Connect with us

Articles

വിശ്വാസത്തിലേക്ക് നിര്‍ബന്ധിച്ചോ?

'ഈ മതത്തില്‍ ഒരിക്കലും നിര്‍ബന്ധിക്കലില്ല. സത്യസരണി അസത്യത്തില്‍ നിന്ന് വളരെ സ്പഷ്ടമായിരിക്കുന്നു' (അല്‍ ബഖറ/ 256).

Published

|

Last Updated

മക്കയിലെ ശത്രുക്കളുടെ ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചപ്പോഴായിരുന്നു നബിയും അനുചരരും മദീനയിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചത്. പലായന സമയത്ത് ഒരാളുടെ ലക്ഷ്യം മദീനയിലുള്ള ഉമ്മു ഖൈസ് എന്ന സ്ത്രീയെ വിവാഹം ചെയ്യുക എന്നതായിരുന്നു. ഇതറിഞ്ഞ പ്രവാചകര്‍ ആ വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെ അതിനെ നിരാകരിച്ചു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഇത്തരം സത്കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും ഓരോ പ്രവൃത്തിയും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ഇസ്ലാം അനുവദിക്കുന്നതും ആ കര്‍മം എന്ത് ഉദ്ദേശ്യത്തോടെ ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അര്‍ഥശങ്കക്കിടമില്ലാത്ത വിധം വിശദീകരിച്ചു. ഇമാം ബുഖാരിയടക്കമുള്ള ധാരാളം നിവേദകര്‍ തങ്ങളുടെ ആദ്യ ഹദീസായി തന്നെ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തു.

ഇനി മറ്റൊരു സംഭവത്തിലേക്ക് വരാം. മദീനയിലെ അന്‍സ്വാറുകളില്‍പ്പെട്ട ഒരു സ്വഹാബിയുടെ രണ്ട് ആണ്‍മക്കള്‍ ശാമില്‍ നിന്ന് വന്ന ഒരു ക്രിസ്ത്യന്‍ വ്യാപാരിയെ പരിചയപ്പെടുന്നു. എണ്ണക്കച്ചവടക്കാരനായിരുന്നു അയാള്‍. വ്യാപാരിയുടെ പ്രബോധനത്തില്‍ കുടുങ്ങിയ രണ്ട് മക്കളും ക്രൈസ്തവ മതം സ്വീകരിക്കാന്‍ തയ്യാറാകുകയും അദ്ദേഹത്തോടൊപ്പം പോകാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ പിതാവ് ഓടിവന്ന് പ്രവാചകരോട് സങ്കടം പറയുകയും താന്‍ അവരെ നിര്‍ബന്ധിക്കട്ടെ എന്നാരായുകയും ചെയ്യുന്നു. അല്ലെങ്കില്‍ പ്രവാചകര്‍ തന്നെ ചിലയാളുകളെ പറഞ്ഞയച്ച് അവരെയോ ആ വ്യാപാരിയെയോ തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. പക്ഷേ പ്രവാചകര്‍ അതിനു സമ്മതിച്ചില്ല. മാത്രവുമല്ല പരിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലൊന്ന് അപ്പോഴാണ് അവതരിച്ചതും: ‘മതത്തില്‍ ഒരിക്കലും നിര്‍ബന്ധിക്കലില്ല; സത്യം അസത്യത്തില്‍ നിന്ന് സ്പഷ്ടമായിരിക്കുന്നു’.

