Connect with us

Kerala

അരിക്കൊമ്പനെ മാറ്റാന്‍ മറ്റിടങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി; പറമ്പിക്കുളത്തുകാര്‍ക്ക് താത്ക്കാലിക ആശ്വാസം

എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, മാറ്റാനുള്ള തീരുമാനം നടപ്പിലാക്കണം.അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് ഒരാഴ്ച സമയം.

Published

|

Last Updated

കൊച്ചി | അരിക്കൊമ്പന്‍ വിഷയത്തില്‍ പറമ്പിക്കുളത്തുകാര്‍ക്ക് താത്ക്കാലിക ആശ്വാസം. അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളം അല്ലാത്ത സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. എന്നാല്‍, മാറ്റാനുള്ള തീരുമാനം നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഒരാഴ്ച സമയം നല്‍കി. ഒരാഴ്ചക്കകം തീരുമാനമായില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാം. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണം. കേസ് ഈമാസം 19ന് വീണ്ടും പരിഗണിക്കും.

വിദഗ്ധാഭിപ്രായം കേട്ടാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ആനത്താരകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് പട്ടയം നല്‍കിയെന്നത് യാഥാര്‍ഥ്യമാണ്.

ആവാസ വ്യവസ്ഥ തകര്‍ന്നതു മൂലമാണ് ആനകള്‍ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. ആനയെ പിടികൂടി കൂട്ടിലടക്കുന്നത് പരിഹാരമല്ല. ആനയെ പിടിക്കുന്നത് എളുപ്പമാണ്. എന്നാല്‍, പിടിക്കുന്ന ആനയുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ പിടിച്ചാലും വേറെയും കൊമ്പന്മാരുണ്ടെന്നും കോടതി പറഞ്ഞു.

‘ദിസ് വെക്കേഷന്‍ വിത്ത് അരിക്കൊമ്പന്‍’ എന്ന പരാമര്‍ശവും കോടതി നടത്തി. വെക്കേഷന്‍ കാലത്തും അരിക്കൊമ്പന്‍ വിഷയം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

 

Latest