Kerala
ഫറോക്കില്‍ ഐ ഒ സി ഡിപ്പോയിൽ തീപ്പിടിത്തം; നാല് പേര്‍ക്ക് പരിക്ക്
ജീവനക്കാർ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി

ഫറോക്ക് | ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി) ഫറോക്ക് ഡിപ്പോയിൽ ഇന്ധന ടാങ്കിലുണ്ടായ തീപ്പിടുത്തത്തിൽ നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ധനമില്ലാത്ത ടാങ്കിൽ വെൽഡിങ്ങ് ജോലിക്കിടെയാണ് തീപ്പിടുത്തമുണ്ടായത്. ഫറോക്ക് പുറ്റെക്കാട് ഐ ഒ സി റോഡിൽ അസ് നാസ് വീട്ടിൽ ഹംസക്കോയ (58), ചെറുവണ്ണൂർ കൊല്ലേരിതാഴം എടത്തിൽ സുബീഷ് (46), കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി എ പി അലോക് ആത്മപ്രകാശ് (33), ഉത്തർ പ്രദേശ് സ്വദേശി ദീപക് (45) എന്നിവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
515 കിലോ ലിറ്റർ ശേഷിയുള്ള എത്തനോൾ ടാങ്ക് ഒരു മാസത്തോളമായി ഇന്ധനം നിറക്കാതെ കാലിയായി കിടക്കുകയായിരുന്നു. ഈ ടാങ്കിൽ വെൽഡിങ് ജോലി ചെയ്യുന്നിതിനിടയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരുടെ സമയോചിത ഇടപെടലാണ് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കരുതി വെച്ച വെള്ളം പമ്പുചെയ്ത് ജീവനക്കാർ തീ പടരാതിരിക്കാൻ നടത്തിയ ശ്രമമാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.
മീഞ്ചന്ത ഫയർ ഫോഴ്‌സിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ടാങ്കുകൾ തണുപ്പിച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾ ഐ ഒ സി വിട്ടത്.