Kerala
നിലമ്പൂര്‍ വിജയത്തിലെ ക്രെഡിറ്റ് തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്; നേതാക്കളുമായി ചര്‍ച്ച നടത്തി
. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് പ്രശ്‌നപരിഹാരത്തിനായി നേതാക്കളുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ക്രെഡിറ്റ് തര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് പ്രശ്‌നപരിഹാരത്തിനായി നേതാക്കളുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,രമേശ് ചൈന്നിത്തല എന്നിവരുമായി കെപിസിസി ആസ്ഥാനത്തായിരുന്നു ചര്‍ച്ച.രാഷ്ട്രീയകാര്യ സമതി ചേരുന്നതിന് മുന്‍പായിരുന്നു നേതാക്കളുമായുള്ള ചര്‍ച്ച
ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തര്‍ക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തര്‍ക്കം മാറ്റി വച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ പൊതുവികാരം. തുടര്‍ ജയങ്ങള്‍ക്ക് പാര്‍ട്ടി ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, കെപിസിസി രാഷ്ട്രീയ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സണ്ണി ജോസഫ് അധ്യക്ഷനായ ശേഷം ചേരുന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണിത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ച ചെയ്യും.
താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനുള്ള പ്രതികരണമായാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് കോണ്‍ഗ്രസിനുള്ളിലെ ക്യാപ്റ്റന്‍സി തര്‍ക്കം മുറുകുന്നത്.