Connect with us

literature

പ്രവാസം ഒരു സാംസ്‌കാരിക ചരിത്രം

മനുഷ്യ പുരോഗതിയുടെ ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ തിരിച്ചറിയുന്ന ഒരു വസ്തുത കല, സാഹിത്യം, വിദ്യാഭ്യാസം, തൊഴിൽ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ, കേരളത്തിന്റെ സർവതോന്മുഖമായ വികസനത്തിനു പ്രവാസം വലിയ തുണയായി എന്നതാണ്. എന്നാൽ, സാഹിത്യ രംഗത്ത് അത് നൽകിയ വലിയ സംഭാവനകൾ ആരും ശ്രദ്ധിക്കാതെ പോയി. നമ്മുടെ സാഹിത്യ നിരൂപകരും അത് തങ്ങളുടെ വിഷയമല്ലെന്നു കരുതി അവഗണനയോടെ തള്ളിക്കളഞ്ഞു. പ്രവാസ എഴുത്തുകാരുടെ രചനകൾ മലയാള സാഹിത്യത്തിന് ഭാവുകത്വപരമായ പരിണാമം ഉണ്ടാക്കുകയും നമ്മുടെ സംവേദനങ്ങളെ കീഴ്‌മേൽ മറിക്കുകയും ചെയ്തു. എഴുത്തുകാരുടെ നഗരാനുഭവങ്ങളും വിഭിന്നമായ ജീവിതവും മനസ്സിനെ പുതുക്കി രൂപപ്പെടുത്തുന്നതിലും ആശയങ്ങൾക്ക് വജ്ര മൂർച്ച നൽകുന്നതിലും സഹായിച്ചു.

Published

|

Last Updated

കേരളം പ്രവാസത്തിന്റെ കവാടമാണെന്നു വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നുതന്നെ പറയാം. അറബിക്കടലിന്റെ തീരത്തുള്ള പ്രകൃതി രമണീയമായ നാടായതു കൊണ്ടു, ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി കേരളം മാറി. പ്രാചീന കാലങ്ങളിൽ ഗ്രീക്കുകാരും റോമക്കാരും ജൂതന്മാരും അറബികളും ചീനക്കാരും പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും വിവിധ കാലഘട്ടങ്ങളിൽ കേരളം സന്ദർശിക്കുകയും ഏറെക്കാലം ഇവിടെ തമ്പടിക്കുകയും പിന്നീട് കേരളം അവരുടെ അധീനതയിലാവുകയും ചെയ്തു. കേരളത്തിന്റെ പ്രകൃതി മനോഹാരിതയും, ഇവിടെ വിളയുന്ന സുഗന്ധ ദ്രവ്യങ്ങളും ജല മാർഗമുള്ള സഞ്ചാര സൗകര്യവും പരദേശികളെ ഏറെ ആകർഷിച്ചു. കേരളത്തിന്റെ സാമൂഹികം, ചരിത്രം, സംസ്‌കാരം, സാഹിത്യം, വിദ്യാഭ്യാസം, കൃഷി, തൊഴിൽ എന്നീ മേഖലകളിലെല്ലാം ശോഭയാർന്ന സംഭാവനകൾ നൽകാൻ അത് സഹായകമായി. എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിന്റെ സാമൂഹിക ചിത്രം മാറുകയും കേരളീയരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചേക്കേറുന്ന ഒരവസ്ഥ ഉണ്ടാവുകയും ചെയ്തു. ബർമ, സിങ്കപ്പൂർ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ആദ്യ ഘട്ടത്തിൽ മലയാളികൾ കുടിയേറിയത്. പിന്നീട് കേരളത്തിൽനിന്ന് ഇന്ത്യയുടെ മറ്റു മഹാ നഗരങ്ങളിലേക്കും കുടിയേറ്റമുണ്ടായി.പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ കേരളീയർ പ്രവാസികളുടെ വലിയ സമൂഹമായി മാറുകയും പതുക്കെ പതുക്കെ കേരളത്തിന്റെ ചെറിയ അതിരുകളെ ലംഘിച്ച് ലോകമെമ്പാടും പടർന്നുനിൽക്കുന്ന ഒരു വലിയ പ്രവാസ സമൂഹമായി കേരളീയർ രൂപാന്തരപ്പെടുകയും ചെയ്തു. വിശാലമായ മനസ്സും ത്യാഗസന്നദ്ധതയും സഹനബോധവും മലയാളികളെ ആകാശത്തോളം ഉയരങ്ങളിൽ എത്തിച്ചു ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ പ്രവാസം സഹായകമായി. അതുവഴി നമ്മുടെ ഭാഷ, കല, സാഹിത്യം, സംസ്‌കാരം എന്നിവ ശക്തിപ്പെടുകയും ചെയ്തു. നവകേരള നിർമിതിയിലും പ്രവാസിസമൂഹം സജീവമായി ഇടപെടുകയും സാമൂഹിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കു വഹിക്കുകയും ചെയ്തു.

