Petrol Diesel Price
ഇന്ധന വിലക്കുറവ്: ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് ധനമന്ത്രി
കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസലിൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ് പെട്രോൾ- ഡീസൽ എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. യഥാർഥത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസലിൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പെട്രോളിനും ഡീസലിനും മേൽ ചെലുത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര ഗവൺമെന്റ് ഇന്ന് തയ്യാറായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്.
പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----