Kerala
ഫ്രഷ് കട്ട്: കട്ടിപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിരാഹാര സമരത്തിലേക്ക്
മാലിന്യക്കമ്പനി അടച്ചുപൂട്ടുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബിജു കണ്ണന്തറ
കോഴിക്കോട്| ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതോടെ നിരാഹാര സമരവുമായി പ്രദേശവാസികള്‍. കട്ടിപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജു കണ്ണന്തറ നാളെ മുതല്‍ അമ്പലമുക്കിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. മാലിന്യക്കമ്പനി അടച്ചുപൂട്ടുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബിജു കണ്ണന്തറ പറഞ്ഞു. കമ്പനി പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ദുര്‍ഗന്ധം വീണ്ടും രൂക്ഷമായതായി പ്രദേശവാസികള്‍ പറഞ്ഞു. സമരക്കാരെ ഭീകരവത്കരിച്ച് പോലീസ് സംരക്ഷണയില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ഇതിരെതിരെ നിരാഹാരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മരണം വരെ പൊരുതുമെന്നും സമരസമിതി അറിയിച്ചു.
ഇന്നലെ സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാല് പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ റാലിയുടെ ഭാഗമായി. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ള സമരക്കാര്‍ കമ്പനി അടച്ച് പൂട്ടുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. ശുദ്ധവായുവും ശുദ്ധജലവും മാത്രമാണ് ചോദിക്കുന്നത്. ഇരകളെ വേട്ടയാടുന്ന പോലീസ് രീതി അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.



