Malappuram
പുണ്യ റമളാനിന് യാത്രാമൊഴി: മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅക്കെത്തിയത് ആയിരങ്ങള്‍
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഖുതുബക്ക് ഇമാം ഷൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് നേതൃത്വം നല്‍കി.

മലപ്പുറം| അസ്സലാമു അലൈക യാ ശഹ്‌റ റമളാന്‍… ഖത്വീബ് മിമ്പറില്‍ നിന്ന് പുണ്യ മാസത്തിന് സലാം ചൊല്ലിയപ്പോള്‍ വിശ്വാസി നയനങ്ങളില്‍ കണ്ണീര്‍ പാഷ്പങ്ങള്‍ ഒലിച്ചിറങ്ങി. റമളാനിലെ അവസാന ദിനവും അവസാന വെള്ളിയാഴ്ചയും ഒത്തൊരുമിച്ച പകലില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅക്കെത്തിയത് ആയിരങ്ങളായിരുന്നു. പള്ളിക്കകത്ത് ഉള്‍ക്കൊള്ളാനാകാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു.
റമളാന്‍ അഞ്ച് വെള്ളിയാഴ്ച ലഭിക്കുക എന്നത് അപൂര്‍വമായി ലഭിക്കുന്ന സൗഭാഗ്യമാണ്. അതു കൊണ്ട് തന്നെ വിശ്വാസികള്‍ വളരെ നേരത്തെ പള്ളിയില്‍ ഇടം പിടിച്ചു. ജുമുഅക്ക് ശേഷം പ്രഭാഷണവും കഴിഞ്ഞാണ് വിശ്വാസികള്‍ പള്ളിയില്‍ നിന്നിറങ്ങിയത്.
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഖുതുബക്ക് ഇമാം ഷൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് നേതൃത്വം നല്‍കി. അബൂബക്കര്‍ അഹ്‌സനി തെന്നല പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. പെരുന്നാള്‍ ദിവസമായ നാളെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ 7.30 ന് നിസ്‌കാരം നടക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രാവിലെ 8.15 ന് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി പെരുന്നാള്‍ നിസ്‌കാരം സംഘടിപ്പിക്കും. ഗ്രാന്റ് മസ്ജിദ് ഇമാം ഷൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് നേതൃത്വം നല്‍കും.