Kerala
സംസ്ഥാനത്ത് പെരുമഴ: മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്; അതീവ ജാഗ്രതാ നിർദേശം
രണ്ട് ജില്ലകളിലൊഴികെ റെഡ്, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. റെഡ് അലർട്ട് നിലനിൽക്കുന്ന എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ മിക്കയിടങ്ങളും വെള്ളക്കെട്ടിലായി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലും പെരുമഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളുലുള്ളവരും നദിക്കരയിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലും റിപോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ടാൽ മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു.
എട്ട് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്, നാളെയും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.