Connect with us

Articles

കാര്‍ന്നു തിന്നും മുമ്പേ കണ്ണിയറുക്കണം

ലഹരി സംബന്ധമായ കേസുകളില്‍ പിടിയിലാകുന്നവരുടെ വിശദാംശങ്ങള്‍ വെച്ച് നമുക്ക് കൃത്യമായ വര്‍ഗീകരണം സാധ്യമാണോ? അല്ല എന്നതാണുത്തരം. കാരണം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ കൗമാരക്കാരും യുവതയുമടക്കം ലിംഗ-പ്രായ ഭേദമന്യേ എല്ലാവരും പ്രതിപ്പട്ടികയില്‍ ഇടം പിടിക്കുന്നു. എന്നാല്‍ പതിവില്‍ നിന്ന് വിഭിന്നമായി പ്രതിപ്പട്ടികയിലെ ഇളം തലമുറയുടെ എണ്ണം പെരുകുന്നത് നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥയെ തുറന്നു കാണിക്കുന്നു.

Published

|

Last Updated

കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത ലഹരി സംബന്ധമായ വാര്‍ത്തകളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ലഹരി സംബന്ധമായ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ഗൗരവതരമായ വിഷയം തന്നെയാണ്. ഏതെങ്കിലും പ്രത്യേകമായ പരിശോധനാ ഡ്രൈവുകളുടെ ഫലമായി കൊണ്ടാകാം റിപോര്‍ട്ടുകളിലെ വര്‍ധന. എന്നാല്‍ നമ്മുടെ സമൂഹം ഇന്നെത്തി നില്‍ക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

ആരൊക്കെയാണ് ലഹരി പദാര്‍ഥങ്ങളുടെ വിപണന-ഉപഭോഗ ശ്രമത്തിനിടെ പിടിയിലാകുന്നത്. ലഹരി സംബന്ധമായ കേസുകളില്‍ പിടിയിലാകുന്നവരുടെ വിശദാംശങ്ങള്‍ വെച്ച് നമുക്ക് കൃത്യമായ വര്‍ഗീകരണം സാധ്യമാണോ? അല്ല എന്നതാണുത്തരം. കാരണം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ കൗമാരക്കാരും യുവതയുമടക്കം ലിംഗ-പ്രായ ഭേദമന്യേ എല്ലാവരും പ്രതിപ്പട്ടികയില്‍ ഇടം പിടിക്കുന്നു. എന്നാല്‍ പതിവില്‍ നിന്ന് വിഭിന്നമായി പ്രതിപ്പട്ടികയിലെ ഇളം തലമുറയുടെ എണ്ണം പെരുകുന്നത് നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥയെ തുറന്നു കാണിക്കുന്നു.

പുറത്തു വരുന്ന കണക്കുകള്‍ എല്ലാം ‘പിടിക്കപ്പെടുന്നു’ എന്നത് കൊണ്ട് മാത്രം വെളിച്ചം കാണുന്ന സംഭവങ്ങളാണ്. പിടിക്കപ്പെടാതെ സമൂഹത്തില്‍ പരക്കുന്നതിന്റെ ചെറിയ ഒരംശം മാത്രമേ നിയമപാലകരുടെ കണ്ണില്‍ പെടുന്നുള്ളൂ. അബ്കാരി-മയക്കുമരുന്നു മാഫിയകള്‍ സര്‍വ സഭ്യതയും ഭേദിച്ച് സമൂഹത്തില്‍ വേരാഴ്ത്തുമ്പോള്‍ അതിനൊത്ത ജാഗ്രതയില്ലെങ്കില്‍ ഛിദ്രമാകുന്നത് നമ്മുടെ സാമൂഹിക സംവിധാനങ്ങള്‍ തന്നെയായിരിക്കും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്താകെ ലഹരിക്കടത്തിന് പിടിയിലായവരില്‍ 21 വയസ്സ് തികയാത്തവരുടെ എണ്ണം 1,978 ആണ്. ഈ കുട്ടിക്കടത്തുകാരില്‍ നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടും.

