Connect with us

local body election 2025

പരിയാരത്ത് കോട്ട പിടിച്ചെടുക്കാനും സംരക്ഷിക്കാനും മുന്നണികൾ

വരും ദിവസങ്ങളിൽ വാർഡുകളിൽ പര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിട്ട് കാണും.

Published

|

Last Updated

പരിയാരം | തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനിലെ മുന്നണികൾ. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്, ചപ്പാരപ്പടവിലെ 13 വാർഡുകൾ, പരിയാരം പഞ്ചായത്തിലെ 12 വാർഡുകൾ, നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ എന്നിവ ചേർന്നതാണ് പരിയാരം ഡിവിഷൻ.

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഡിവിഷനാണ് പരിയാരമെങ്കിലും ഇക്കുറി ശക്തമായ മത്സരം കാഴ്ചവെച്ചാൽ ഡിവിഷൻ സ്വന്തമാക്കാമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. പരമ്പരാഗതമായി കോൺഗ്രസ്സ് മത്സരിച്ചിരുന്ന സീറ്റ് ഇക്കുറി ലീഗിനാണ് വിട്ടുനൽകിയത്. ജില്ലയിലെ അറിയപ്പെടുന്ന യൂത്ത് ലീഗ് നേതാവും പത്ത് വർഷമായി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് അംഗവുമായിരുന്ന ജംഷീർ ആലക്കാടിനെയാണ് യു ഡി എഫ് രംഗത്തിറക്കിയത്.

അതോടൊപ്പം ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടം ഉള്ള ഡിവിഷനാണ് പരിയാരം. ഇതിൽ ഉൾക്കൊള്ളുന്ന മിക്ക പഞ്ചായത്തും നിലവിൽ ഭരണം നടത്തുന്നത് എൽ ഡി എഫാണ്.ഇക്കുറി സ്ഥാനാർഥിയായി ഇടതുപക്ഷം രംഗത്തിറക്കിയത് മുൻ യുവജന സംഘടനാ നേതാവും സി പി എം ആലക്കോട് ഏരിയാ കമ്മറ്റി മെമ്പറുമായ പി രവീന്ദ്രനെയാണ്. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ കന്നി മത്സരമാണ്. എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പിയിലെ ഗംഗാധരൻ കാളിശ്വരവും മത്സരിക്കുന്നു. ആദ്യഘട്ടത്തിൽ പ്രധാന വ്യക്തികളെ നേരിട്ട് സന്ദർശിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. വരും ദിവസങ്ങളിൽ വാർഡുകളിൽ പര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിട്ട് കാണും.

ഭരണ നേട്ടങ്ങൾ തങ്ങൾക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ തങ്ങൾക്ക് ഏറെ സ്വാധീനമുള്ള മേഖലകളിൽ നിന്ന് പരമാവധി വോട്ട് സമാഹരിച്ച് ഇടതു കോട്ടകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയതുപോലെ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നിൽക്കുകയാണ് യു ഡി എഫും. ഈ ഡിവഷനിൽ എൻ ഡി എ മുന്നണിക്ക് വലിയ സ്വാധീനമില്ല.

---- facebook comment plugin here -----

Latest