Connect with us

Ongoing News

വിശുദ്ധ റമസാനിലെ ആദ്യ ജുമുഅ നിസ്‌കാരം; നിറഞ്ഞുകവിഞ്ഞ് ഇരുഹറമുകള്‍

ഭക്തിസാന്ദ്രമായി റമസാനിലെ ആദ്യ വെള്ളി.

Published

|

Last Updated

മക്ക/മദീന | പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളിലും വിശ്വാസ സാഗരം. റമസാനിലെ ആദ്യ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാല്‍ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു.

മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലും ജനബാഹുല്യത്താല്‍ നിസ്‌കരിക്കുന്നവരുടെ നിര പുറത്തേക്ക് നീണ്ടു. സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുമടക്കം ലക്ഷങ്ങളാണ് ഇരുഹറമുകളിലും ആദ്യത്തെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

സുബ്ഹി നിസ്‌കാരത്തോടെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഹറമുകളുടെ മുകള്‍ ഭാഗങ്ങള്‍, മുറ്റങ്ങള്‍, ഇടനാഴികള്‍ എന്നിവ ജുമുഅ നിസ്‌കാരത്തിന് മുമ്പു തന്നെ നിറഞ്ഞിരുന്നു. ഇരു ഹറം പള്ളികളിലും മികച്ച സൗകര്യങ്ങളാണ് വിശ്വാസികള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇമാമും പ്രഭാഷകനുമായ ശൈഖ് അബ്ദുല്ല അല്‍-ജഹ്നി ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കി. നോമ്പ് കാലത്ത് കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കുകയും മുന്‍കരുതലുകളെടുക്കുകയും അവസരം കൈവിട്ടുപോകുന്നതിനു മുമ്പ് ഉപയോഗപ്പെടുത്തുകയും തന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പതിവായി പാരായണം ചെയ്തും ദരിദ്രര്‍ക്കും അനാഥര്‍ക്കും ദാനം ചെയ്തും പാപങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കണമെന്നും ഇമാം ഉണര്‍ത്തി.

പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ഇമാമും പ്രഭാഷകനുമായ ശൈഖ് ഡോ. അഹമ്മദ് അല്‍-ഹുതൈഫി ഖുതുബക്ക് നേതൃത്വം നല്‍കി. വിശുദ്ധ റമസാന്‍ അല്ലാഹുവിലേക്ക് മടങ്ങുന്നതിനുള്ള മാസമാണ്. മനസ്സും ശരീരവും അല്ലാഹുവിലേക്ക് തിരിഞ്ഞ് അവന്റെ സാമീപ്യം അനുഭവിക്കണമെന്നും ആത്മാവിന്റെ ബന്ധനങ്ങളും പരിമിതികളും പൊട്ടിച്ചെറിയപ്പെടുകയും, ആഗ്രഹങ്ങളും ഇച്ഛകളും നിയന്ത്രിക്കപ്പെടുകയും, തടസ്സങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും മോചിതമാവുകയും, സ്രഷ്ടാവിനോടുള്ള അനുസരണത്തിന്റെ മേഖലകളിലേക്ക് ഇറങ്ങുകയും ചെയ്യുന്ന ഒരു മാസത്തില്‍ ഇബാദത്തുകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷം കനത്ത സുരക്ഷയാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ ആരാധന നിര്‍വഹിക്കാനും വിശ്വാസാനുഭവം സമ്പന്നമാക്കാനും ഏറെ സഹായകമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ ഏകോപനം ഉണ്ടായതോടെ റമസാനിലെ പദ്ധതി വിജയം നേടിയതായി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍-സുദൈസ് പറഞ്ഞു. ഈ വര്‍ഷത്തെ റമസാനില്‍ നാല് വെള്ളിയാഴ്ചകളാണുള്ളത്. ആദ്യ പത്തിലും രണ്ടാം പത്തിലും ഓരോ വെള്ളിയാഴ്ചയും അവസാന പത്തില്‍ രണ്ട് വെള്ളിയാഴ്ചകളുമാണുള്ളത്.

 

 

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest