Connect with us

Cover Story

സ്മൃതികൾ പൂക്കുന്ന ഗാന്ധിമാവ്

പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയമുറ്റത്ത് ഗാന്ധി സ്മൃതികൾ തുടിക്കുന്ന രണ്ട് സ്മാരകങ്ങളുണ്ട്. ഗാന്ധി മാവും ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്മൃതി മണ്ഡപവും. ഒപ്പം മഹാപുരുഷന്റെ കൈപ്പടയും ഇവിടുത്തെ അമൂല്യ നിധികളിലൊന്നാണ്. പയ്യന്നൂരിലെ ആനന്ദതീർഥാശ്രമമുറ്റത്ത് ഗാന്ധിജി നട്ട മാവ് ഇന്നും പടർന്നുപന്തലിച്ചു നിൽക്കുന്നു. കാലം തെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു.

Published

|

Last Updated

“ഈ സ്ഥാപനം വഴി ഹരിജനങ്ങൾക്ക് സേവനം നൽകപ്പെടുമെന്നും നല്ല ഹരിജന സേവകന്മാർ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’
– ഗാന്ധിജി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഈ കുറിപ്പ് ഇന്നും നിധി പോലെ സൂക്ഷിക്കുന്ന പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന്റെ ഗാന്ധി ഓർമകൾക്ക് ഇന്നും യുവത്വമാണ്. 1934 ജനുവരി 12….അന്നാണ് പയ്യന്നൂരിന്റെ മണ്ണ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശത്താൽ പവിത്രമായ ഭൂമിയായത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായും മഹാത്മാ ഗാന്ധിയുമായും അഭേദ്യ ബന്ധമുണ്ട് പയ്യന്നൂരിന്. അത്രയും ആത്മബന്ധമുള്ള മറ്റൊരു ഭൂമി കേരളത്തിൽ വേറെ ഇല്ല എന്നു തന്നെ പറയാം. അത്രയേറെ ഓർക്കാനും ഓർമിക്കാനുമുള്ള ചരിത്ര മുഹൂർത്തങ്ങൾ പയ്യന്നൂരിന്റെ മണ്ണിലുണ്ട്. ഐതിഹാസിക സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ സമരവീര്യം മറ്റൊരു ദേശത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒന്നാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ പയ്യന്നൂർ സന്ദർശനം. സ്വാമി ആനന്ദതീർത്ഥരുടെ അപേക്ഷമാനിച്ചാണ് ഗാന്ധിജി പയ്യന്നൂരിൽ എത്തുന്നത്.
അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരായ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യത്തിനും അയിത്തത്തിനും എതിരെ പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ആനന്ദതീർത്ഥൻ. താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരെ സംരക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയും സ്വാമി ആനന്ദതീർത്ഥൻ പയ്യന്നൂരിൽ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലേക്കാണ് ഗാന്ധിജി എത്തിയത്. പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയമുറ്റത്ത് ഗാന്ധിജി സ്മൃതികൾ തുടിക്കുന്ന രണ്ട് സ്മാരകങ്ങളുണ്ട്. ഗാന്ധി മാവും ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്മൃതി മണ്ഡപവും. ഒപ്പം മഹാപുരുഷന്റെ കൈപ്പടയും ഇവിടുത്തെ അമൂല്യ നിധികളിലൊന്നാണ്.