ഇസ്ലാം മതത്തിന്റെ വളരെ അടിസ്ഥാനാശയങ്ങളാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സ്ത്രീയെ മനസ്സില്‍ കരുതി ഹിജ്‌റ നടത്തുന്ന പ്രവണത മതം അംഗീകരിച്ചില്ല. കാരണം ഹിജ്റക്കൊരു ഉദ്ദേശ്യമുണ്ട്. അതിന്നപവാദമായുള്ളത് ഒരിക്കലും പാടില്ല. മറ്റു മതങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്ലാം ‘വിശ്വാസം അഥവാ ഈമാന്‍’ എന്ന സംജ്ഞയെ വിശദമായി നിര്‍വചിച്ചിട്ടുണ്ട്. നാവുകൊണ്ട് ഒരാള്‍ ആയിരം തവണ ഖുര്‍ആന്‍ പാരായണം ചെയ്താലും അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പറഞ്ഞാലും പതിറ്റാണ്ടുകള്‍ നിസ്‌കരിച്ചാലും മറ്റെല്ലാ കര്‍മങ്ങള്‍ ചെയ്താലും അയാളുടെ ഹൃദയത്തിനുള്ളില്‍ വിശ്വാസമില്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല; മുസ്ലിമുമല്ല. ഇത്തരം ‘വിശ്വാസി’കള്‍ക്ക് ഇസ്ലാം പേരിട്ടത് മുനാഫിഖുകള്‍ അഥവാ കപട വിശ്വാസികള്‍ എന്നാണ്. ഇത്തരം കപടന്മാരെയും കപടന്മാരെ സൃഷ്ടിക്കുന്ന പ്രവണതയെയും ഖുര്‍ആനും പ്രവാചകരും നൂറ് ശതമാനവും വിലക്കിയിട്ടുണ്ട്.

ഇത് നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനത്തിനു മാത്രമല്ല ബാധകമാകുന്നത്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയോ അകത്ത് വിശ്വാസമില്ലാതെ പുറത്ത് വിശ്വാസിയായി നടിക്കുന്ന എല്ലാവരും ഈ ഗണത്തില്‍ പെട്ടവരാണ്. ഒരു സ്ത്രീ/പുരുഷന്‍ ഒരു മുസ്ലിം പുരുഷനെയോ/സ്ത്രീയെയോ വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇസ്ലാം മതവും അതിന്റെ അടിസ്ഥാന സര്‍വാംഗീകൃത ആശയങ്ങളും സത്യമാണെന്ന് മനസ്സു കൊണ്ട് വിശ്വസിക്കാതെ കേവലം നാവുകൊണ്ട് വിശ്വാസിയായി നടക്കുന്നുവെങ്കില്‍ അവനും/അവളും ഈ കപട വിശ്വാസി മാത്രമാണ്. ഒരിക്കലും മുസ്ലിമല്ല. പക്ഷേ നേരത്തേ പറഞ്ഞതുപോലെ മനുഷ്യരുടെ ഹൃദയം വായിക്കാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതുകൊണ്ട് അത്തരമൊരു വ്യക്തിയുടെ വിശ്വാസത്തെ നമുക്ക് പുറത്തുനിന്ന് വിലയിരുത്താനാകില്ലെന്നു മാത്രം. വിശ്വാസം പൂര്‍ണമായും ഹൃദയബന്ധിതമാണെന്നതില്‍ മുസ്ലിം ലോകം ഏകാഭിപ്രായക്കാരാണ്.

ഇക്കാര്യം ധാരാളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: ‘ഈ മതത്തില്‍ ഒരിക്കലും നിര്‍ബന്ധിക്കലില്ല. സത്യസരണി അസത്യത്തില്‍ നിന്ന് വളരെ സ്പഷ്ടമായിരിക്കുന്നു’ (അല്‍ ബഖറ/ 256). സത്യവും അസത്യവും ഇവിടെ വ്യക്തമായിരിക്കെ ഒരാളെയും നിര്‍ബന്ധിച്ച് മതത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നു തന്നെയാണ് ഈ വചനം പറയുന്നത്. ഇസ്ലാം മതത്തിലേക്ക് ഒരാളെ നിര്‍ബന്ധിച്ച് കൊണ്ടുവരുന്നത് ഖുര്‍ആന്‍ കഠിനമായി വിലക്കുന്നു: ‘തീര്‍ച്ചയായും താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള സകല മനുഷ്യരെയും വിശ്വാസികളാക്കുമായിരുന്നു. എന്നിട്ടും വിശ്വസിക്കാന്‍ വേണ്ടി അവരെ നിര്‍ബന്ധിക്കുകയാണോ?’ (യൂനുസ്/99).

 

Latest