Connect with us

Ramzan

പലഹാര പാത്രത്തിൽ പാറിക്കളിക്കുന്ന കൈകൾ

നമ്മൾ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്കും കിട്ടണം, നമുക്ക് ഇല്ലെങ്കിലും അവർക്കത് ലഭിക്കട്ടെ, എന്നെക്കാൾ അവരാണതിന് അർഹർ തുടങ്ങിയ വിശാലമായ ചിന്തകളും പരോപകാര മനസ്സും ആർജിച്ചെടുക്കേണ്ട സ്വഭാവങ്ങളാണ്.

Published

|

Last Updated

നിങ്ങൾക്ക് മുമ്പിൽ ഒരുക്കിവെച്ചിരിക്കുന്നത് നാല് പേർക്ക് കഴിക്കാനുള്ള പലഹാര പാത്രമാണ്. കൂട്ടത്തിലൊരാൾ അതിലെ വലിയ കഷ്ണങ്ങൾ മാത്രം തിരഞ്ഞെടുത്ത് കഴിക്കുന്നുവെങ്കിൽ എന്ത് തോന്നും. തത്കാലം ഒന്നും തോന്നേണ്ട. ഒരു കാര്യം മനസ്സിലാക്കുക.- നിങ്ങൾ സഭാ മര്യാദയില്ലാതെ പെരുമാറുന്നപക്ഷം സമീപത്തിരിക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ തോന്നാനിടയുണ്ട്.
കൂട്ടമായി തിന്നുമ്പോൾ എണ്ണം കുറവുള്ളതിലേക്കും വലിപ്പം കൂടുതലുള്ളതിലേക്കും മാത്രം കൈകൾ നീളാതെ നോക്കുക. അത് മറ്റുള്ളവർ തീറ്റക്കൊതിയനായി വിലയിരുത്തുമെന്ന് പേടിച്ചിട്ടല്ല. കൂടെയുള്ളവർ അതെടുത്തോട്ടെ എനിക്കതല്ലാത്തത് മതി എന്ന സദുദ്ദേശ്യത്തോടെയായിരിക്കണം. അത് നല്ല സ്വഭാവമാണ്. ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ നമ്മെക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകൽ അല്ലാഹു ഖുർആനിലൂടെ പ്രശംസിച്ച ശീലമാണ്.
വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത സ്വഹാബി (നബിയുടെ അനുചരർ)മാരെ ഹൃദ്യമായി സ്വീകരിക്കുകയും എല്ലാവിധ സഹായങ്ങൾ നൽകുകയും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തവരെ ഖുർആൻ വിശേഷിപ്പിച്ചത് സ്വന്തമായി ദാരിദ്ര്യവും ആവശ്യങ്ങളും ഉണ്ടായിട്ടും സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകിയവർ എന്നാണ്.

യമനിലെ അശ്അരി ഗോത്രക്കാരെ നബി വല്ലാതെ പ്രശംസിച്ചതായി ഹദീസിൽ കാണാം. അവർ എന്നിൽ പെട്ടവരാണ്, ഞാൻ അവരിൽ പെട്ടവനാണ് എന്നുവരെ അവിടുന്ന് പറയുന്നുണ്ട്. അവരുടെ പ്രത്യേകതയും അവിടെ വിശദീകരിക്കുന്നുണ്ട്. യാത്രാവേളയിൽ അവർ കരുതിയ ഭക്ഷണം തീർന്നുപോവുകയോ കുറഞ്ഞുപോവുകയോ ചെയ്താൽ ഭക്ഷ്യവസ്തുക്കൾ കൈവശമുള്ളവരെല്ലാം അവ ഒരുമിച്ച് കൂട്ടും. ശേഷം എല്ലാവരും അതിൽ നിന്ന് തുല്യമായി പങ്കിട്ടെടുക്കുകയും ചെയ്യും.
ഇങ്ങനെ ചെയ്യുന്പോൾ ഭക്ഷണ വസ്തുക്കൾ തീരെ കൈവശമില്ലാത്തവർക്കും കുറച്ചുമാത്രമുള്ളവർക്കും ഗുണകരമായിരിക്കാം. പക്ഷേ, സ്വന്തമായി കൂടുതൽ സൂക്ഷിക്കുന്നവർക്ക് പലപ്പോഴും കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ. എങ്കിലും അവരുടെ വിഹിതത്തിൽ നിന്ന് ഇല്ലാത്തവർക്ക് കിട്ടുന്നതിലാണ് അവർ സന്തോഷം കണ്ടെത്തിയത്. അതുകൊണ്ടാണ് നബി(സ)യുടെ പ്രശംസ പിടിച്ചുപറ്റിയതും.

നമ്മൾ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്കും കിട്ടണം, നമുക്ക് ഇല്ലെങ്കിലും അവർക്കത് ലഭിക്കട്ടെ, എന്നെക്കാൾ അവരാണതിന് അർഹർ തുടങ്ങിയ വിശാലമായ ചിന്തകളും പരോപകാര മനസ്സും ആർജിച്ചെടുക്കേണ്ട സ്വഭാവങ്ങളാണ്. നമുക്ക് താത്പര്യമുണ്ടെങ്കിൽ പോലും അത് മറ്റുള്ളവർക്ക് ലഭിക്കുന്നതിൽ യാതൊരു മനസ്സങ്കോചവും താത്പര്യക്കുറവും ഉണ്ടാകാൻ പാടില്ല.
ഒരാൾ നബി(സ)യോട് ചോദിച്ചു: നബിയേ ഏത് ദാനത്തിനാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുക. അവിടുന്ന് പറഞ്ഞു. നിനക്ക് പണത്തിനോട് മോഹം ഉണ്ടായിരിക്കലോട് കൂടെയും ദാരിദ്ര്യത്തെ ഭയപ്പെടുകയും സാന്പത്തിക ഐശ്വര്യം ആഗ്രഹിക്കുകയും ചെയ്യുന്ന സന്ദർഭത്തിലും സന്പത്ത് വിനിയോഗിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുക.
ഈ സാഹചര്യങ്ങളിൽ ചെയ്യുന്ന ദാനധർമങ്ങളുടെ മഹത്വം വർധിക്കാനുള്ള കാരണവും സ്വന്തം ആവശ്യത്തിനും താത്പര്യങ്ങൾക്കും പരിഗണന കൊടുക്കുന്നതിനെക്കാൾ കൂടുതൽ മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടറിയുന്നുവെന്നതാണ്.

Latest