National
ഡെറാഡൂണില്‍ കനത്ത മഴ, മേഘവിസ്ഫോടനം; മിന്നല്‍പ്രളയം, രണ്ടുപേരെ കാണാതായി
സാഹസ്ത്രധാരയിലും തംസ നദിയിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ന്യൂഡല്‍ഹി|ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ശക്തമായ മഴയെത്തുടര്‍ന്ന് വീണ്ടും മേഘവിസ്ഫോടനം. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കാരണം വീടുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകളുണ്ടായി. വാഹനങ്ങളും കടകളും ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേരെ കാണാതായതായും വിവരമുണ്ട്.
സാഹസ്ത്രധാരയിലും തംസ നദിയിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ടപ്കേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ പരിസരം വെള്ളത്തിനടിയിലായി. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രണ്ട് പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂണ്‍, ചമ്പാവത്, ബാഗേശ്വര്‍, നൈനിറ്റാള്‍ എന്നീ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.