പടർന്നു പന്തലിച്ച്
ഗാന്ധി മാവ്

പയ്യന്നൂരിലെ ആനന്ദതീർഥാശ്രമമുറ്റത്ത് ഗാന്ധിജി നട്ട മാവ് ഇന്നും പടർന്നുപന്തലിച്ചു നിൽക്കുന്നു. കാലം തെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു. പയ്യന്നൂർ-അന്നൂർ റോഡരികിലാണ് ആനന്ദതീർഥർ സ്ഥാപിച്ച ആശ്രമം. ഇവിടെയാണ് 1931-ൽ സ്വാമി ആനന്ദതീർഥർ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആശ്രമവളപ്പിൽത്തന്നെ ശ്രീനാരായണ വിദ്യാലയം സ്ഥിതിചെയ്യുന്നു.
മഹാത്മാ ഗാന്ധി ആശ്രമം സന്ദർശിച്ചപ്പോഴാണ് മാവ് നട്ടത്. ഇത് പിന്നീട് ഗാന്ധിമാവ് എന്ന പേരിൽ അറിയപ്പെട്ടു. വൃക്ഷത്തിന്റെ തൈ കൊണ്ടുവന്നത് എ വി ശ്രീകണ്ഠപ്പൊതുവാളാണ്. ഇന്ന് മഹാവൃക്ഷമായി തണൽ ചൊരിയുന്ന മാവിന്റെ ശിഖരം ബഡ്ഡ് ചെയ്ത് നാടാകെ ഗാന്ധിമാവിന്റെ പരമ്പരയുണ്ടാക്കിയിട്ടുണ്ട്.
ചരിത്രത്തോട് ചേർത്തുവെക്കപ്പെട്ട ഈ മാവ് വെള്ളമൊഴിച്ച് പരിപാലിച്ച് വളർത്തിയത് ആശ്രമത്തിലെ വിദ്യാർഥികളാണ്. തലമുറകളുടെ സ്നേഹപരിലാളനകളും ആദരവും ഏറ്റുവാങ്ങി ത്യാഗിവര്യരായ മഹാരഥന്മാരെ ഓർമിപ്പിച്ചുകൊണ്ട് ഈ മാവ് തലയുയർത്തിനിൽക്കുന്നു.
ഗാന്ധിമാവിനു മുന്നിൽത്തന്നെയാണ് ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം സൂക്ഷിച്ച സ്മൃതിമണ്ഡപം.

തിരുനാവായയിൽ നിമജ്ജനം ചെയ്യാൻ കെ കേളപ്പൻ കൊണ്ടുവന്ന ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും ആനന്ദതീർഥൻ എത്തിച്ച ഒരുനുള്ള് ചിതാഭസ്മം സ്ഥാപിച്ച കുടീരം.
സ്വാതന്ത്ര്യസമരത്തിന്റെ വീരസ്മരണകൾ തുടിക്കുന്ന പയ്യന്നൂരിന്റെ ചരിത്രമറിയാനെത്തുന്നവർക്ക് പുണ്യഭൂമിയാണ് മഹാത്മാവിന്റെ പവിത്രപാദം പതിഞ്ഞ ഈ മണ്ണ്.

“ഒരുതരം രണ്ടുതരം’ ഗാന്ധിജിയുടെ ലേലഭാഷണം

“ഒരുതരം രണ്ടുതരം’ – പയ്യന്നൂരിൽ ഗാന്ധിജി മലയാളം പറയുന്നതുകേട്ട്‌ കൈയടിച്ചവരിൽ താനും ഉണ്ടായിരുന്നുവെന്ന് ഓർത്തെടുക്കുകയാണ് സ്വാതന്ത്ര്യ സമരസേനാനി പി വി അപ്പുക്കുട്ടപ്പൊതുവാൾ. “അന്ന് ഞാൻ പയ്യന്നൂർ മിഷൻ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കാനാണ് 1934 ജനുവരി 12ന് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്കൂളിൽനിന്ന് വിടുമായിരുന്നില്ല. കണ്ണ് വെട്ടിച്ചാണ് കാണാൻ പോയത്. ബസ് സ്റ്റാൻഡിന് കിഴക്കുള്ള വയലിലായിരുന്നു പ്രസംഗം. ഫണ്ടിലേക്ക്‌ ലഭിച്ച സ്വർണം ലേലം ചെയ്തപ്പോഴാണ്‌ ലേലക്കാരനെ അനുകരിച്ച്‌ ഗാന്ധിജി മലയാളം പറഞ്ഞത്. പയ്യന്നൂരിലെ ഖാദി പ്രവർത്തകനായ അപ്പുക്കുട്ട പൊതുവാളിന് ഗാന്ധിജി അസ്തമിക്കാത്ത ആവേശമാണ്. അമ്മാവൻ വി പി ശ്രീകണ്ഠപ്പൊതുവാളാണ് വീട്ടിൽ ദേശീയപ്രക്ഷോഭത്തിന്റെ വിത്ത് പാകിയത്. സഹോദരങ്ങളും ഖാദി പ്രചാരണത്തിൽ സജീവമായിരുന്നു. കിസാൻ ചർക്ക എന്ന ആധുനിക ചർക്ക ആദ്യം എത്തിയതും ഇവരുടെ വീട്ടിലാണ്. “സ്വതന്ത്രഭാരതം’ എന്ന ലഘുലേഖ വിതരണത്തിനും വിദ്യാർഥികളെ സംഘടിപ്പിക്കലിനും സജീവമായിരുന്നു അപ്പുക്കുട്ടപ്പൊതുവാൾ. ഒരിക്കൽ പത്ത് സുഹൃത്തുക്കൾക്കൊപ്പം അറസ്റ്റ് ചെയ്ത് രണ്ടാഴ്ച കണ്ണൂർ സബ്ജയിലിലിട്ടു. പുറത്തിറങ്ങി കുറച്ചുനാൾ കഴിഞ്ഞ് ചർക്കാസംഘത്തിന്റെ ജീവനക്കാരനായി. പിന്നീട് ഖാദി കമ്മീഷനിലായി ജോലി. ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഇത് വഴിയൊരുക്കി. ഒരിക്കൽ ഗാന്ധിജിയെ മാലയണിയിക്കാൻ സാധിച്ചതും വിലമതിക്കാനാകാത്ത ഓർമകളാണ്.