ഒരു സമൂഹം എങ്ങനെ ലഹരിക്കടിപ്പെടുന്നു എന്നതിന്റെ പിന്നാമ്പുറങ്ങള്‍ ചൂഴ്ന്നന്വേഷിക്കുമ്പോള്‍ ചുരുളഴിയുന്നത് അസംഭവ്യമെന്ന് തോന്നാവുന്ന തിരക്കഥകളായിരിക്കും. നമ്മുടെ ഭാവനകള്‍ക്കു വിഭിന്നമായി നമ്മുടെ മക്കളുടെ ലഹരിസ്രോതസ്സുകള്‍ ചിലപ്പോള്‍ അവരുടെ കൂട്ടുകാര്‍ തന്നെയായിരിക്കാം. എന്തിനോടും കൗതുകവും ആസക്തിയും ഉള്ള ചെറുപ്രായത്തില്‍ ലഹരി നമ്മുടെ മക്കളിലേക്ക് വിരുന്നെത്തുന്നത് പലപ്പോഴും സൗജന്യ രൂപേണയായിരിക്കും. നേരും നെറിയും തിരിയാത്ത എന്തെന്നോ ഏതെന്നോ തിരിച്ചറിയാത്ത പ്രായത്തില്‍ ചെറുമക്കളെ ലഹരിക്കടിപ്പെടുത്തുക വഴി നിരന്തര മാര്‍ക്കറ്റിംഗും ഈസി സപ്ലെയുമായിരിക്കും മാഫിയകള്‍ ഉന്നം വെക്കുന്നത്. ഭവിഷ്യത്തോ പരിണത ഫലമോ അറിയാതെ ലഹരി നുണയുന്ന ചെറു ബാല്യങ്ങള്‍ പതിയെ അടിമപ്പെടുകയും കുട്ടിക്കാരിയര്‍മാരായി മാറുകയും ചെയ്യുന്നു.

മറ്റൊന്ന് കൗമാരം പിന്നിട്ട യുവതലമുറയാണ്. ലഹരിയാണ്, വിപത്താണ് എന്ന് അറിഞ്ഞു കൊണ്ട് ലഹരിക്കടിപ്പെടുന്ന കൂട്ടരാണിവര്‍. ചെറിയ തോതില്‍ ലഹരിയൊക്കെ ആകാം എന്നൊരു മനോഭാവം നമ്മുടെ യുവതീ യുവാക്കള്‍ക്കിടയില്‍ പരക്കുന്നുണ്ട്. ലഹരിയുടെ ഈ സ്വാഭാവികവത്കരണം അത്യന്തം അപകടമേറിയതാണ്. പുതു തലമുറക്കിടയില്‍ വിവിധ തരം ലഹരികളുടെ വൈവിധ്യമായ ഉപയോഗത്തെ സൂചിപ്പിക്കുമാറ് വിപുലമായ പദാവലികള്‍ തന്നെ നിലവിലുണ്ട്. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് ‘മെയ്ക്ക് ചെയ്ത് അടിക്കാത്തവര്‍’ ഒത്തിരി പഴഞ്ചനാണ്. ലഹരിയുടെ ഈ സ്വാഭാവികവത്കരണത്തില്‍ പുതു ദൃശ്യമാധ്യമങ്ങളിലെയും ചലചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്. ഈയടുത്ത് വിവിധ യൂട്യൂബര്‍മാരും ടിക്-ടോക്ക് താരങ്ങളും അകത്തായത് കൂടെ ചേര്‍ത്തു വായിക്കുക.

