Connect with us

fact check

FACT CHECK: ദുബൈയില്‍ നഗരത്തിന്റെ പേര് മാറ്റിയത് ഇന്ത്യക്കുള്ള ആദരവോ?

ചുരുക്കത്തില്‍, ഇന്ത്യക്കുള്ള ആദരമാണ് ഈ പേരുമാറ്റമെന്ന് അവകാശപ്പെട്ട് ബി ജെ പി കൂടുതല്‍ പരിഹാസ്യരാകുകയാണ്.

Published

|

Last Updated

ദുബൈയില്‍ ഒരു സ്ഥലത്തിന്റെ പേര് മാറ്റിയത് ഇന്ത്യന്‍ ജനതക്കും ഹിന്ദു സമുദായത്തിനുമുള്ള അംഗീകാരമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ട്. ബി ജെ പിയാണ് ഈ പ്രചാരണത്തിന് തിരികൊളുത്തിയത്. ബി ജെ പി ദേശീയ വക്താവ് ആര്‍ പി സിംഗ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. അതേറ്റുപിടിച്ച് വലിയ അവകാശവാദങ്ങളാണ് ഉയരുന്നത്. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

അവകാശവാദം : യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അല്‍ മിന്‍ഹദ് ജില്ലയുടെ പേര് ഹിന്ദ് സിറ്റി എന്നാക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. 84 ചതുരശ്ര കി മീ വരുന്ന അല്‍ മിന്‍ഹദ് ഇനിമുതല്‍ ഹിന്ദ് സിറ്റി എന്നാണ് അറിയപ്പെടുക. മാനവികതക്ക് ഇന്ത്യയും ഹിന്ദു സമൂഹവും നല്‍കിയ സംഭാവകള്‍ക്കുള്ള ആദരമാണിത് (ആര്‍ പി സിംഗിന്റെ ട്വീറ്റ്).

വസ്തുത : സ്ഥലപ്പേര് മാറ്റിയത് ഏതെങ്കിലും രാജ്യത്തിനുള്ള ആദരവ് അല്ലെന്ന് ദുബൈ സര്‍ക്കാറിന്റെ മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഹിന്ദ് എന്നത് ഒരു അറബി പേരാണെന്നും മേഖലയുടെ പൗരാണിക നാഗരികതയുമായാണ് അതിന്റെ വേരുകള്‍ പിണഞ്ഞുകിടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. മാത്രമല്ല, പേരുമാറ്റം പ്രഖ്യാപിച്ച ശൈഖ് മുഹമ്മദിന്റെ ട്വീറ്റില്‍ ഔദ്യോഗിക കാരണമോ ഇന്ത്യയുമായുള്ള ബന്ധമോ പറയുന്നില്ല.

ജനുവരി 29ന് ദുബൈ സര്‍ക്കാറിന്റെ വെബ്‌സൈറ്റിലാണ് അല്‍ മിന്‍ഹദ് പേരുമാറ്റം സംബന്ധിച്ച വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചത്. അല്‍ മിന്‍ഹദും ചുറ്റുമുള്ള സ്ഥലങ്ങളും ഹിന്ദ് നഗരമായി പുനര്‍നാമകരണം ചെയ്യാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്താ കുറിപ്പിലുള്ളത്. വിവിധ അറബി രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതുവെ ഇടുന്ന പേരാണ് ഹിന്ദ് എന്നുള്ളത്. ഇതിന് ഇന്ത്യയുമായി ബന്ധമില്ല. ചുരുക്കത്തില്‍, ഇന്ത്യക്കുള്ള ആദരമാണ് ഈ പേരുമാറ്റമെന്ന് അവകാശപ്പെട്ട് ബി ജെ പി കൂടുതല്‍ പരിഹാസ്യരാകുകയാണ്.

 

Latest