Kerala
ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തര സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം
സ്ഥാപന മേധാവികള്‍ നാളെ റിപോര്‍ട്ട് സമര്‍പ്പിക്കണം

തിരുവന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രി കെട്ടിടങ്ങളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണ് ബിന്ദു എന്ന യുവതി മരിക്കാന്‍ ഇടയായ സംഭവത്തിന് പിന്നാലെയാണ് നടപടി.
എല്ലാ സ്ഥാപന മേധാവികളും നാളെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി എച്ച് എസ് വിളിച്ച അടിയന്തര യോഗത്തിലെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തി. നേരത്തെ ഡി എച്ച് എസിന്റെ നേതൃത്വത്തില്‍ ഒരു ഓണ്‍ലൈന്‍ യോഗം ചേരുകയും ആശുപത്രികളുടെ ക്രമീകരണം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തിരുന്നു.
ചോര്‍ച്ചയും മറ്റ് പ്രശ്നങ്ങളുള്ള ആശുപത്രികള്‍ കണ്ടെത്തി അറ്റകുറ്റപണികള്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇനി ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ അടിയന്തര സുരക്ഷാ പരിശോധന നടത്തി നാളെ തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യം.