Saudi Arabia
കൃത്യ സമയത്ത് പണം അടച്ചില്ല: ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ ആശങ്കയിൽ
52000 പേരാണ് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഹജ്ജിന് അപേക്ഷിച്ചിരുന്നത്
ന്യൂഡല്‍ഹി|ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ഹജ്ജ് തീർത്ഥാടക ക്വാട്ട 80 ശതമാനം വെട്ടിക്കുറച്ചതായി ആരോപണം. സഊദി ഹജ്ജ്-ഉംറ മന്ത്രാലയം മിനയിലെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് ഔദ്യോഗികമായി കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്‌സ് അനുവദിച്ചിരുന്ന സോണുകൾ റദ്ദാക്കിയതിനാൽ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി ഹജ്ജ് തീർത്ഥാടനത്തിന് ബുക്ക് ചെയ്ത 52,000-ത്തിലധികം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായി. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ, ന്യൂനപക്ഷ കാര്യ മന്ത്രാലയം, സഊദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം എന്നിവ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് കാരണം.
സഊദി അധികൃതർക്ക് പണം നൽകാൻ വൈകിയതിനാലാണ് മിനായിലെ ടെന്റ് സോണുകൾ 1 ഉം 2 ഉം റദ്ദാക്കിയതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഓൺലൈൻ ആപ്ലിക്കേഷനായ “നുസുക്കുമായി” ബന്ധിപ്പിച്ചിട്ടുള്ള ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) സജീവമല്ലാത്തതിനാലാണ് പേയ്‌മെന്റുകൾ വൈകിയതെന്നാണ് ഹജ്ജ് ഓപ്പറേറ്റർമാർ പറയുന്നത്.
ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ജനുവരിൽ ജിദ്ധയിലെത്തി സഊദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഹജ്ജ് കരാർ 2025 ഒപ്പുവെക്കുകയും, ഇന്ത്യൻ തീർഥാടകർക്ക് നല്ല സോണുകൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാർക്ക് ഉറപ്പ് നൽകിയിരുന്നു. അതേസമയം സഊദി അധികൃതർ സോണുകൾ 1 ഉം 2 ഉം റദ്ദാക്കിയ വാർത്ത അവസാന നിമിഷത്തിൽ പരന്നതോടെ എന്ത് ചെയ്യണമെന് അറിയാത്ത അവസ്ഥയിലാണ് സ്വകാര്യ ഹജ്ജ് ഓപ്പറേറ്റർമാർ.