കൂടുതല്‍ സൗകര്യവും റിസ്‌ക് കുറഞ്ഞതുമായ മാര്‍ഗമെന്ന നിലയില്‍ യുവതികളെ കൂടുതലായി കാരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നത് കാണാം. ലഹരിയുടെ ആനന്ദം സൗജന്യമായി പകര്‍ന്നു കൊടുക്കുകയും അഡിക്ഷന്‍ വരുന്നതോടെ കാരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നതുമാണ് മാഫിയാരീതി. പുത്തന്‍ തലമുറ മയക്കുമരുന്നുകള്‍ ആനന്ദത്തിന്റെ കൊടുമുടി നിമിഷ നേരങ്ങള്‍ കൊണ്ട് സാധ്യമാക്കുമെങ്കിലും അതിനേക്കാള്‍ പതിന്മടങ്ങ് ആസക്തി ജനിപ്പിക്കുന്നു. നാഡി വ്യവസ്ഥകളെ ഗുരുതരമായി ബാധിക്കുന്നു. ജീവിതം തന്നെയും തകര്‍ന്നു പോകുമെന്നറിഞ്ഞിട്ടും കരകയറാ കയത്തില്‍ നമ്മുടെ മക്കള്‍ പലപ്പോഴും പെട്ടുപോകുകയാണ്. വരുംവരായ്മകളെ പരിഗണിക്കാതെ ഈ നിമിഷത്തില്‍ ജീവിതം ആനന്ദകരമാക്കുക എന്ന മോട്ടിവേഷനല്‍ ബി ജി എമ്മുകള്‍ കൂടെ അകമ്പടി സേവിക്കുമ്പോള്‍ രംഗം കൊഴുത്തുവല്ലോ.
ലഹരി സര്‍വ വ്യാപിയാകുന്നതിനു പിന്നില്‍ വര്‍ത്തിക്കുന്ന മറ്റു ഘടകങ്ങളെന്തെല്ലാമാണ്, പരിഹാരം എന്ത് എന്നുള്ള ചര്‍ച്ച അനിവാര്യമാണ്. പ്രാഥമികമായി നിയമപാലനത്തിന്റെ അഭാവവും അലംഭാവവും തന്നെയാണ് കാരണം. അടുത്ത ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടി എന്നത് കൊണ്ട് ഉപഭോഗത്തില്‍ പെട്ടെന്ന് ഒരു വര്‍ധനവ് ഉണ്ടായിക്കൊള്ളണം എന്നില്ല എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. മാരകമായ മയക്കുമരുന്നുകളുള്‍പ്പെടെ നമ്മുടെ പരിസരങ്ങളില്‍ ലഹരി സുലഭമാണ്. കാര്യക്ഷമമായ പരിശോധനകളോ പ്രതിരോധ മാര്‍ഗങ്ങളോ സ്വീകരിക്കുന്നില്ല. പിടിക്കപ്പെട്ടാല്‍ തന്നെ നിയമത്തിന്റെ പഴുതുകളും സോഷ്യല്‍ സ്റ്റാറ്റസുകളും രാഷ്ട്രീയ പ്രിവിലേജുകളും ഉപയോഗിച്ച് പുറത്തിറങ്ങുന്ന പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കു തന്നെ പാരയാകുന്നത് നിയമപാലനത്തിന്റെ അലംഭാവത്തിന് കാരണമായേക്കാം.

