Connect with us

Kerala

ആന്റിബയോട്ടിക് അശാസ്ത്രീയ ഉപയോഗം തടയാൻ മാർഗരേഖ

രാജ്യത്ത് ആദ്യമായാണ് ജില്ലാതല എ എം ആർ കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എ എം ആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ജില്ലാതല എ എം ആർ കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ എം ആർ കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ചെയർമാനായുള്ള എ എം ആർ വർക്കിംഗ് കമ്മിറ്റിയും ജില്ലാ എ എം ആർ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപവത്കരിക്കണം. ഇരു കമ്മറ്റികളുടെയും ഘടനയും പ്രവർത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ എം ആർ ലബോട്ടറികളുടെ പ്രവർത്തന മാർഗരേഖയും പുറത്തിറക്കി. നിർണയ ലാബ് നെറ്റ്‌വർക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസ്സിലാക്കാൻ സാധിക്കുമെന്ന് മാർഗരേഖയിൽ പറയുന്നു. മലയാളത്തിലുള്ള എ എം ആർ അവബോധ പോസ്റ്ററുകൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദ്യാർഥികൾക്കും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളിലും എ എം ആർ പ്രതിരോധത്തിലും പരിശീലനം നൽകണം.

പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം. ആശുപത്രികളിൽ ഇൻഫെക്്ഷൻ കൺട്രോൾ കമ്മിറ്റിയും ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു എച്ച് ഒയുടെ സർജിക്കൽ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂനിറ്റുകളിലും നടപ്പാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം. ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷം ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കും.

Latest