Connect with us

Articles

ഗ്യാന്‍വാപി: നിയമമല്ല, അനീതിയാണ് വാഴുന്നത്

അയോധ്യയില്‍ രാമക്ഷേത്രം, കാശിയില്‍ ഗ്യാന്‍വാപി മസ്ജിദ് പൊളിച്ച് അവിടെ ശിവക്ഷേത്രം, മഥുരയില്‍ ഈദ്ഗാഹ് പള്ളി തകര്‍ത്ത് അവിടെ കൃഷ്ണ ക്ഷേത്രം ഇങ്ങനെ ആയിരക്കണക്കിന് ആരാധനാലയങ്ങളെ തര്‍ക്കപ്രശ്നമാക്കി രാജ്യത്താകെ കലാപങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ആര്‍ എസ് എസിന്റെ അജന്‍ഡ. 2024ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനാവശ്യമായ ഭൂരിപക്ഷ ധ്രുവീകരണമാണ് അയോധ്യയും കാശിയും മഥുരയും ഉയര്‍ത്തിക്കൊണ്ടുവന്ന് ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വാരാണസി ജില്ലാ കോടതിയുടെ വിധി ബാബരി മസ്ജിദിന്റെ വിധി തന്നെയാണ് കാശിയിലെ ഗ്യാന്‍വാപി മസ്ജിദിനെയും കാത്തിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ താഴ് തുറക്കാന്‍ 1983ല്‍ ജസ്റ്റിസ് കൃഷ്ണമോഹന്‍ പാണ്ഡെ പുറപ്പെടുവിച്ച ഉത്തരവുപോലെ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചരിത്രപരമാണെന്നാണ് ഹരജിക്കാരന്റെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ വിധിപ്രസ്താവന വന്ന ശേഷം പ്രതികരിച്ചത്. അതെ ബാബരി മസ്ജിദിന്റെ ഗതി തന്നെയാണ് ഗ്യാന്‍വാപി മസ്ജിദിനെയും കാത്തിരിക്കുന്നത് എന്നാണ് ഈ വിധി പ്രസ്താവന നല്‍കുന്ന സൂചന.

1986ലാണ് ഫൈസാബാദ് ജില്ലാ കോടതി, തര്‍ക്കഭൂമിയായി പൂട്ടിയിട്ടിരുന്ന ബാബരി മസ്ജിദിനകത്ത് പൂജ നടത്താനായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാനുള്ള വിധി പുറപ്പെടുവിക്കുന്നത്. അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് നിരവധി വ്യവഹാരങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഫൈസാബാദ് കോടതിയുടെ ഈയൊരു വിധിയുണ്ടാകുന്നത്. ഈ വിധിയെ നിമിത്തമാക്കിക്കൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരം യു പി സര്‍ക്കാര്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കുന്നത്. അതിനെ തുടര്‍ന്നാണ് 1989ല്‍ ബാബരി മസ്ജിദിനകത്ത് ശിലാന്യാസം നടത്തുന്നതും.

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തുകളയുന്നതിലേക്കെത്തിയ സംഭവഗതികളില്‍ സുപ്രധാനമായിരുന്നു 1986ലെ ഫൈസാബാദ് കോടതി വിധിയും അതിനെതിരായി അപ്പീല്‍ പോകാതെ പള്ളി തുറന്നുകൊടുത്ത യു പിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ നടപടിയും. അതേ സംഭവങ്ങള്‍ ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. 1991ലെ, ആരാധനാലയ സ്ഥലങ്ങള്‍ 1947ന് മുമ്പുള്ള സ്ഥിതിയില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ തടഞ്ഞ് സംരക്ഷിക്കണമെന്ന നിയമം, നിലനില്‍ക്കുമ്പോഴാണ് സംഘ്പരിവാര്‍ സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ഗ്യാന്‍വാപി മസ്ജിദിനും മഥുരയിലെ ഈദ്ഗാഹ് പള്ളിക്കും ഭീഷണിയുയര്‍ത്തിയത്. അതൊക്കെ ശിവന്റെയും കൃഷ്ണന്റെയും ക്ഷേത്രങ്ങളാണെന്ന വാദമാണ് സംഘ്പരിവാര്‍ സംഘടനകള്‍ എത്രയോ കാലമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘ്പരിവാറിന് വഴങ്ങിക്കൊണ്ടാണ് ഗ്യാന്‍വാപിയിലും മഥുരയിലുമൊക്കെ പുരാവസ്തു വകുപ്പ് സര്‍വേ നടത്താനുള്ള നടപടികള്‍ ആരംഭിച്ചതെന്നോര്‍ക്കണം. അതിനവര്‍ക്ക് കോടതി തുണയായി. ഇപ്പോള്‍ വാരാണസി ജില്ലാ കോടതി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനകം പൂജ നടത്താനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാനാണ് ജില്ലാ ഭരണകൂടത്തിനോട് ജഡ്ജി അജയ്കൃഷ്ണ നിര്‍ദേശിച്ചിരിക്കുന്നത്. മസ്ജിദിന് മുമ്പിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കാശി വിശ്വനാഥക്ഷേത്രം ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ചടങ്ങുകള്‍ നടത്താമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പള്ളിയുടെ തെക്കേ ഭാഗത്തെ നിലവറയിലാണ് പൂജ നടത്താന്‍ സൗകര്യമുണ്ടാക്കേണ്ടതെന്നാണ് കോടതിയുടെ നിര്‍ദേശം. ഗ്യാന്‍വാപി മസ്ജിദിന്റെ താഴത്തെ നിലയിലെ നാല് നിലവറകളില്‍ ഒന്നില്‍ പൂജകള്‍ നടത്താനാണ് അനുമതി. കൗതുകകരവും ആവര്‍ത്തിക്കപ്പെടുന്നതുമായ കാര്യം, ജഡ്ജി അജയ്കൃഷ്ണ വിരമിക്കുന്ന ദിവസമാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം ഉണ്ടായത് എന്നതാണ്. ബാബരി മസ്ജിദിന്റെ കാര്യത്തിലും 2019ല്‍ വിധിയെഴുതിയ രഞ്ജന്‍ ഗോഗോയിയെ പോലുള്ള ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വസ്തുതകളെ മാറ്റി വിശ്വാസത്തെ അവലംബമാക്കി വിധി പ്രഖ്യാപനം നടത്തിയത്!

