Connect with us

Kerala

വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന് എതിരെയും കേസെടുക്കണമെന്ന് കോടതി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എതിരെയും കേസെടുക്കണമെന്നും കോടതി

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച സംഭവത്തിൽ ഇ പി ജരാജന് എതിരെയും കേസെടുക്കാൻ കോടതി ഉത്തരവ്. ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. പ്രതിഷേധക്കേസിലെ പ്രതികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ഫർസീൻ മജീദും ആർകെ നവീൻ കുമാറും സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പ്രതിഷേധിച്ചപ്പോൾ ഇപി ജയരാജൻ കയ്യേറ്റം ചെയ്തുവെന്നും തങ്ങൾക്ക് പരിക്ക് പറ്റിയെന്നുമാണ് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടിയത്. ഇപി ജയരാജൻ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും മുഖത്തടിച്ചു വീഴ്തത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പരാതിക്കാര്‍ വീല്‍ചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവര്‍ കോടതിയില്‍ ഹാജരാക്കി.

ഹരജി പരിഗണിച്ച കോടതി ഇ പി ജയരാജനും മറ്റുള്ളവർക്കും എതിരെ എഫ് ഐ ആർ രജിസ്റ്റർ െചയ്ത് അന്വേഷണം നടത്താൻ വലിയ തുറ പോലീസിന് നിർദേശം നൽകുകയായിരുന്നു. പരാതിയിൽ പറയുന്ന കുറ്റങ്ങൾക്ക് അനുസൃതമായി വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നത്. അതിനാൽ ഈ രണ്ട് വകുപ്പുകളിൽ തന്നെയാകും പോലീസിന് കേസെടുക്കേണ്ടി വരിക.

കേസിൽ നേരത്തെ വധശ്രമത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡൻറ് െക എസ് ശബരിനാഥന് എതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ശബരിനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം കോടതി ജാമ്യത്തിൽ വിടുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം,  മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം, റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണം തുടങ്ങിയ ഉപാധികളോടെയാണ് ശബരിനാഥന് കോടതി ജാമ്യം നൽകിയത്. വിമാനത്തിലെ പ്രതിഷേധത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ആഹാനം നടത്തിയെന്നാണ് ശബരിനാഥ് എതിരായ ആക്ഷേപം. യൂത്ത് കോൺഗ്രസിന്റെ ഗ്രൂപ്പിൽ ശബരിനാഥൻ പ്രതിഷേധിക്കാൻ ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു കേസെടുക്കൽ നടപടി.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 12നാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു സഹയാത്രക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധവുമായി മുഖ്യമന്ത്രിക്കടുത്തേക്ക് ഓടിയടുത്ത യൂത്ത്‌കോണ്‍ഗ്രസുകാരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തടയുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ പ്രതിചേധിച്ചവർക്ക് രണ്ടാഴ്ചത്തേക്കും ഇ പി ജയരാജന് മൂന്നാഴ്ചത്തെയും യാത്രാവിലക്ക് ഇൻഡിഗോ ഏർപെടുത്തിയിരുന്നു.