Kerala
ഇന്ധന സെസ്; കേരള വാഹനങ്ങളെ മാടിവിളിച്ച് അതിർത്തിയിലെ പമ്പുകൾ
പെട്രോളിൻ്റെയും ഡീസലിൻ്റെയും വില തമിഴ്നാട്ടിൽ 103.88: 95.50, കർണാടകയിൽ 102.60: 88.51, മാഹിയിൽ 97.48: 90.36
		
      																					
              
              
            പാലക്കാട് | ഇന്ധന സെസിനെതിരെ പ്രതിഷേധം കത്തുന്നതിനിടെ സംസ്ഥാനത്തെ വാഹനങ്ങളെ വരവേൽക്കാനായി അതിർത്തി മേഖലകളിലെ പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു. തമിഴ്നാട്, കർണാടക, മാഹി എന്നിവിടങ്ങളിലെ പമ്പുകളിലാണ് കേരളത്തിലെ വാഹനങ്ങളെ ഇന്ധനം നിറക്കാൻ സ്വാഗതം ചെയ്തു കൊണ്ട് വ്യാപകമായി ബോർഡുകൾ ഉയർന്നിരിക്കുന്നത്. ഇന്ധനത്തിനുള്ള ആകർഷകമായ വിലക്കുറവ് പ്രദർശിപ്പിച്ചാണ് കേരളത്തിലെ വാഹന ഉപഭോക്താക്കളെ പിടിക്കാനുള്ള ശ്രമങ്ങൾ.
പെട്രോളിന് 105.76 രൂപയും ഡീസലിന് 94.69 രൂപയുമാണ് സംസ്ഥാനത്തെ വില. സാമൂഹിക സുരക്ഷാ സെസ് നിലവിൽ വരുന്നതോടെ യഥാക്രമം 109.71 രൂപയായും 98.53 രൂപയായും വർധിക്കും.
പെട്രോളിൻ്റെയും ഡീസലിൻ്റെയും വില തമിഴ്നാട്ടിൽ 103.88 ഉം 95.50 ഉം കർണാടകയിൽ 102.60 ഉം 88.51 ഉം മാഹിയിൽ 97.48 ഉം 90.36ഉം ആണ്. കർണാടക, തമിഴ്‌നാട്, മാഹി അതിർത്തിയിലുള്ള നിരവധി ഇന്ധന ബങ്കുകൾ കേരളത്തിൽ നിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കിഴിവ് വിലയുടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ദേശീയ പെർമിറ്റുള്ള കാർഗോ കാരിയറുകളും യാത്രാ വാഹനങ്ങളുമുൾപ്പെടെ അതിർത്തി പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാൽ സംസ്ഥാനത്തെ വിൽപ്പനയിൽ നാൽപത് ശതമാനത്തോളം കുറവുണ്ടാകുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സും ലോറി ഓണേഴ്സ് അസ്സോസിയേഷനും ചൂണ്ടിക്കാട്ടുന്നു.
നിലവിൽ തന്നെ അതിർത്തി മേഖലകളിലെ പമ്പുകളിൽ നിന്ന് പ്രതിദിനം ഒരു കോടി ലിറ്റർ പെട്രോൾ, ഡീസൽ കേരളത്തിലെ വാഹനങ്ങൾ അടിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെസ് വർധിക്കുന്നതോടെ കൂടുതൽ വാഹനങ്ങൾ അതിർത്തി മേഖലകളിലെ പെട്രോൾ ബങ്കുകളെ ആശ്രയിക്കും.
സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം മാത്രമുണ്ടാകുന്ന സെസ് പിൻവലിക്കണമെന്ന ആവശ്യമാണ് ഇരു സംഘടനകളും മുന്നോട്ടുവെക്കുന്നത്. സെസ് ചുമത്തുന്നതോടെ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ഇന്ധനവില കേരളത്തിലായിരിക്കുമെന്ന് കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സും ചൂണ്ടിക്കാട്ടി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

