Career Notification
ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത; 433 എൻട്രി കേഡർ ഒഴിവുകൾ കൂടി പി എസ് സിക്ക്
ഒരാഴ്ചക്കകം ഒഴിവുകൾ റിപോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകി

തിരുവനന്തപുരം | ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്തയുമായി സർക്കാർ. തദ്ദേശ വകുപ്പിൽ സംസ്ഥാനതലത്തിൽ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി ഉടൻ പി എസ് സിക്ക് റിപോർട്ട് ചെയ്യുമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാഴ്ചക്കകം ഒഴിവുകൾ റിപോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകി.
ഈ ആഴ്ച പൂർത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തെത്തുടർന്ന് നടന്ന സ്ഥാനക്കയറ്റം മൂലം സൃഷ്ടിക്കപ്പെട്ട ഒഴിവുകളാണ് ഇപ്പോൾ റിപോർട്ട് ചെയ്യുന്നത്. സ്ഥാനക്കയറ്റത്തെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട 42 ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ ഇന്നലെ ജില്ലാ തലത്തിൽ നിന്ന് പി എസ് സിക്ക് റിപോർട്ട് ചെയ്തിരുന്നു. ഇന്നലെ അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് വേണ്ടിയായിരുന്നു ഈ ഇടപെടൽ.
മന്ത്രിയെന്ന നിലയിൽ നൽകിയ പ്രത്യേക നിർദേശപ്രകാരമാണ് ജോയിന്റ് ഡയറക്ടർമാർ അടിയന്തിര സ്വഭാവത്തിൽ സ്പെഷ്യൽ ഡ്രൈവിലൂടെ ഈ ഇടപെടൽ നടത്തിയതെന്ന് മന്ത്രി രാജേഷ് അറിയിച്ചു. അങ്ങനെ റാങ്ക്ലിസ്റ്റ് അവസാനിക്കുന്ന ദിവസം 42 ഒഴിവ് റിപോർട്ട് ചെയ്തതിലൂടെ അത്രയും ഉദ്യോഗാർത്ഥികൾക്ക് നഷ്ടപ്പെടുമായിരുന്ന അവസരം ലഭ്യമാക്കാനായി.
ഇനി റിപോർട്ട് ചെയ്യാൻ പോവുന്ന 433ന് പുറമെ, ഈ വർഷം ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പ് പി എസ് സിക്ക് റിപോർട്ട് ചെയ്തത് 1068 ഒഴിവുകളാണ്.
---- facebook comment plugin here -----