Connect with us

National

മണിപ്പൂര്‍: റെയ്ഡില്‍ 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും കേന്ദ്ര സായുധ പോലീസും റെയ്ഡില്‍ പങ്കെടുത്തു.

Published

|

Last Updated

ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്.

പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും കേന്ദ്ര സായുധ പോലീസും റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്തവയില്‍ എ കെ 47 സീരീസിലുള്ളതും 21 ഇന്‍സാസ് റൈഫിളുകളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ടെങ്നൗപാല്‍, കാങ്പോക്പി, ചന്ദേല്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. 21 ഇന്‍സാസ് റൈഫിളുകള്‍, 11 എ കെ സീരീസ് റൈഫിളുകള്‍, 26 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, രണ്ട് സ്‌നൈപ്പര്‍ റൈഫിളുകള്‍, മൂന്ന് കാര്‍ബൈനുകള്‍, 17 303 റൈഫിളുകള്‍, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകള്‍, 30 ഐ ഇ ഡി കള്‍, 10 ഗ്രനേഡുകള്‍, 109 വിവിധ തരം വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

2023 മെയ് മൂന്നിനു മണിപ്പൂരില്‍ തുടങ്ങിയ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. ഈ സാഹചര്യത്തില്‍, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകള്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ സേനകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകളെന്നും പൊലീസ് വ്യക്തമാക്കി.

 

Latest