From the print
ഹജ്ജ് 2026: വിമാനങ്ങൾ ഏപ്രിൽ 18 മുതൽ രണ്ട് ഘട്ടങ്ങളിലായി
20 ദിവസത്തെ പാക്കേജിൽ മദീനയിൽ രണ്ടോ മൂന്നോ ദിവസം മാത്രം

കോഴിക്കോട് | ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അടുത്ത ഹജ്ജിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം 2026 ഏപ്രിൽ 18ന്. മെയ് 19 വരെയായിരിക്കും സർവീസുകൾ. സഊദിയിൽ നിന്ന് ഹജ്ജ് കഴിഞ്ഞ് ഹാജിമാരുമായി ആദ്യ വിമാനം ജൂൺ ഒന്നിന് ഇന്ത്യയിൽ തിരിച്ചെത്തും. ജൂൺ 30 വരെയായിരിക്കും സർവീസ്. 2026 ഹജ്ജ് മാർഗനിർദേശങ്ങളിലാണ് അടുത്ത വർഷത്തെ ഹജ്ജ് വിമാന സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ. എന്നാൽ വിമാന സർവീസ് തീയതികളിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ. ആദ്യ ലാപ്പിൽ തീർഥാടകരുമായി മദീനയിലേക്കും രണ്ടാം ഘട്ടത്തിൽ ജിദ്ദയിലേക്കുമായിരിക്കും വിമാന സർവീസ്.
എയർലൈൻസുകൾ, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എന്നിവയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഇന്ത്യയിലെ വിവിധ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുക. തിരിച്ചുവരുമ്പോൾ തീർഥാടകരുടെ ബാഗേജുകൾ 36 മുതൽ 48 മണിക്കൂറിനുള്ളിൽ അവർ താമസിക്കുന്ന കെട്ടിടങ്ങളിലെത്തി സമാഹരിക്കും. 35 മുതൽ 45 ദിവസം വരെയായിരിക്കും ഹാജിമാർക്ക് സഊദിയിൽ തങ്ങാനുള്ള സമയപരിധി. എന്നാൽ വിമാനക്കമ്പനികളുടെയും സഊദി വ്യോമയാന മന്ത്രാലയ അധികൃതരുടെയും ഷെഡ്യൂളിനനുസരിച്ച് ദിവസങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടാകാനുമിടയുണ്ട്. വിമാനക്കമ്പനികളിൽ നിന്ന് ടെൻഡർ വിളിച്ച് അത് അംഗീകരിച്ച ശേഷം മാത്രമായിരിക്കും ഓരോ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നും ഏത് വിമാനക്കമ്പനികൾ സർവീസ് നടത്തും എന്നതിൽ തീരുമാനത്തിലെത്തുക.
അടുത്ത ഹജ്ജിന് പുതുതായി നടപ്പാക്കുന്ന 20 ദിവസത്തെ പാക്കേജിൽ മദീനയിൽ രണ്ടോ മൂന്നോ ദിവസമാണ് അനുവദിക്കുക. പ്രവാസികൾക്കും പ്രൊഫഷനലുകൾക്കും അസുഖബാധിതർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ പാക്കേജിൽ ഇന്ത്യയിൽ മൊത്തമായി 10,000 സീറ്റുകളാണ് മാറ്റിവെച്ചിട്ടുള്ളത്. അപേക്ഷകർ ഇതിൽ കൂടുകയാണെങ്കിൽ നറുക്കെടുപ്പ് നടത്തി ബാക്കിയുള്ളവരെ വെയ്റ്റിംഗ് ലിസ്റ്റിലിടും. സാധാരണ പാക്കേജിനേക്കാളും 20 ദിവസത്തെ പാക്കേജിൽ ചെലവ് കൂടും. ഹജ്ജ് അപേക്ഷ നൽകിയ ശേഷം ഹജ്ജ് പാക്കേജ് മാറ്റൽ അനുവദനീയമല്ല. ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ സംസം വെള്ളം ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അതത് പുറപ്പെടൽ കേന്ദ്രത്തിൽ നിന്ന് സ്വീകരിക്കാം. തിരിച്ചുവരുമ്പോൾ ക്യാനുകളിലോ ബോട്ടിലുകളിലോ ഹാജിമാർ സംസം വെള്ളം കൊണ്ടുവരുന്നത് അനുവദനീയമല്ല. 17 പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായിരിക്കും ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടകർ അടുത്ത ഹജ്ജിന് പുറപ്പെടുക. കേരളത്തിൽ നിന്ന് കരിപ്പൂർ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണ്.