ചരിത്രമുറങ്ങുന്ന നാട്

ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഉജ്ജ്വല പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് പയ്യന്നൂരിന്റെത്. ഒരു പക്ഷേ, സ്വാതന്ത്ര്യസമരകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചൂടുപിടിച്ച മണ്ണ്. ബ്രിട്ടീഷ് കോളനിവത്കരണത്തോട് സമരസപ്പെടാതെ നടത്തിയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭൂമി. 1928ൽ സൈമൺ കമ്മിഷൻ ബഹിഷ്കരണമാണ് പയ്യന്നൂരിന് ചൂടുപിടിപ്പിച്ചത്. 1928 ഏപ്രിൽ 15ന് വടകരയിൽ ചേർന്ന കെ പി സി സി കമ്മിറ്റി യോഗമാണ് നാലാം കോൺഗ്രസ് സമ്മേളനം പയ്യന്നൂരിൽ നടത്താൻ തീരുമാനിച്ചത്. മെയ് 25, 26, 27 തീയതികളിൽ നെഹ്്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ പോലീസ് മൈതാനത്തായിരുന്നു സമ്മേളനം. കോൺഗ്രസ് സമ്മേളനത്തോടെ പയ്യന്നൂർ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന കേന്ദ്രമായി. ഉളിയത്തുകടവിലെ ഉപ്പുസത്യഗ്രഹം ചരിത്രസംഭവമായി. പയ്യന്നൂർ രണ്ടാം ബർദോളി എന്നറിയപ്പെട്ടു തുടങ്ങി.

ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്റെ തുടർച്ചയായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്നത്‌ പയ്യന്നൂർ ഉളിയത്തുകടവിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പയ്യന്നൂർ ഉളിയത്തുകടവ് ഐതിഹാസികപോരാട്ടത്തിന്റെ കർമഭൂമിയാണ്‌.
ഗാന്ധി ഘാതകർക്ക് സ്മാരകങ്ങൾ ഉയരുന്ന വർത്തമാനകാലത്ത് ഗാന്ധി സ്മൃതികൾ പൂത്ത് തളിർക്കുന്ന ഇത്തരം ഇടങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വെറുപ്പും വിദ്വേഷവും വർധിച്ചുവരുന്നു. രാജ്യത്തിന്റെ അസ്തിത്വം തന്നെ വലിയ പ്രതിസന്ധിയിലാണ്. ഗാന്ധി ചിന്തകൾക്ക് പോറലേൽപ്പിക്കുന്ന ഈ കാലത്ത് ഗാന്ധി സ്മൃതികളുടെ പ്രസക്തി ഏറെയാണ്.
ഗാന്ധി നിന്ദകൾക്ക് മീതെ ഗാന്ധി ചിന്തകൾ പടർന്നുപന്തലിക്കട്ടെ ……

മതങ്ങൾ അനോന്യം
വേർതിരിക്കാനല്ല …….
പരസ്പരം കൂട്ടിയിണക്കാനാണ് –
ഗാന്ധിജി
.