കേരളത്തിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമായിരുന്ന കാലത്തായിരുന്നു ഗൾഫ് കുടിയേറ്റം ധാരാളമായി ഉണ്ടായിരുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നാണ് മലയാളികൾ തൊഴിൽ തേടി അന്യ രാജ്യങ്ങളിൽ ചേക്കേറാൻ തുടങ്ങിയത്. ഗൾഫ് പ്രവാസം സാധ്യമായിരുന്നില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലും അരാജകത്വത്തിലും വഴുതി വീണ്, സാധാരണ ജനവിഭാഗം കൊടിയ യാതനകൾ അനുഭവിക്കേണ്ടിവരുമായിരുന്നു.

മനുഷ്യ പുരോഗതിയുടെ ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ തിരിച്ചറിയുന്ന ഒരു വസ്തുത കല, സാഹിത്യം, വിദ്യാഭ്യാസം, തൊഴിൽ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ, കേരളത്തിന്റെ സർവതോന്മുഖമായ വികസനത്തിനു പ്രവാസം വലിയ തുണയായി എന്നതാണ്. എന്നാൽ, സാഹിത്യ രംഗത്ത് അത് നൽകിയ വലിയ സംഭാവനകൾ ആരും ശ്രദ്ധിക്കാതെ പോയി, നമ്മുടെ സാഹിത്യ നിരൂപകരും അത് തങ്ങളുടെ വിഷയമല്ലെന്നു കരുതി അവഗണനയോടെ തള്ളിക്കളഞ്ഞു. പ്രവാസ എഴുത്തുകാരുടെ രചനകൾ മലയാള സാഹിത്യത്തിന് ഭാവുകത്വപരമായ പരിണാമം ഉണ്ടാക്കുകയും, നമ്മുടെ സംവേദനങ്ങളെ കീഴ്‌മേൽ മറിക്കുകയും ചെയ്തു. എഴുത്തുകാരുടെ നഗരാനുഭവങ്ങളും വിഭിന്നമായ ജീവിതവും മനസ്സിനെ പുതുക്കി രൂപപ്പെടുത്തുന്നതിലും ആശയങ്ങൾക്ക് വജ്ര മൂർച്ച നൽകുന്നതിലും സഹായിച്ചു. ജീവിതത്തിന്റെ തീക്ഷ്ണ മുഖങ്ങളും അർഥ നിരാസങ്ങളും അസ്തിത്വ വിഭ്രാന്തിയും എഴുത്തിൽ സന്നിവേശിപ്പിച്ച് ആഖ്യാനകലക്ക് ചന്ദ്രശോഭ പകരാൻ പ്രവാസ സാഹിത്യത്തിന് കഴിഞ്ഞു.

ഒരഭിമുഖത്തിൽ പ്രശസ്ത നോവലിസ്റ്റ് സേതു പറഞ്ഞിട്ടുണ്ട് “ഇന്ത്യയിലെ ഏറ്റവും വലിയപാഠശാലയാണ് മഹാനഗരമായ ബോംബേ. എന്റെ വ്യക്തിത്വ വികാസത്തിൽ ഈ നഗരം വഹിച്ച പങ്ക് വളരെ വലുതാണ്. ശരിയായ പരുക്കൻ രൂപത്തിൽ ഒരാളെ ഒരുക്കിയെടുക്കാനുള്ള അസാമാന്യമായ വിരുതുണ്ട് ബോംബെക്ക്, മനസ്സ് വലുതാകാൻ, അനുഭങ്ങളുടെ ചക്രവാളങ്ങൾ വലുതാകാൻ, ജീവിതത്തിന്റെ ഒട്ടേറെ സന്ദിഗ്ധമുഹൂർത്തങ്ങളെ തൊട്ടറിയാൻ മഹാനഗരങ്ങളിൽ ജീവിക്കാതെ വയ്യ’.

