Ongoing News
ഹജ്ജ്-2026: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി സഊദി മന്ത്രി കൂടിക്കാഴ്ച നടത്തി
ജനുവരി നാലിനകം ക്യാമ്പ് സര്‍വീസ് കരാറുകളും ഫെബ്രുവരി ഒന്നിനകം മക്കയിലും മദീനയിലും താമസ കരാറുകളും അന്തിമമാക്കും.
മക്ക | 2026 ലെ ഹജ്ജ് സീസണിനായുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനും തീര്‍ഥാടകരെ സേവിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഹജ്ജ് ഓഫീസ് മേധാവികള്‍ എന്നിവരുമായി സഊദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയ കൂടിക്കാഴ്ച നടത്തി.
ഹജ്ജ് 2025 സീസണിന്റെ വിജയം ഉറപ്പാക്കുന്നതില്‍ ഹജ്ജ് ഓഫീസുകള്‍ നടത്തിയ ശ്രമങ്ങള്‍ക്കും സഹകരണത്തിനും മന്ത്രി നന്ദി പറഞ്ഞു. കരാറുകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും തീര്‍ഥാടകര്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 2026 ജനുവരി നാലിനു മുമ്പ് കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ജനുവരി നാലിനകം ക്യാമ്പ് സര്‍വീസ് കരാറുകളും ഫെബ്രുവരി ഒന്നിനകം മക്കയിലും മദീനയിലും താമസ കരാറുകളും അന്തിമമാക്കും. മാര്‍ച്ച് 20-ന് മുമ്പ് ഹജ്ജ് വിസകള്‍ ഇഷ്യൂ ചെയ്യുന്നതിനായി സമര്‍പ്പിക്കുക, ആ തീയതിക്കപ്പുറം യാതൊരു നീട്ടലുകളും ഇല്ലാതെ, അനധികൃത ഹജ്ജ് തടയുന്നതിന് പൊതുജന അവബോധം വളര്‍ത്തുക, തീര്‍ഥാടകരെ ചൂഷണത്തില്‍ നിന്നോ തെറ്റായ വിവരങ്ങളില്‍ നിന്നോ സംരക്ഷിക്കുന്നതിന് മന്ത്രാലയങ്ങളുമായും ഹജ്ജ് ഓഫീസുകളുമായും സഹകരിച്ച് ബോധവത്ക്കരണ കാമ്പയിനുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. മസാര്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള സ്ഥിരീകരണത്തോടെ, വിസ ഇഷ്യൂ ചെയ്യുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിമൃഗങ്ങള്‍ക്കുള്ള എല്ലാ പേയ്മെന്റുകളും ഔദ്യോഗിക ഹജ്ജ് ഓഫീസുകള്‍ വഴിയും ഹാദി, അദാഹി എന്നിവയുടെ ഉപയോഗത്തിനായി സഊദി പ്രോജക്ട് വഴിയും മാത്രമാക്കുകയും അനധികൃത സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം, ഈ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിന് നുസുക് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹജ്ജ് കോണ്‍ഫറന്‍സിന്റെയും എക്‌സിബിഷന്റെയും അഞ്ചാം പതിപ്പിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. നൂറിലധികം മന്ത്രിമാര്‍, ഗ്രാന്‍ഡ് മുഫ്തിമാര്‍, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് ഓഫീസ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.




