Connect with us

National

ഓപ്പറേഷൻ സിന്ദൂർ: ഒരു അതിർത്തിയിൽ നേരിടേണ്ടി വന്നത് മൂന്ന് ശത്രുക്കളെയെന്ന് ലഫ്. ജനറൽ രാഹുൽ ആർ സിംഗ്

പാകിസ്ഥാൻ മുന്നിൽ നിന്ന് പോരാടിയപ്പോൾ, ചൈന എല്ലാ സഹായങ്ങളും അവർക്ക് നൽകി. തുർക്കിയും പാകിസ്ഥാന് വലിയ പിന്തുണ നൽകിയെന്നും ലഫ്റ്റനന്റ് ജനറൽ

Published

|

Last Updated

ന്യൂഡൽഹി | പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ഒരു അതിർത്തിയിലാണ് നടന്നത് എങ്കിലും ശത്രുക്കൾ മൂന്നായിരുന്നുവെന്ന് ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ്. പാകിസ്ഥാൻ മുന്നിൽ നിന്ന് പോരാടിയപ്പോൾ, ചൈന എല്ലാ സഹായങ്ങളും അവർക്ക് നൽകി. തുർക്കിയും പാകിസ്ഥാന് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി (FICCI) സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വലിയ വിജയമായിരുന്നുവെന്നും, അതിൽ നിന്ന് നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിൽ 81 ശതമാനവും ചൈനീസ് നിർമ്മിതമാണെന്നത് അതിശയകരമല്ല. ചൈന തങ്ങളുടെ ആയുധങ്ങൾ മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങളിൽ പരീക്ഷിക്കുകയായിരുന്നു. ഒരു ലൈവ് ലാബ് പോലെയാണ് അവർ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഡിജിഎംഒ തലത്തിൽ ചർച്ചകൾ നടക്കുമ്പോൾ പോലും, പാകിസ്ഥാന് നമ്മുടെ നീക്കങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈനയിൽ നിന്ന് ലഭിച്ചിരുന്നു. ഭാവിയിൽ ഇത്തരം വെല്ലുവിളികളെ നേരിടാൻ ശക്തമായ ഒരു എയർ ഡിഫൻസ് സിസ്റ്റം നമുക്ക് ആവശ്യമാണെന്നും ലഫ്റ്റനന്റ് ജനറൽ സിംഗ് പഞ്ഞു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 രാത്രിയിലാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. ഇതിലൂടെ, പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലുമുള്ള 9 ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. ഇതിൽ പ്രകോപിതരായ പാക് സൈന്യം ഇന്ത്യയുടെ സൈനിക, സാധാരണ കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യം അത് പരാജയപ്പെടുത്തി. നാല് ദിവസം നീണ്ട സൈനിക ഏറ്റുമുട്ടലിന് ശേഷം മെയ് 10-ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

Latest