ങള്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. അജ്ഞാനകാല സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയത് പോലെ നിങ്ങള്‍ ഇറങ്ങരുത്’. അനാവശ്യമായി സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് സുരക്ഷാ കാരണത്താല്‍ അല്ലാഹു വിലക്കുകയാണ്. സ്ത്രീപ്രകൃതി തേടുന്നതും വീട് കേന്ദ്രീകരിച്ച് പുതിയ തലമുറക്ക് അച്ചടക്കവും അറിവും നല്‍കി നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സേവനമാണ്. അറിവ് പഠിക്കുക, ചികിത്സ തേടുക, അനിവാര്യഘട്ടത്തില്‍ തൊഴില്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണം സ്ത്രീ പുറത്തിറങ്ങേണ്ടത്. അതുതന്നെ തന്റെ ഗ്രാമം വിട്ടുപോകുമ്പോള്‍ ഒരു മഹ്‌റമോ (വൈവാഹിക ബന്ധം നിഷിദ്ധമായവര്‍) ഒന്നിലധികം സ്ത്രീകളോ കൂടെ ഉണ്ടാകണമെന്ന നിയമവുമുണ്ട്. ഇതെല്ലാം സ്ത്രീകളുടെ സുരക്ഷയിലുള്ള ശ്രദ്ധയും കരുതലുമാണെന്ന് പറയേണ്ടതില്ലല്ലോ. താരസംഘടനയായ അമ്മ നടിമാരോടായി ഈയിടെ നല്‍കിയ നിര്‍ദേശവും ഇതു തന്നെയായിരുന്നു. “ഒറ്റക്ക് ആരും പുറത്തേക്ക് യാത്ര ചെയ്യരുത്’ എന്നായിരുന്നു ആ നിര്‍ദേശം.
രണ്ടാമതായി ഹിജാബിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് പുറത്തുപോകുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ്. “നബിയേ, വിശ്വാസികളായ സ്ത്രീകളോട് പറയുക, അവര്‍ കണ്ണുകള്‍ അടക്കട്ടെ (അന്യപുരുഷനെ നോക്കി ആസ്വദിക്കരുത്). അവരുടെ ലൈംഗികാവയവും സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ ഭംഗിയില്‍ നിന്ന് വെളിവായ (വസ്ത്രഭംഗി)തല്ലാതെ അവര്‍ പുറത്തുകാണിക്കരുത്. അവരുടെ മുഖമക്കന മാറിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ'(അന്നൂര്‍ 31)
പുറത്തിറങ്ങുമ്പോള്‍ അന്യപുരുഷന്മാരെ കാണേണ്ടി വന്നാല്‍ കണ്ണ് നിയന്ത്രിക്കുകയും തന്റെ ശരീരം മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശനവസ്തു ആക്കാതിരിക്കുകയും ചെയ്യുകവഴി സ്ത്രീകളുടെ മാന്യത കാത്തുസൂക്ഷിക്കാനുള്ളതാണ് ഈ ഹിജാബ് നിയമം.

പര്‍ദ

ഹിജാബിന്റെ ഭാഗമായുള്ള മറ്റൊരു കല്‍പ്പന സുറത്തുല്‍ അഹ്‌സാബിലെ 59ാം സൂക്തത്തിലുള്ളതാണ്. “ഓ നബിയേ, അങ്ങയുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അവിടുന്ന് പറയുക, അവരുടെ വസ്ത്രം മുഖത്തേക്ക് താഴ്ത്തിയിടട്ടെ. ഇത് അവരെ തിരിച്ചറിയാനും അതുവഴി പീഡിപ്പിക്കപ്പെടാതാരിക്കാനുമാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്’.
സ്ത്രീശരീരമാണ് ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത്. തീപ്പെട്ടി മുതല്‍ കോടികള്‍ വിലപിടിപ്പുള്ള ഉത്പന്നങ്ങള്‍ വരെ വിറ്റഴിക്കണമെങ്കില്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന സ്ഥിതിയാണിന്ന്. നല്ല സൗന്ദര്യമുള്ളവരെയും അത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറുള്ളവരെയും കൂടുതലായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. ഈ സ്ത്രീ ചൂഷണത്തെയാണ് ഇസ്‌ലാം തടയിടുന്നത്. അതുവഴി അവളുടെ മാനവും പദവിയും സംരക്ഷിക്കുകയും പുരുഷന്റെ കാമാര്‍ത്തിയില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ പല തരക്കാരുമുണ്ടാകും. അനിയന്ത്രിത കാമാര്‍ത്തിയുള്ളവരും മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് അടിപ്പെട്ട് സ്വബോധമില്ലാത്തവരും നിരന്തരം നീലചിത്രങ്ങളും മറ്റും കണ്ട് കാമാര്‍ത്തിപൂണ്ടവരുമൊക്കെ തെരുവില്‍ അലയുന്നുണ്ടാകും. ഇത്തരക്കാരുടെ മുമ്പില്‍ സ്ത്രീ അവളുടെ നഗ്നത പ്രദര്‍ശിപ്പിച്ച്, ശരീരവടിവുകള്‍ എടുത്തുകാണിക്കുന്ന വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരണമാണ് നമ്മുടെ ഇന്ത്യ. തെരുവില്‍ വെച്ചും ബസ്, ട്രെയിന്‍ തുടങ്ങിയ വാഹനങ്ങളില്‍ വെച്ചും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ് ഇന്ത്യയില്‍. പര്‍ദ ഒരളവോളം ഇത്തരക്കാരുടെ കൈയേറ്റങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്നുവെന്നാണ് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്.