Connect with us

Kerala

ഗോവിന്ദച്ചാമി വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിൽ

നിരീക്ഷണത്തിനായി കൂടെ മറ്റൊരു തടവുകാരനെ പാർപ്പിച്ചു

Published

|

Last Updated

തൃശൂർ | 2011ൽ  സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയതിനെ തുടർന്ന് തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സായുധ പോലീസിന്റെ അകമ്പടിയോടെയാണ് ഉച്ചക്ക് ഒന്നോടെ ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്.

ഇന്ന് രാവിലെ 7:30നാണ് കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് ഇയാളെ കൊണ്ടുപോയത്. താഴത്തെ നിലയിലെ ജി എഫ്-1 സെല്ലിലാണ് പാർപ്പിച്ചത്. ഒപ്പം മറ്റൊരു തടവുകാരനെ നിരീക്ഷണത്തിനായി പാർപ്പിച്ചിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ മുറിക്ക് സമീപമാണ് ഈ സെൽ സ്ഥിതി ചെയ്യുന്നത്.

വിയ്യൂർ ജയിൽ കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന അതീവ സുരക്ഷാ ജയിലാണ്. 535 തടവുകാർക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഈ ജയിലിൽ നിലവിൽ 300ലധികം കുറ്റവാളികൾ കഴിയുന്നുണ്ട്. ഇതിൽ റിപ്പർ ജയാനന്ദനും ചെന്താമരയും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1.15നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. മൂന്നര മണിക്കൂറിനുള്ളിൽ തളപ്പിലെ ഒരു കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. വൈകിട്ടോടെ കണ്ണൂർ ജയിലിലേക്ക് തിരികെ എത്തിച്ച ശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്ന് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

Latest