Connect with us

Travelogue

പരേതരുടെ പൂന്തോപ്പ്

ഇന്റർലോക്ക് പതിച്ചതു പോലെയുള്ള പാത. നടുഭാഗത്ത് ചെറിയ ചാലുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ളതാണ്. നമ്മുടെ നാട്ടിൽ റോഡിനിരുവശത്തുമാണ് അവ കാണാറുള്ളത്. ഇവിടെയത് മധ്യത്തിലാണ്. വീടുകളെല്ലാം പഴയതും ശോഭയില്ലാത്തതുമാണെങ്കിലും എവിടെയും മാലിന്യക്കൂമ്പാരങ്ങളോ വൃത്തിയില്ലാത്ത ഭാഗങ്ങളോ കണ്ടില്ല. ഇല്ലായ്മയിലും എത്ര അന്തസ്സോടെയാണ് ഇറാഖിലെ തെരുവ് ജീവിതം എന്നാലോചിച്ചപ്പോൾ ആശ്ചര്യം തോന്നി.

Published

|

Last Updated

അഅളമിയ്യ നഗരത്തിന്റെ പ്രാന്ത്ര പ്രദേശങ്ങളിലൂടെയാണ് ഞങ്ങളിപ്പോൾ നടക്കുന്നത്. ഏതാണ്ട് അര കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. സാധാരണ ഇറാഖികളുടെ ജീവിതം അടുത്തറിഞ്ഞുള്ള സഞ്ചാരമാണ്. നിരത്തിനോട് ചേർന്ന് നിൽക്കുന്ന വീടുകൾ. റോഡ് തന്നെയാണ് അവരുടെ മുറ്റങ്ങൾ. കതക് തുറന്നാൽ നേരെ അകത്തേക്ക് കയറാം. എന്നാലും കാര്യമായി ആരെയും കാണുന്നില്ല. ഒറ്റപ്പെട്ട ചിലർ മാത്രം. അതിനിടയിലൂടെ ഞങ്ങളൊരു ആൾക്കൂട്ടമായി അങ്ങനെ നീങ്ങുകയാണ്.

ഇന്റർലോക്ക് പതിച്ചതു പോലെയുള്ള പാത. നടുഭാഗത്ത് ചെറിയ ചാലുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ളതാണ്. നമ്മുടെ നാട്ടിൽ റോഡിനിരുവശത്തുമാണ് അവ കാണാറുള്ളത്. ഇവിടെയത് മധ്യത്തിലാണ്. വീടുകളെല്ലാം പഴയതും ശോഭയില്ലാത്തതുമാണെങ്കിലും എവിടെയും മാലിന്യക്കൂമ്പാരങ്ങളോ വൃത്തിയില്ലാത്ത ഭാഗങ്ങളോ കണ്ടില്ല. ഇല്ലായ്മയിലും എത്ര അന്തസ്സോടെയാണ് ഇറാഖിലെ തെരുവ് ജീവിതം എന്നാലോചിച്ചപ്പോൾ ആശ്ചര്യം തോന്നി.

ചരിത്ര പ്രസിദ്ധമായ മഖ്ബറതുൽ ഖൈസറാനിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാരഥന്മാരുടെ ചാരേക്കാണ് ഞങ്ങളുടെ യാത്ര. സ്വൂഫീവര്യന്മാരായ അബൂബക്ർ ശിബ്‌ലി(റ), ബിഷ്റുൽ ഫാഫി(റ) എന്നിവരുടെ സ്മാരക കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വഴി ചോദിച്ചറിഞ്ഞ് അവിടെ എത്തിയപ്പോൾ ആരുമില്ല. ഞങ്ങളുടെ സംസാരം കേട്ടിട്ടാകണം ഒന്നു രണ്ടാളുകൾ ഗേറ്റുകൾ തുറന്ന് സമീപത്തെത്തി. അകത്തേക്കുള്ള പ്രവേശനം അപ്പോഴും അനിശ്ചിതത്വത്തിലാണ്. ഞങ്ങൾ പുറമേ നിന്ന് ഫാതിഹ ഓതാൻ ആരംഭിച്ചു. അധികം വൈകാതെ തന്നെ കവാടത്തിന്റെ ചാവിയുമായി പരിചാരകനെത്തി.

ഞങ്ങൾ അകത്തേക്കു കയറി. ഏതാനും സ്റ്റെപ്പുകൾ കയറി വീണ്ടും താഴോട്ടിറങ്ങണം. ചുറ്റുമുള്ള കാഴ്ച മനോഹരം. ഉൾക്കാഴ്ച ചെറുതല്ല. നൂറ്റാണ്ടുകളുടെ കഥ പറയുന്ന താളുകൾ പോലെ മഖ്ബറതുൽ ഖൈസറാൻ ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു നിന്നു. അതിന്റെ ഒരു വശത്തായി പ്രത്യേകം സംവിധാനിച്ച ഒരിടത്താണ് അബൂബക്ർ ശിബ്‌ലി തങ്ങളുടെ മഖ്ബറ. പുരാതന കാലം മുതലേയുള്ളതാണ് ഈ മഖ്ബറയും ഖുബ്ബയും. ആധുനിക ഇറാഖി ചരിത്രകാരനായ വലീദുൽ അഅ്ളമി ഇക്കാര്യം തന്റെ അഅ് യാനു സമാൻ വജീറാനു നുഅമാൻ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. സമീപത്തായി അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങളും അന്തിയുറങ്ങുന്നു.