മറ്റൊരു അഭിമുഖത്തിൽ പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടു “ലോകത്തെക്കുറിച്ചു എനിക്ക് പഠിക്കാൻ കഴിഞ്ഞതിന്റെ അധികഭാഗവും പഠിഞ്ഞത് അന്ന് ബോംബേ എന്ന് വിളിച്ചിരുന്ന ഇന്നത്തെ മുംൈബയിൽ നിന്നാണ്. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ബോംബേ ഒരു കലാശാല യാണ്. ഓരോ തെരുവും ഒരു ഡിപ്പാർട്ട്മെന്റ്, ഓരോ മനുഷ്യരും ഒരു പാഠം. കൈ ഉണ്ടെങ്കിൽ ആഹാരം തേടാം, ശക്തിയുണ്ടെങ്കിൽ അതിജീവിക്കാം. അഴുക്കും സൗന്ദര്യവും, സമ്പത്തും ദാരിദ്യ്രവും, അക്രമവും നീതിയും ഒരുമിച്ച ഒരിടം’. ആദ്യകാലത്തു ഇന്ത്യയിലെ മഹാനഗരങ്ങളായ മദ്രാസ്, ബോംബേ, കൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് തലയെടുപ്പോടെ വരുന്ന വേറിട്ട സാഹിത്യരചനകളാണ് മലയാളിയുടെ സംവേദന ശീലങ്ങളെ മാറ്റി മറിച്ചത്. കേരളത്തിലെ ആദ്യ പ്രവാസി എഴുത്തുകാരൻ / കവി മഹാകവി കുമാരനാശാനാണ്. അദ്ദേഹം ഏറെ കാലം ബംഗാളിലെ ശാന്തിനികേതത്തിലാണ് താമസിച്ചിരുന്നത്. ആദ്യകാല രചനകളൊക്കെ ആശാൻ ബംഗാളിൽ വസിക്കുമ്പോഴാണ് വെളിച്ചം കണ്ടത്. മലയാളിയുടെ പൊതുബോധത്തെയും ചിന്തയെയും മാറ്റിമറിച്ച മഹാകവി കുമാരനാശാന്റെ രചനകൾ സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മതത്തെയും ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും കവിതയിലൂടെ ശക്തമായി എതിർത്ത മറ്റൊരു കവിയില്ലെന്നു തന്നെ പറയാം.

1898ൽ കൽക്കത്തയിലെ സംസ്‌കൃത കോളജിൽ ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം, ഒപ്പം ഇംഗ്ലീഷും അദ്ദേഹം അഭ്യസിച്ചു. മഹാകവി രവീന്ദ്ര നാഥ ടാഗോറും മറ്റും ബംഗാളിസാഹിത്യത്തിൽ പുരോഗമനാശയങ്ങളുടെ വിത്തെറിഞ്ഞ നവോത്ഥാന കാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിൽ ജീവിച്ചത്. നവോത്ഥാന കാലം കുമാരനാശാനെയും വളരെയധികം സ്വാധീനിച്ചു. അദ്ദേഹത്തിന് ഓരം ചേർന്ന് പിന്തുടർച്ചയായി, മദ്രാസിൽനിന്നു എം ഗോവിന്ദനും മാധവൻ അയ്യപ്പത്തും ഒ എം അനുജനും കവിതയുടെ പുതു വഴി വെട്ടിത്തെളിയിച്ചു, ടി പത്മനാഭൻ, യു എ ഖാദർ എന്നിവർ കഥയുടെയും.
നമ്മൾ ബേപ്പൂർ സുൽത്താൻ എന്ന് വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ ഒരർഥത്തിൽ പ്രവാസ എഴുത്തുകാരനാണ്. അദ്ദേഹം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പിന്നെ അറബിനാടുകളിലും ആഫ്രിക്കൻ നാടുകളിലും ഏറെ കാലം വസിക്കുകയും തന്റെ ജീവിതാനുഭവത്തിന്റെ ഉൾക്കാന്പ് വർധിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ കൃതികളുടെ ആധാരശില.

നിത്യ സഞ്ചാരിയും, ജ്ഞാനപീഠ ജേതാവുമായ എസ് കെ പൊറ്റെക്കാട്ടും ആദ്യകാല പ്രവാസ എഴുത്തുകാരനാണ്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലൊക്കെ സഞ്ചരിക്കുകയും സാധാരണ മനുഷ്യരുമായി അടുത്തിടപഴകുകയും അവരിൽ ഒരാളായി ജീവിക്കുകയും ചെയ്ത വലിയ മനുഷ്യൻ. പിൽക്കാലത്ത് മഹാനഗരങ്ങളിൽ ചേക്കേറിയ /എത്തിപ്പെട്ട, ഒ വി വിജയൻ, എം മുകുന്ദൻ, വി കെ എൻ, പുനത്തിൽ, സേതു, കാക്കനാടൻ , എം പി നാരായണപ്പിള്ള , സി രാധാകൃഷ്ണൻ, ആനന്ദ്, ഇ ഹരികുമാർ, എൻ എസ് മാധവൻ, ഉണ്ണികൃഷ്ണൻ തിരുവഴിയോട്, മേതിൽ രാധാകൃഷ്ണൻ, കെ പി നിർമൽ കുമാർ, ബാബു ഭരദ്വാജ് , വൈശാഖൻ, അയ്മനം ജോൺ, പി കെ നാണു , ഗൗതമൻ, അഷ്ടമൂർത്തി, വി ബി ജ്യോതിരാജ്, ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ, അഷിത, മാനസി , പി എ ദിവാകരൻ, എം ചന്ദ്രശേഖരൻ, എം ജി രാധാകൃഷ്ണൻ, പി എൻ വിജയൻ തുടങ്ങിയ എഴുത്തുകാരും മലയാള സാഹിത്യത്തിന് ചെറുതല്ലാത്ത സംഭാവനകൾ നൽകിയവരാണ്. ഇവരുടെ രചനകൾക്ക് വേറിട്ട സ്വരവും വേറിട്ട ശബ്ദവും കൈവരിക്കാൻ കഴിഞ്ഞത് നഗരാനുഭവങ്ങളുടെ സ്വാധീനം കൊണ്ട് മാത്രമാണ് .