മറ്റേതൊരു നിയമവിരുദ്ധതയെയും പോലെ ശക്തമായ മാഫിയാ സാന്നിധ്യം പല ലഹരി വിമുക്ത ശ്രമങ്ങളെയും പിറകോട്ടടിപ്പിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കാരിയര്‍മാര്‍ പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും ആളുകള്‍ അനവധിയുണ്ട്. വിഘാതം നില്‍ക്കുന്ന ഉദ്യോഗസ്ഥ-സിവില്‍ സൊസൈറ്റികളെ വിരട്ടി പാഠം പഠിപ്പിക്കലും മറ്റുമായി ലഹരി മാഫിയകളുടെ കൊട്ടേഷന്‍ സംഘങ്ങള്‍ നാടുകളില്‍ വിലസുകയാണ്. ഇത്തരം സംഘങ്ങളുടെ വേരുകള്‍ പ്രമാണിത്തരത്തിലും ഉദ്യോഗസ്ഥ കൂട്ടുകെട്ടിലും ചെന്നവസാനിക്കുന്നതിനാല്‍ സ്വജീവനില്‍ കൊതിയുള്ളവര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
എന്നാല്‍ ചെറിയ വിദ്യാര്‍ഥികളടക്കമുള്ള തലമുറ ലഹരിയുടെ കരങ്ങളില്‍ പെടുന്നതില്‍ നിന്ന് കവചമൊരുക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമുള്‍ക്കൊള്ളുന്ന കൂട്ടായ്മ തന്നെയാണ്. തന്റെ മകന്‍/മകള്‍ എന്ത് ചെയ്യുന്നു, സൗഹൃദ വലയത്തിന്റെ സ്വഭാവമെന്ത്, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ തുടങ്ങി എല്ലാത്തിലും രക്ഷിതാക്കളുടെ കണ്ണ് വേണം. ചെറുതെങ്കിലും മക്കളുടെ സാമ്പത്തിക ക്രയവിക്രയത്തിലും നിരീക്ഷണം സ്ഥാപിച്ച് സംശയകരമായ ഇടപാടോ ധനസ്രോതസ്സോ കണ്ടാല്‍ ഇടപെടാന്‍ മടിക്കേണ്ടതില്ല. മക്കളുടെ അധ്യാപകരുമായും സ്‌കൂള്‍ അധികൃതരുമായും നിരന്തര ബന്ധം സ്ഥാപിക്കുകയും മക്കളുടെ സുരക്ഷിതത്വം അധ്യാപകരുടെ കൂടി ചുമതലയാകും വിധം ബന്ധം ഊഷ്മളമാക്കുകയും വേണം. പലപ്പോഴും മക്കളിലുള്ള അമിത വിശ്വാസം അവര്‍ക്ക് അനാശാസ്യങ്ങളിലേക്ക് വഴുതാന്‍ വളം കൊടുക്കാറുണ്ട്. ഗുണകാംക്ഷപരമായ നിര്‍ദേശങ്ങളൊന്നും തന്നെ അവഗണിക്കാതെ തികഞ്ഞ ജാഗ്രത രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

ലഹരിക്കെതിരായ ജാഗരണത്തില്‍ നാട്ടുകൂട്ടായ്മകള്‍ക്കും നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ക്കും ചെറുതല്ലാത്ത റോളുണ്ട്. നമ്മുടെ നാടുകളില്‍ ലഹരി ഉപയോഗിക്കുന്നവര്‍, എത്തിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ നമ്മുടെ മക്കളും സഹോദരങ്ങളും കൂട്ടുകാരും അയല്‍വാസികളുമടങ്ങിയ സംഘം തന്നെയാണ്. അവര്‍ കൂടിച്ചേരുമ്പോള്‍ മാത്രമാണ് സംഘമാകുന്നത്. അല്ലാത്തപ്പോള്‍ നമ്മുടെ രക്തബന്ധത്തിലുള്ള, അയല്‍ ബന്ധത്തിലുള്ളവരാണ്. ഇത്തരം വ്യക്തികളെ കണ്ടെത്തി അവബോധവും ആവശ്യമെങ്കില്‍ ചികിത്സകളും നല്‍കി കണ്ണിയറുക്കുക എന്ന ദൗത്യത്തിന് നാം സജ്ജരാകേണ്ടതുണ്ട്.

വിവിധ സാഹചര്യങ്ങള്‍ നിമിത്തം ലഹരിക്കടിപ്പെട്ട് പോയവരെ ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ തിരികെ എത്തിക്കാന്‍ മാര്‍ഗങ്ങളുള്ള ഈ കാലത്ത് ആരെയും മാറ്റിനിര്‍ത്തരുത്. മഹല്ല് സംവിധാനങ്ങള്‍ക്കും വിദ്യാര്‍ഥി യുവജന കൂട്ടായ്മകള്‍ക്കും ലഹരിക്കെതിരെ വ്യക്തമായ അജന്‍ഡയോടെയുള്ള പദ്ധതികള്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്. മറക്കരുത്, ഇതൊരു സാമൂഹിക വിപത്താണ്. പുതുതലമുറയെയും മൂല്യങ്ങളെയും കാര്‍ന്നു തിന്നുന്ന ഈ ദുഷ്ചെയ്തിക്കെതിരെ കൂട്ടായ പ്രതിരോധം ആവശ്യമാണ്.

 

 

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest