Kerala
39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍; തുമ്പുകണ്ടെത്താനാവാതെ പോലീസ്
1986 ല്‍ തനിക്ക് 15 വയസ്സ് ഉള്ളപ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരാളെ തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്ന് ഇപ്പോള്‍ 54 വയസ്സുള്ള മലപ്പുറത്തെ മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്.

കോഴിക്കോട് | 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തെക്കുറിച്ച് 54 കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ തുമ്പുകണ്ടെത്താനാവാതെ പോലീസ്. 1986 ല്‍ തനിക്ക് 15 വയസ്സ് ഉള്ളപ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരാളെ തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്ന് ഇപ്പോള്‍ 54 വയസ്സുള്ള മലപ്പുറത്തെ മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്. കോഴിക്കോട് തിരുവമ്പാടി പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
1986 ല്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ച് ഒരു സൂചന പോലും നല്‍കാന്‍ മുഹമ്മദിന് കഴിയുന്നില്ല. എന്നാല്‍ അന്നത്തെ പത്രങ്ങളില്‍ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
ജൂണ്‍ അഞ്ചിനു മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് മുഹമ്മദ് എന്ന 54കാരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ കൊലപാതകത്തെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഉപദ്രവിച്ച ഒരാളെ താന്‍ കൊലപ്പെടുത്തി എന്നും എന്നാല്‍ താന്‍ കൊലപ്പെടുത്തിയത് ആര് എന്ന് അറിയില്ലെന്നുമായിരുന്നു മുഹമ്മദിന്റെ വെളിപ്പെടുത്തല്‍.
1986 ല്‍ അന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടരഞ്ഞിയില്‍ താമസിക്കവേ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരു യുവാവിനെ തൊട്ടടുത്ത ദിവസം തോട്ടില്‍ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് തുറന്നു പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ തനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും കൊന്നത് ആരെയെന്നോ ഏത് ദേശക്കാരനെന്നോ തനിക്ക് അറിയില്ലെന്നും കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതൊന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവമ്പാടി പോലീസിന് കൈമാറി.
സംഭവം നടക്കുമ്പോള്‍ ആന്റണി എന്നായിരുന്നു തന്റെ പേര് എന്നും പിന്നീട് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂടരഞ്ഞിയിലെ ബന്ധുക്കളില്‍ നിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് പറയുന്ന സമയം ഈ പ്രദേശത്ത് ഒരു അസ്വാഭാവികം മരണം നടന്നതായി സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സംഭവം നാട്ടുകാര്‍ക്കും ഓര്‍മ്മയുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു മുഹമ്മദിനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ എന്തെങ്കിലും തെളിവോ കൊല്ലപ്പെട്ട ആളുടെ എന്തെങ്കിലും വിവരമോ കണ്ടെത്താന്‍ തിരുവമ്പാടി പോലീസിന് ആയിട്ടില്ല. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, 1986 രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഹമ്മദ് പറയുന്ന സമയം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.