First Gear
ഹീറോ ഇലക്ട്രിക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡ്
കമ്പനിക്ക് രാജ്യവ്യാപകമായി 2,000ത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.
ന്യൂഡല്‍ഹി| രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഗ്രീന്‍ എനര്‍ജി ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ ക്ലയന്റുകളുടെ ഗവേഷണ, ഉപദേശക സേവനങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ബോട്ടിക് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ജെഎംകെ റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്‌സിന്റെ അഭിപ്രായത്തില്‍, 36 ശതമാനം വലിയ വിപണി വിഹിതത്തോടെ, ഹീറോ ഇലക്ട്രിക് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹന ഇവി ബ്രാന്‍ഡാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ 65,000ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ഹീറോ ഇലക്ട്രിക്കിന് കഴിഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ഈ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്യുന്ന അനുകൂല ഇവി നയങ്ങളായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം കുതിച്ചുയരുന്ന ഇന്ധന വില ഈ സാഹചര്യത്തില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍, കമ്പനിക്ക് രാജ്യവ്യാപകമായി 2,000ത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.
2025ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന വിപുലീകരണ പദ്ധതികള്‍ ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ ഇലക്ട്രിക് കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ മുന്‍പന്തിയിലാണ്. കമ്പനിയെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളില്‍ ഒന്നാക്കി ഇത് മാറ്റുകയും ചെയ്യുന്നു. കമ്പനിക്ക് 4,00,000 സന്തുഷ്ട ഉപഭോക്താക്കളുടെ അടിത്തറയും 700-ലധികം ഡീലര്‍ഷിപ്പുകളുടെ ശൃംഖലയും ഉണ്ട്.
പഞ്ചാബിലെ ലുധിയാനയിലാണ് കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും ഓല ഇലക്ട്രിക്, ഹീറോ മോട്ടോകോര്‍പ്പ്, ഏഥര്‍ എനര്‍ജി, ഒഖിനാവ, സിമ്പിള്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളും ഹീറോ ഇലക്ട്രിക്കിനൊപ്പമുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യവസായത്തിലെ വളര്‍ന്നുവരുന്ന താരങ്ങളിലൊന്നായ ഓല ഇലക്ട്രിക്, അവരുടെ മുന്‍നിര മോഡലുകളായ എസ്1, എസ്1 പ്രോ എന്നിവ പുറത്തിറക്കി. ഇത് രാജ്യത്ത് ചുരുങ്ങിയ സമയംകൊണ്ട് ഹിറ്റായി മാറുകയും ഒരു ദശലക്ഷത്തിലധികം റിസര്‍വേഷനുകള്‍ നേടുകയും ചെയ്തു.
ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്ന് ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡാണ്. ഒഖിനാവ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ്. 550-ലധികം ഡീലര്‍ ശൃംഖലയും അതിന്റെ ശ്രേണിയില്‍ 7 മോഡലുകളുമുണ്ട്.