ഹിജ്റ 247/861 ലാണ് ഇറാഖിലെ സാംറാഇല്‍ അബൂബക്ർ ശിബ്‌ലി(റ) ജനിക്കുന്നത്. അബൂബക്ർ ദുലഫ് ബ്നു ജഅഫറുബ്നു യൂനുസ് ശിബ്‌ലി എന്നാണ് പൂർണ നാമം. അബ്ബാസി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മന്ത്രിമാരുടെയും പ്രഭുക്കന്മാരുടെയും മക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. പക്ഷേ, സുഖലോലുപതയിലും രാഷ്ട്രീയ ഉപചാപങ്ങളിലും അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ലായിരുന്നു. പ്രസ്തുത സാഹചര്യത്തിലാണ് ഖൈറുന്നിസാജ് എന്നറിയപ്പെട്ടിരുന്ന അക്കാലത്തെ പ്രഗത്ഭനായ പ്രഭാഷകന്റെ വാക്കുകളിൽ ആകൃഷ്ടനായി ആത്മീയ രംഗത്തേക്ക് കടന്നുവരുന്നത്. ഖൈറുന്നിസാജ് ശിബ്‌ലി തങ്ങൾക്ക് ശൈഖ് ജുനൈദുൽ ബഗ്ദാദിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരുന്നു ശിഷ്ടകാലം.

നിരന്തരമായി സ്വലാത് നിർവഹിക്കുക ശൈഖ് അബൂബക്ർ ശിബ്‌ലിയുടെ പതിവായിരുന്നു. പതിറ്റാണ്ടുകൾ അപ്രകാരം തുടർന്നു. ആദ്യകാലത്ത് അദ്ദേഹത്തിന്റെ ഔന്നത്യം ആർക്കും പരിചിതമായിരുന്നില്ല. അബൂബക്ർ ഇബ്നു മുജാഹിദിന് തിരുനബി(സ്വ) സ്വപ്ന ദർശനത്തിലൂടെ അക്കാര്യം അറിയിച്ചതിന് ശേഷമാണ് സമൂഹം അത് തിരിച്ചറിഞ്ഞത്. ജുനൈദുൽ ബഗ്ദാദി കഠിനമായ പരിശീലന മുറകളാണ് ശിഷ്യനോട് നിർവഹിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ ഒരു വർഷം ഗന്ധക വ്യാപാരിയായും മറ്റൊരു വർഷം യാചകനായും കഴിഞ്ഞു. ഭൗതിക വിരക്തിയുടെ സമ്പൂർണത ആർജിക്കാൻ ശൈഖ് ശിബ്‌ലിയെ അത് പ്രാപ്തമാക്കി.
ഇമാം ഖുശൈരി തന്റെ രിസാലയിൽ അതേ കുറിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. “ആത്മീയതയിലേക്കുള്ള പ്രവേശനത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ദേഹം അനുഷ്ഠിച്ച ആത്മശിക്ഷണം പരിധിക്ക് മുകളിലുള്ളതായിരുന്നു.

അന്ത്യവേളയിൽ സേവകനായ ജഅ്ഫറുബ്നു ബക്റാനോട് പറഞ്ഞു. ” ഞാൻ ഒരു ദിർഹം നൽകാനുള്ള ഒരാളുണ്ട്. അയാളെ ഇതുവരെ എനിക്ക് കണ്ടെത്താനായിട്ടില്ല. അതിന് പരിഹാരമായി ആയിരങ്ങൾ ഞാൻ ധർമം ചെയ്തിട്ടുണ്ട്. എങ്കിലും അതിനെ പറ്റി ആശങ്കയൊഴിയാത്ത മനസ്സുമായാണ് ഞാനിപ്പോഴുമുള്ളത്. തുടർന്ന്, അംഗശുദ്ധി വരുത്താൻ ആവശ്യപ്പെട്ടു. അതിനിടെ ഞാൻ താടി രോമങ്ങൾ സൂക്ഷ്മമായി കഴുകാൻ മറന്നപ്പോൾ കൈപിടിച്ച് കഴുകിപ്പിച്ചു. അപ്പോൾ സംസാരിക്കാനുള്ള ശേഷി പോലുമുണ്ടായിരുന്നില്ല. വൈകാതെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അത്രയും തീക്ഷ്ണമായി ശരീഅത് മുറുകെ പിടിച്ച സ്വൂഫീവര്യനായിരുന്നു ശൈഖ് ശിബ്‌ലി.

“എല്ലാ ജനങ്ങൾക്കും കിരീടമുണ്ടാകും. ഈ ആത്മീയ സമൂഹത്തിന്റെ കിരീടം ശിബ്‌ലിയാകുന്നു’. ഗുരു ജുനൈദുൽ ബഗ്ദാദി അദ്ദേഹത്തെ വാഴ്ത്തിയത് ഇങ്ങനെയായിരുന്നു. “നിങ്ങൾ പരസ്പരം നോക്കുന്നത് പോലെ ശിബ്‌ലിയെ നിങ്ങൾ നോക്കരുത്. അദ്ദേഹം അല്ലാഹുവിന്റെ പ്രത്യേക പരിഗണന ലഭിച്ച വ്യക്തിത്വമാണ് (താരീഖു ബഗ്ദാദ്). എൺപത്തിയേഴാം വയസ്സിൽ ഹിജ്റ 334 ദുല്‍ഹിജ്ജ രണ്ടിനായിരുന്നു ശൈഖ് ശിബ്‌ലിയുടെ വിയോഗം.