സ്വന്തം മണ്ണിൽ നിന്ന് മറുനാട്ടിലേക്ക് ജീവിതം പറിച്ചുനട്ടവരും അന്നവും അർഥവും തേടി മറുനാട്ടിൽ എത്തിപ്പെടാൻ വിധിക്കപ്പെട്ടവരും ഇവരിൽപ്പെടുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചേക്കേറിയവർ കൂടാതെ, ഗൾഫ് നാടുകളിലും അമേരിക്കൻ നാടുകളിലും എഷ്യൻ നാടുകളിലും വസിച്ച പ്രവാസ എഴുത്തുകാരായ എൻ ടി ബാലചന്ദ്രൻ, ഡോ. ഖദീജ മുംതാസ് , പി കെ പാറക്കടവ്, ബെന്യാമിൻ, മുസാഫിർ അഹമ്മദ് , എം എ റഹ്്മാൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ആറ്റക്കോയ പള്ളിക്കണ്ടി, കരുണാകരൻ, സുറാബ്, പി ജെ ജെ ആന്റണി, സാഹിറ തങ്ങൾ, ചെറിയാൻ കെ ചെറിയാൻ തുടങ്ങിയവരും മനുഷ്യ ബന്ധങ്ങളുടെയും പ്രവാസ ജീവിതത്തിന്റെയും ശക്തമായ അടരുകൾ എഴുത്തിൽ കരുതിവെച്ചവരാണ്. മുഖ്യധാരാ എടുത്തുകാരുടെ പട്ടികയിൽ ഇടം പിടിക്കാതെ നല്ല രീതിയിൽ സാഹിത്യ രചന നിർവഹിക്കുന്ന അന്യവത്കരിക്കപ്പെട്ട ഒരുപറ്റം എഴുത്തുകാർ വേറെയുമുണ്ട്. മലയാളികൾ അതുവരെ പരിചയിച്ചിട്ടില്ലാത്ത ഭാഷാപരമായ ഭാവുകത്വവും ഭിന്നമായ എഴുത്തുരീതിയും അനുഭവിച്ചറിഞ്ഞത് പ്രവാസ എഴുത്തുകാരുടെ രചനകളിലൂടെയാണ്. അടിസ്ഥാനപരമായി നോക്കുമ്പോൾ, ഡൽഹി, ബോംബെ, കൽക്കത്ത, മദ്രാസ് തുടങ്ങിയ മഹാ നഗരങ്ങളിൽ വസിച്ചുകൊണ്ട് രചന നിർവഹിച്ച പ്രവാസി എഴുത്തുകാരാണ് മലയാളത്തിൽ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അതിന്റെ തുടർച്ചയാണ് ഗൾഫ് സാഹിത്യവും. പ്രവാസമാണ് നമ്മുടെ നാടായ കേരളത്തിന് നവീനമായ ഒരു മുഖം നൽകിയത്. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. പ്രവാസം, മലയാളിയുടെ തൊഴിൽ, വിദ്യാഭ്യാസം , സംസ്‌കാരം, സാഹിത്യം എല്ലാ മേഖലകളെയും പുതുക്കിപ്പണിയുകയും നഗരവും ഗ്രാമവും തമ്മിലുള്ള അതിർ വരമ്പ് ഇല്ലാതാക്കുകയും വികസനത്തിന് ഒരു മാർഗരേഖ ഉണ്ടാക്കുകയും ചെയ്തു. അതുവഴി കേരളത്തിൽ ഒരു നവ വസന്തം ഉദയം ചെയ്യുകയുമുണ്ടായി. പ്രവാസി മലയാളികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. പ്രവാസം ഒരു സാംസ്‌കാരിക ചരിത്രമാണ്. അതേക്കുറിച്ച് ആഴത്തിലുള്ള പഠനം ഇനിയും വരേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest