Connect with us

Ongoing News

ഫിഫ വിലക്ക്; ആശങ്കയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍

സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നതു വരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന ക്ലബ് ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആരോപിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫ വിലക്കേര്‍പ്പെടുത്തിയതോടെ പ്രമുഖ ഐ എസ് എല്‍, ഐ ലീഗ് ക്ലബുകളും താരങ്ങളും കടുത്ത ആശങ്കയില്‍. എ ഐ എഫ് എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും ഇതാണ് വിലക്കിന് കാരണമായതെന്നും ഫിഫ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന ക്ലബ് ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന് ലോക ഫുട്‌ബോള്‍ ഗവേണിങ് ബോഡി ജനറല്‍ സെക്രട്ടറി ഫത്മ സമോറ അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ, സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫിഫയോ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബോ (എ എഫ് സി) നടത്തുന്ന വികസന പദ്ധതികള്‍, കോഴ്‌സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയുടെ ആനുകൂല്യങ്ങളും എ ഐ എഫ് എഫിനോ അതിലെ അംഗങ്ങള്‍, ഒഫീഷ്യലുകള്‍ എന്നിവര്‍ക്കോ ലഭിക്കില്ല. വിഷയത്തില്‍ നാളെ സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കുന്നുണ്ട്.

വിലക്ക് പിന്‍വലിച്ചിട്ടില്ലെങ്കില്‍ വിയത്‌നാമിനെതിരെ സെപ്തംബര്‍ 24നും സിംഗപ്പൂരിനെതിരെ സെപ്തംബര്‍ 27നും ഷെഡ്യൂള്‍ ചെയ്തിരുന്ന സൗഹൃദ മത്സരങ്ങള്‍ റദ്ദാക്കപ്പെടും. എ എഫ് സി വുമണ്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഉസ്‌ബെക്കിസ്ഥാനിലേക്ക് പോയ, ഇന്ത്യന്‍ വുമണ്‍സ് ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയും ഫിഫയുടെ നിലപാടില്‍ വിട്ടുവീഴ്ചയുണ്ടാകുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആഗസ്റ്റ് 23ന് ഖര്‍ഷിയില്‍ സോഗ്ദിയാന-ഡബ്ല്യുവിനെതിരായ മത്സരത്തിനുള്ള തയാറെടുപ്പുകള്‍ ഗോകുലം നടത്തിവരുന്നതിനിടെയാണ് ഫിഫയുടെ വിലക്ക് പ്രഖ്യാപിക്കപ്പെട്ടത്. അടുത്ത റൗണ്ട്-റോബിന്‍ മാച്ചില്‍ ആഗസ്റ്റ് 26ന് ഇറാന്‍ ക്ലബായ ബാം ഖാത്തൂനുമായും കോഴിക്കോട് ആസ്ഥാനമായ ക്ലബിന് മത്സരമുണ്ട്.

സെപ്തംബര്‍ ഏഴിന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എ ടി കെ മോഹന്‍ബഗാന്റെ എ എഫ് സി കപ്പ് ഇന്റര്‍ സോണല്‍ സെമി ഫൈനല്‍ മത്സരവും കരിനിഴലിലായിരിക്കുകയാണ്. എ എഫ് സി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്ലേ ഓഫിലെ എട്ട് ക്ലബുകളുടെ ലിസ്റ്റില്‍ എ ടി കെയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പി എസ് എം മകാസ്സര്‍, കെദാ ദാറുല്‍ അമാന്‍, വിയെറ്റല്‍ എഫ് സി, ക്വാലാലംപുര്‍ സിറ്റി എഫ് സി, അറബി എസ് സി, അല്‍ സീബ്, ഈസ്റ്റ് റിഫ, അല്‍ റിഫ എന്നീ ടീമുകളുടെ പേരാണ് നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. വരാനിരിക്കുന്ന മറ്റ് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്ത്യന്‍ ടീമുകളുടെ പങ്കാളിത്തത്തിനും ഫിഫയുടെ വിലക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

എ ഐ എഫ് എഫിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 30 ലക്ഷം ഡോളറിന്റെ ഗ്രാന്റുകള്‍ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കാല്‍പ്പന്തുകളിയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എ ഐ എഫ് എഫ് ഈ തുക ചെലവാക്കിയത്. വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ഗ്രാന്റ് ഇനത്തില്‍ അഞ്ച് ലക്ഷം ഡോളറാണ് എ ഐ എഫ് എഫിന് നഷ്ടപ്പെടുക. ആസ്‌ട്രോ ടര്‍ഫ് നിര്‍മിക്കുന്നതിനുള്ള സഹായവും ഫുട്‌ബോള്‍, ജേഴ്‌സി, മറ്റ് കളിയുപകരണങ്ങള്‍ എന്നിവയും ഫിഫ അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കിവരാറുണ്ടെന്നും വിലക്ക് തുടര്‍ന്നാല്‍ ഇതെല്ലാം നിലയ്ക്കുമെന്നും ഒരു എ ഐ എഫ് എഫ് പ്രതിനിധി വെളിപ്പെടുത്തി.

 

Latest