Uae
ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സ്; ആളുകളെ എത്തിക്കുന്നതിന് വാഹനങ്ങള്‍ അനുവദിച്ചു
75 ബസുകളും 1,300 ടാക്‌സികളും അനുവദിച്ചതായി സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി).

അബൂദബി | യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേയ്സ് അബൂദബി ഗ്രാന്‍ഡ് പ്രിക്‌സ് റേസുകളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി 75 ബസുകളും 1,300 ടാക്‌സികളും അനുവദിച്ചതായി സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി) അറിയിച്ചു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമഗ്ര പദ്ധതി അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. യാസ് ദ്വീപില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് അവിടേക്കുള്ള റോഡുകളും, ബസ്, വാഹന റൂട്ടുകള്‍, ലേ-ബൈകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവയും പരിപാടി സമയത്ത് നിയന്ത്രിക്കുന്നതാണ്. റോഡ് ഗതാഗതം സുഗമമാക്കുന്നതിന് പട്രോളിംഗ് നടത്തും.
ഫോര്‍മുല സമയത്ത് ഗതാഗതം തടസ്സപ്പെടുത്തുന്ന ഏത് സംഭാവമുണ്ടായാലും ഉടനടി പ്രതികരിക്കുന്നതാണ്. യാസ് സര്‍ക്യൂട്ട് സര്‍ക്കുലറിലായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. വളണ്ടിയര്‍മാരെ അവരുടെ ഡ്യൂട്ടി അവസാനിക്കുന്നതിന് മുമ്പും ശേഷവും യാസ് ദ്വീപിന് പുറത്തുള്ള അസംബ്ലി പോയിന്റില്‍ നിന്ന് യാസ് സര്‍ക്യൂട്ടിലേക്ക് കൊണ്ടുപോകുന്നതിന് നാല് ബസുകള്‍ സര്‍വീസ് നടത്തും. സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനായി ടാക്‌സികളും അനുവദിക്കും. നാല് ദിവസങ്ങളിലായി മൂന്നു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.