Kerala
അരിവില പിടിച്ചുകെട്ടാൻ സർക്കാർ; ആന്ധ്രയിൽ നിന്ന് 3840 മെട്രിക് ടൺ അരി കേരളത്തിലേക്ക്
കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവയും ആന്ധ്രയിലെ കർഷകരിൽ നിന്ന് സംഭരിച്ച് കേരളത്തിൽ എത്തിക്കും
തിരുവനന്തപുരം | കുതിച്ചുയരുന്ന അരിവിലക്ക് കടിഞ്ഞാണിടാൻ ആന്ധ്രയിൽ നിന്ന് കൂടുതൽ അരി എത്തിക്കുന്നതിന് സർക്കാർ പടപടി തുടങ്ങി. കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവയും ആന്ധ്രയിലെ കർഷകരിൽ നിന്ന് സംഭരിച്ച് കേരളത്തിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി തിരുവനന്തപുരം റെസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇരുസംസ്ഥാനങ്ങളിലെയും സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
മാസം 3840 മെട്രിക് ടൺ ജയ അരി ആന്ധ്രയിൽ നിന്ന് കൊണ്ടുവരാൻ ധാരണയായതായി മന്ത്രി അറിയിച്ചു. 380 മെട്രിക് ടൺ മല്ലി, 720 മെട്രിക് ടൺ വൻപയർ, 500 മെട്രിക് ടൺ വറ്റൽ മുളക്, 50മെട്രിക് ടൺ പിരിയൻ മുളക്, 770 മെട്രിക് ടൺ കടല എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ മുതൽ ഉൽപ്പന്നങ്ങൾ എത്തി തുടങ്ങും. ആന്ധ്രയിലെ കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില നൽകിയാണ് അരിയും മറ്റു ഉത്പന്നങ്ങളും സംഭരിക്കുന്നത്. ആന്ധ്ര സിവിൽസപ്ലൈസ് കോർപറേഷനാണ് സംഭരണ ചുമതല. സാധനങ്ങൾ എത്തിക്കുന്നതിനുള്ള ചെലവ് കേരളം വഹിക്കും.
യഥാർഥ ജയ അരി സംസ്ഥാനത്തിലെ കർഷകരാണ് ഉൽപ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉൽപ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും കെ പി നാഗേശ്വര റാവു പറഞ്ഞു. മുഖ്യമന്ത്രി വെ എസ് ജഗമോഹൻ റെഡ്ഡിയെ ചർച്ചയുടെ വിശദാംശം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവർ അത് നിർത്തിയതോടുകൂടിയാണ് കർഷകർ ജയ നെല്ല് കൃഷി ചെയ്യാതിരുന്നത്. കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കും. അടുത്ത സീസൺ മുതൽ ഈ നെല്ല് കൃഷി ചെയ്യാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരും സംസ്ഥാന ഭക്ഷ്യമന്ത്രിമാർ തിരുവനന്തപുരം റസ്റ്റ് ഹൗസിലാണ് ചർച്ച നടത്തിയത്.




