Connect with us

ipl 2021

തോറ്റു തുടങ്ങാന്‍ ഇനി മത്സരമില്ല; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്

ആറോവറിന് മുമ്പ് തന്നെ മുംബൈക്ക് ജയിക്കാനാവശ്യമായ മാര്‍ജിന്‍ ഹൈദരാബാദ് മറികടന്നു. ഇന്നത്തെ മത്സരഫലം എന്തായാലും ഇതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും

Published

|

Last Updated

അബൂദബി | നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 171 റണ്‍സ് വിജയം നേടിയിരുന്നെങ്കില്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ഹൈദരാബാദിനെതിരെ 235 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ഈ മാര്‍ജിനില്‍ ജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.

ഇഷാന്‍ കിഷന്റേയും സൂര്യ കുമാര്‍ യാദവിന്റേയും തകര്‍ത്തടിയുടെ ബലത്തിലാണ് മുംബൈ സ്വപ്‌നതുല്ല്യമായ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലേക്ക് എത്തിയത്. എന്നാല്‍ ആറോവറിന് മുമ്പ് തന്നെ മുംബൈക്ക് ജയിക്കാനാവശ്യമായ മാര്‍ജിന്‍ ഹൈദരാബാദ് മറികടന്നു. ഇന്നത്തെ മത്സരഫലം എന്തായാലും ഇതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും. ഐ പി എല്‍ മുഴുവന്‍ സീസണുകളിലും ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം ഡല്‍ഹിക്കെതിരെ 2017 ല്‍ മുംബൈക്ക് ഉള്ളതാണ് എന്നതായിരുന്നു മത്സരത്തിനിറങ്ങും മുമ്പ് മുംബൈ ആരാധകരുടെ പ്രധാന പ്രതീക്ഷ. സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമിനെതിരെയാണ് കളിക്കാനിറങ്ങുന്നത് എന്നതും പ്രതീക്ഷക്ക് വക നല്‍കി.

മുംബൈ പുറത്തായതോടെ കൊല്‍ക്കത്ത പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചു. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ ചെന്നൈ നേരിടും. ബാംഗ്ലൂരിനെ എലിമിനേറ്ററില്‍ പോയിന്റ് പട്ടികയിലെ നാലാമന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും.

Latest