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി ചോദിച്ചുകൊണ്ട് കോടതിയെ സമീപിച്ചത് ആചാര്യ വേദവ്യാസ പീഠ് മുഖ്യപുരോഹിതന്‍ ശൈലേന്ദ്ര കുമാര്‍ പഥക് വ്യാസാണ്. അദ്ദേഹം കോടതിയെ അറിയിച്ചത് ഈ നിലവറ തന്റെ മുത്തച്ഛന്‍ സോമനാഥ് വ്യാസിന്റെ പക്കലായിരുന്നുവെന്നും 1993 നവംബര്‍ വരെ അവിടെ ശൃംഗാര്‍ ഗൗരി ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങള്‍ക്ക് പൂജ നടത്തിയിരുന്നുവെന്നുമാണ്. അത് അദ്ദേഹത്തിന്റെ അവകാശവാദം മാത്രമായിരുന്നുവെന്നതാണ് വസ്തുത. പരമ്പര പ്രകാരമുള്ള പൂജാരിയെന്ന നിലക്ക് തനിക്ക് നിലവറയില്‍ പ്രവേശിക്കാനും പൂജകള്‍ നടത്താനുമുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നതായിരുന്നു ഈ സംഘ്പരിവാര്‍ പൂജാരിയുടെ ആവശ്യം. അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ച വാരാണസി ജില്ലാ കോടതി ജില്ലാ മജിസ്‌ട്രേറ്റിനെ തന്നെ നിലവറയുടെ റിസീവറായി ചുമതലയേല്‍പ്പിച്ചു. ഇപ്പോള്‍ കോടതി വിധിയനുസരിച്ച് ഈ നിലവറ അന്യായക്കാരനായ ശൈലേന്ദ്രകുമാര്‍ പഥകിനും കാശി വിശ്വനാഥക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് പൂജാരിക്കും കൈമാറണം എന്നതാണ്. ഇരുമ്പുവേലി കെട്ടുന്നതുള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചെയ്യണമെന്നും വിധിപ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ആരാധനാലയ സംരക്ഷണ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എത്രത്തോളം അനീതി നിറഞ്ഞ വിധിയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെ ഗൗരവമായി പരിഗണിക്കേണ്ടത് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശൈലേന്ദ്രകുമാര്‍ പഥക് പൂജക്ക് അനുമതി തേടി കോടതിയെ സമീപിച്ചതെന്ന കാര്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും ഹിന്ദുത്വ സംഘടനകളും ആലോചിച്ച് നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഈ കോടതി വിധിയെന്നു കാണണം. ഈ വിധി ആരാധനാലയ നിയമം, വഖ്ഫ് നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം നിലനില്‍ക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. അവര്‍ ജില്ലാ കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളിലാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദുത്വ സംഘടനകള്‍ ഗ്യാന്‍വാപിയില്‍ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചിട്ടുള്ളത്. ഈ രീതിയില്‍ നിരവധി കേസുകള്‍ അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലവിലുണ്ട്. 1991ലെ ആരാധനാലയ സ്ഥലങ്ങളുടെ സംരക്ഷണ നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് 17ാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളി ക്ഷേത്രം പൊളിച്ചിട്ടാണ് എന്ന വാദമുയര്‍ത്തി അവിടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരുന്നത്. കന്നഡ നടന്‍ പ്രകാശ്രാജ് ഒരഭിമുഖത്തില്‍ സൂചിപ്പിച്ചതു പോലെ പള്ളികള്‍ക്കടിയില്‍ കുഴിച്ച് ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നവര്‍ ക്ഷേത്രങ്ങള്‍ക്കടിയില്‍ കുഴിച്ചാല്‍ ബുദ്ധവിഹാരങ്ങള്‍ കാണും. ഗ്യാന്‍വാപി മസ്ജിദിനു നേരേയുള്ള നീക്കം കൃത്യമായ ആര്‍ എസ് എസ് അജന്‍ഡയനുസരിച്ചുള്ള രാഷ്ട്രീയ പരിപാടിയാണ്. അയോധ്യയില്‍ രാമക്ഷേത്രം, കാശിയില്‍ ഗ്യാന്‍വാപി മസ്ജിദ് പൊളിച്ച് അവിടെ ശിവക്ഷേത്രം, മഥുരയില്‍ ഈദ്ഗാഹ് പള്ളി തകര്‍ത്ത് അവിടെ കൃഷ്ണ ക്ഷേത്രം ഇങ്ങനെ ആയിരക്കണക്കിന് ആരാധനാലയങ്ങളെ തര്‍ക്കപ്രശ്‌നമാക്കി രാജ്യത്താകെ കലാപങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ആര്‍ എസ് എസിന്റെ അജന്‍ഡ. 2024ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനാവശ്യമായ ഭൂരിപക്ഷ ധ്രുവീകരണമാണ് അയോധ്യയും കാശിയും മഥുരയും ഉയര്‍ത്തിക്കൊണ്ടുവന്ന് ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്നത്.