Kerala
കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നു; മലമ്പുഴ, ബാണാസുര ഡാമുകള്‍ തുറന്നു
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല്‍ സ്പില്‍ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും

കൊച്ചി | കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ആദ്യം തുറന്നത്. രാവിലെ പത്ത് പതിനഞ്ചോടെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാവിലെ 10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍. ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു
അതേ സമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല്‍ സ്പില്‍ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.