From the print
ഹെഡ് ബ്ലാസ്റ്റര്‍
ഐ പി എല്ലിലെ റെക്കോര്‍ഡ് സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആര്‍ സി ബി ക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 25 റണ്‍സ് ജയം.
ബെംഗളൂരു | ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിക്ക് ദിനേശ് കാര്‍ത്തിക്കിലൂടെയും ഫാഫ് ഡുപ്ലെസിയിലൂടെയും തിരിച്ചടി നല്‍കിയെങ്കിലും ബെംഗളൂരുവിന് ജയിക്കാനായില്ല. ഐ പി എല്ലിലെ റെക്കോര്‍ഡ് സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആര്‍ സി ബി ക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 25 റണ്‍സ് ജയം. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ മൂന്നിന് 287. ബെംഗളൂരു 20 ഓവറില്‍ ഏഴിന് 262. മത്സരത്തില്‍ ആകെ 38 സിക്‌സുകളാണ് പിറന്നത്.
ബെംഗളൂരുവിനായി ദിനേശ് കാര്‍ത്തിക്കും (35 പന്തില്‍ 83), ഫാഫ് ഡുപ്ലെസിയും (28 പന്തില്‍ 62) വിരാട് കോലിയും (20 പന്തില്‍ 42), അനൂജ് റാവതും (14 പന്തില്‍ പുറത്താകാതെ 25) തകര്‍ത്തടിച്ചെങ്കിലും 25 റണ്‍സ് അകലെ വീണു. ഏഴ് സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിംഗ്സ്. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നും മായങ്ക് മാര്‍ക്കണ്ഡെ രണ്ടും വിക്കറ്റെടുത്തു.
41 പന്തില്‍ 102 റണ്‍സാണ് ട്രാവിസ് ഹെഡ് വാരിക്കൂട്ടിയത്. ഒമ്പത് ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്. ഹെന്റിച് ക്ലാസ്സന്‍ (31 പന്തില്‍ 67), അഭിഷേക് ശര്‍മ (22 പന്തില്‍ 34), എയ്ഡന്‍ മാര്‍ക്രം (17 പന്തില്‍ 32 നോട്ടൗട്ട്), അബ്ദുസ്സമദ് (പത്ത് പന്തില്‍ 37 നോട്ടൗട്ട്) എന്നിവരും തകര്‍ത്തടിച്ചതോടെയാണ് ഹൈദരാബാദ് സ്‌കോര്‍ കുതിച്ചുപാഞ്ഞത്. ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ക്ലാസ്സന്റെ ഇന്നിംഗ്സ്. ആകെ 22 സിക്സുകളാണ് ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ബെംഗളൂരു പേസര്‍ റീസ് ടോപ്്ലി നാല് ഓവറില്‍ 68 റണ്‍സ് വഴങ്ങി.