Connect with us

Kerala

ഡോ. കെ എസ് അനില്‍കുമാറിൻ്റെ സസ്പെൻഷൻ നീക്കി ഹൈക്കോടതി; കേരള സര്‍വകലാശാല രജിസ്ട്രാറായി തുടരാം

എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാം

Published

|

Last Updated

കൊച്ചി | ഭാരതാംബ വിവാദത്തിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനില്‍കുമാറിന് തൽസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. സസ്‌പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഹെെക്കോടതിയുടെ നടപടി. ഹരജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിന്‍റെ ആവശ്യം ഹെെക്കോടതി അംഗീകരിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി. വെെസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന് സർവകലാശാല ഹെെക്കോടതിയെ അറിയിച്ചു. വെെസ് ചാൻസലർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്ന് ഹെെക്കോടതി നിരീക്ഷിച്ചു.

അതിനിടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് നല്‍കി.

Latest