Connect with us

National

റിസർവ് ബേങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ; വിമർശിച്ച് ബിജെപി

അടുത്ത മൻമോഹൻ സിംഗാണെന്ന് സ്വയം ധരിക്കുന്നയാളാണ് രഘുറാം രാജനെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

Published

|

Last Updated

ജയ്പൂർ | റിസർബ് ബേങ്ക് മുൻ ഗവർണർ രഘുറാം രാജൻ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. യാത്ര ബുധനാഴ്ച രാവിലെ രാജസ്ഥാനിൽ എത്തിയപ്പോഴാണ് രഘുറാം രാജൻ പങ്കെടുത്തത്. രാഹുൽ ഗാന്ധിയോടൊപ്പം അദ്ദേഹം നടന്നു. സച്ചിൻ പൈലറ്റും ഒപ്പമുണ്ടായിരുന്നു.

നോട്ട് നിരോധനം ഉൾപ്പെടെ ബിജെപി സർക്കാറിന്റെ സാമ്പത്തിക നടപടികളിൽ ശക്തമായി പ്രതിഷേധിക്കുന്നയാളാണ് രഘുറാം രാജൻ. നോട്ട് നിരോധനത്തിന് താൻ അനുകൂലമായിരുന്നില്ലെന്നും അത്തരമൊരു വിനാശകരമായ തീരുമാനവുമായി ബന്ധപ്പെട്ട ഹ്രസ്വകാല സാമ്പത്തിക ചെലവുകൾ അതിൽ നിന്നുള്ള ദീർഘകാല നേട്ടങ്ങളെക്കാൾ കൂടുതലായിരിക്കുമെന്നും അദ്ദേഹം തന്റെ പുസ്തകമായ ‘ഐ ഡു വാട്ട് ഐ ഡു’ വിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, യാത്രയിൽ പങ്കെടുത്ത രഘുറാം രാജനെ വിമർശിച്ച് ബിജെപി രംഗത്ത് വന്നു. അടുത്ത മൻമോഹൻ സിംഗാണെന്ന് സ്വയം ധരിക്കുന്നയാളാണ് രഘുറാം രാജൻ എന്നായിരുന്നു വിമർശനം. രഘുറാം രാജന്റെ നിലപാടുകൾ അവസരവാദപരമാാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇതുവരെ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി. 2023 ഫെബ്രുവരി ആദ്യം ജമ്മു കശ്മീരിൽ യാത്ര സമാപിക്കും.

Latest