Connect with us

feature

പേടിക്കേണ്ട, ഇവിടം സ്ത്രീകൾ സുരക്ഷിതരാണ്

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിലാണ് ഇന്ദിരാഗാന്ധി വനിതാ പോലീസ് സ്റ്റേഷൻ എന്ന ആശയം മുന്നോട്ടുവെച്ചത്. പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ പ്രത്യേക ശ്രദ്ധ നൽകുകയെന്നതായിരുന്നു ലക്ഷ്യം.ഉദ്ഘാടനം കഴിഞ്ഞ് അന്പത് വർഷം പിന്നിടുന്പോഴും ആശ്വാസം തേടിയെത്തിയ ആയിരക്കണക്കിന് സ്ത്രീകൾക്ക് സേവനം ചെയ്ത് തലയുയർത്തി നിൽക്കുകയാണ് ഏഷ്യയിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ.

Published

|

Last Updated

പോലീസ് സ്റ്റേഷനെന്ന പേര് കേൾക്കുന്പോൾ തന്നെ അറിയാതെ മുട്ടുവിറയ്ക്കുന്നവരാണ് ഇന്നും നമ്മളിൽ പലരും. ജനതക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് പോലീസ്. ഇവരുടെ നിസ്വാർഥമായ, അകമഴിഞ്ഞ സേവനമാണ് നാടിന്റെയും നാട്ടുകാരുടെയും സന്തോഷവും സമാധാനവുമായി മാറുന്നത്. എങ്കിലും ഒരിക്കൽ പോലും പോലീസ് സ്റ്റേഷനിൽ കയറേണ്ട ആവശ്യങ്ങളൊന്നും ഉണ്ടാകരുതേയെന്ന് പ്രാർഥിക്കുന്നവർ സമൂഹത്തിൽ ഇന്നുമുണ്ട്. ഈ സാഹചര്യത്തിലും ഉദ്ഘാടനം കഴിഞ്ഞ് അന്പത് വർഷം പിന്നിടുന്പോഴും ആശ്വാസം തേടിയെത്തിയ ആയിരക്കണക്കിന് സ്ത്രീകൾക്ക് സേവനം ചെയ്ത് തലയുയർത്തി നിൽക്കുകയാണ് ഏഷ്യയിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ.

1973 ഒക്ടോബർ 27 കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിനമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഏഷ്യയിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ നഗരത്തിലെത്തി. കേരള ഗവർണർ എൻ എൻ വാഞ്ചൂ, മുഖ്യമന്ത്രി സി അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ കരുണാകരൻ എന്നിവർ ഇന്ദിരക്കൊപ്പം സന്നിഹിതരായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ഒരു പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനെത്തി എന്ന പേരിൽ ചരിത്രത്തിലിടം നേടിയ സംഭവം കൂടിയാണിത്.

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിലാണ് ഇന്ദിരാഗാന്ധി വനിതാ പോലീസ് സ്റ്റേഷൻ എന്ന ആശയം മുന്നോട്ടുവെച്ചത്. പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ പ്രത്യേക ശ്രദ്ധ നൽകുകയെന്നതായിരുന്നു ലക്ഷ്യം. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ തുറന്നതോടെ സ്ത്രീ സൗഹൃദ പോലീസ് യുഗത്തിനാണ് തുടക്കമായത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനായി സ്ഥാപിതമായ ഇവിടുത്തെ മുഴുവൻ ജീവനക്കാരും വനിതകളായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനോട് ചേർന്ന് ഒരു ചെറിയ ക്രമീകരണമായിരുന്നു സ്റ്റേഷൻ. തിരുവനന്തപുരം സ്വദേശിനി പത്മിനി അമ്മയായിരുന്നു ആദ്യ സബ് ഇൻസ്പെക്ടർ. കൂടാതെ മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരും 12 കോൺസ്റ്റബിൾമാരും. പിൻഗാമിയായ കുട്ടിയമ്മ നഗരത്തിലെ പൂവാലന്മാരുടെ പേടിസ്വപ്നമായിരുന്നു.

ഉദ്ഘാടനം കാണാനെത്തിയവരുടെ തിരക്കിൽ കാണാതായ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു ആദ്യ ഡ്യൂട്ടി. കൂടാതെ ഉദ്ഘാടന ചടങ്ങിന്റെ അന്ന് ട്രാഫിക് നിയന്ത്രിച്ചതും വനിതാ പോലീസ് ആയിരുന്നു. തുടക്കത്തിൽ സാരിയും പിന്നീട് പാന്റ്‌സും ഷർട്ടുമായി യൂനിഫോം. ആദ്യം ഹരജി സ്വീകരിച്ച് അന്വേഷണം നടത്താൻ മാത്രമാണ് അനുവാദമുണ്ടായിരുന്നത്.

1974ൽ പരാതികൾ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ അനുവദിച്ചു. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വനിതാ പോലീസ് സ്റ്റേഷനുകളും വനിതാ സെല്ലുകളും തുറന്നിട്ടുണ്ട്. 1997ൽ പാവമണി റോഡിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റി. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്ത്രീ സുരക്ഷ മാത്രമല്ല എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് സ്റ്റേഷൻ മാറുകയും ചെയ്തു. ഇന്ന് സഹായം തേടിയെത്തുവർക്കെല്ലാം മുന്നിൽ ഇതിന്റെ പടിവാതിൽ തുറന്നിട്ടിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണറുടെ (ടൗൺ) കീഴിലാണ് ഇന്ന്, സ്റ്റേഷന്റെ പ്രവർത്തനം. കൊയിലാണ്ടി സ്വദേശിനിയായ തുളസി കെ കെയാണ് സബ് ഇൻസ്‌പെക്ടർ. അഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, ആറ് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 13 സി പി ഒമാർ എന്നിവരുൾപ്പെടെ 24 പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ ക്രമസമാധാനപാലനത്തിലെ സജീവ സാന്നിധ്യമാണ്.
സുവർണ ജൂബിലിയോടനുബന്ധിച്ച് ഈ മാസം 16 മുതൽ 27 വരെ പത്ത് ദിവസത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 16ന് കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ബ്ലഡ് ബേങ്കിലേക്ക് 50 പോലീസ് ഉദ്യോഗസ്ഥർ രക്തം ദാനം ചെയ്തതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കേശദാനം, മെഡിക്കൽ ക്യാമ്പ്, വനിതാ ക്രിക്കറ്റ് , മെഗാ തിരുവാതിര, ലഞ്ച് വിത്ത് പുവർ ഹോം പീപ്പിൾ, വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള പരിപാടികൾ, കൂട്ട്-വിംഗ്സ് വിമൻ എക്സ്പോ എന്നിങ്ങനെയാണ് പരിപാടികൾ. രക്തദാനവും കേശദാനവും ഒരു തുടക്കം മാത്രമാണെന്ന്് സ്റ്റേഷൻ ജീവനക്കാർ പറഞ്ഞു.

dhanya0304@gmail.com

Latest