Ongoing News
ഹജ്ജ് 2026: ഒരുക്കങ്ങള്‍ ഊര്‍ജിതം; ഇറാന്‍, ഇന്തോനേഷ്യ, ഈജിപ്ത് പ്രതിനിധികളുമായി സഊദി ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തി
സഊദിയിലെയും ഇന്തോനേഷ്യയിലെയും മന്ത്രിമാര്‍ ഹജ്ജ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സഹകരണവും ഏകോപനവും അവലോകനം ചെയ്തു.
റിയാദ് | വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് പ്രമുഖ വിദേശ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി ജിദ്ദയില്‍ വെച്ച് പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി. ഇന്ന് നടന്ന ചര്‍ച്ചകളില്‍ ഇറാന്റെ ഹജ്ജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ തലവന്‍ അലിറേസ റഷീദിയന്‍, ഇന്തോനേഷ്യന്‍ ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് ഇര്‍ഫാന്‍ യൂസഫ് എന്നിവരുമായി അദ്ദേഹം വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി.
ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനപരമായും ഹജ്ജ് ചടങ്ങുകള്‍ നിര്‍വഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രിന്‍സ് അബ്ദുല്‍ അസീസ് കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. സഊദിയിലെയും ഇന്തോനേഷ്യയിലെയും മന്ത്രിമാര്‍ ഹജ്ജ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സഹകരണവും ഏകോപനവും അവലോകനം ചെയ്യുകയും പരസ്പര താത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഈജിപ്തിന്റെ ഹജ്ജ് കാര്യ ഓഫീസ് മേധാവി അഷ്‌റഫ് അബ്ദുല്‍ മുത്വിയുമായും സഊദി ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തി. ഈജിപ്തില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വാഗതം ചെയ്ത അദ്ദേഹം, അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഹജ്ജ് ഒരുക്കങ്ങളില്‍ സഊദി ഭരണകൂടം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ അഷ്‌റഫ് അബ്ദുല്‍ മുത്വി പ്രശംസിച്ചു. ഇത്തവണ ഈജിപ്തിന് 90,000 തീര്‍ഥാടകരുടെ ക്വാട്ടയാണ് അനുവദിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹജ്ജ് ക്വാട്ടയുള്ള രാജ്യമായി ഇന്തോനേഷ്യ തുടരുകയാണ്.
2,21,000 തീര്‍ഥാടകരാണ് ഇത്തവണ ഇന്തോനേഷ്യയില്‍ നിന്നും എത്തുന്നത്. ഇതില്‍ 2,03,000-ലധികം സാധാരണ തീര്‍ഥാടകരും 18,000-ത്തോളം പ്രത്യേക വിഭാഗത്തില്‍ പെട്ടവരും ഉള്‍പ്പെടുന്നുവെന്ന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ നുസുക് മസാര്‍ പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. തീര്‍ഥാടകരെ എത്തിക്കുന്നതിനായി 548 പ്രത്യേക വിമാന സര്‍വീസുകളാണ് ഇന്തോനേഷ്യ സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം, ഇറാന് ഇത്തവണ 87,550 തീര്‍ഥാടകരുടെ ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനുവദിച്ച ക്വാട്ടയുടെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇത്തവണ ഉപയോഗപ്പെടുത്തുന്നുള്ളൂ. എയര്‍ ആക്സസ് പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് സഊദി അറേബ്യയുടെ ക്രൗഡ് മാനേജ്മെന്റ് നിയമങ്ങള്‍ക്ക് വിധേയമായി 30,000 ഓളം ഇറാനിയന്‍ തീര്‍ഥാടകര്‍ നേരിട്ടുള്ള വിമാനങ്ങളില്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 76,000 ഇറാന്‍ പൗരന്മാരായിരുന്നു ഹജ്ജ് നിര്‍വഹിക്കാനായി സഊദിയില്‍ എത്തിയിരുന്നത്. തീര്‍ഥാടകര്‍ക്കായി സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ള വിപുലമായ സജ്ജീകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇറാന്‍ പ്രതിനിധി അലിറേസ റഷീദിയന്‍ നന്ദി അറിയിച്ചു.







