Uae
യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; അബൂദബിയിലും ദുബൈയിലും മുന്നറിയിപ്പ്
അബൂദബിയിലും ദുബൈയിലും റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
അബൂദബി | അബൂദബിയിലും ദുബൈയിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറഞ്ഞു.
അല്‍ ദഫ്‌റ മേഖലയിലെ അല്‍ ഹംറ പാലം മുതല്‍ മഹ്മിയ്യത്ത് അല്‍ സുഖൂര്‍ വരെയുള്ള ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമാണ് മൂടല്‍മഞ്ഞ് റിപോര്‍ട്ട് ചെയ്തത്. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിരുന്നു.
അസ്ഥിര കാലാവസ്ഥയില്‍ വേഗപരിധി ലംഘിച്ചാല്‍ കര്‍ശന നടപടിയാണ് ഉണ്ടാവുക. 20 കിലോമീറ്റര്‍ വരെ അധിക വേഗത്തിന് 300 ദിര്‍ഹമാണ് പിഴ. 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലായാല്‍ 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. നിര്‍ത്തിയിടുമ്പോഴോ തകരാറിലാകുമ്പോഴോ അല്ലാതെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലൈന്‍ മാറിയാല്‍ 400 ദിര്‍ഹമാണ് പിഴ. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും അപകട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.




