Kerala
കീം ഫലം റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാറിന്റെ അപ്പീല്‍
ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി | കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ ഹരജിയിലെ ആവശ്യം. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
സര്‍ക്കാറിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചാല്‍ പുതിയ ഫോര്‍മുല തുടരാനാകും. അല്ലെങ്കില്‍ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. രണ്ടില്‍ ഏതായാലും പ്രവേശം വൈകുമെന്ന് ഉറപ്പാണ്. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയാണ് ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയത്.
ഇന്നത്തെ ഉത്തരവ് നാളെ സ്റ്റേ ചെയ്താല്‍, പുതിയ വെയ്‌റ്റേജ് ഫോര്‍മുലയില്‍ വീണ്ടും നടപടികള്‍ തുടങ്ങാം. പക്ഷെ തള്ളിയാല്‍ പഴയ ഫോര്‍മുലയിലേക്ക് മാറണം. ഇപ്പോള്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ആകെ മാറിമറയും. വിദ്യാര്‍ഥികളുടെ കണക്കുകൂട്ടല്‍ തെറ്റി പലര്‍ക്കും പ്രവേശം പോലും കിട്ടാതെ വരും.
വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കീം പരീക്ഷാ ഫലം റദ്ദാക്കിയത്. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബി എസ് ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് വിധി.