International
ദി റിപ്പോര്‍ട്ടര്‍ പത്രത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കി എത്യോപ്യ
ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് പ്രവര്‍ത്തനം റദ്ദാക്കിയത്
അഡിസ് അബാബ | ദി റിപ്പോര്‍ട്ടര്‍ പത്രത്തിന്റേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റേയും ലൈസന്‍സ് അനിശ്ചിതകാലത്തേക്ക് റദ്ദാക്കി എത്യോപ്യ. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് പ്രവര്‍ത്തനം റദ്ദാക്കിയത്.
നൂറ്റിയെന്‍പത് രാജ്യങ്ങളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍ എസ് എഫ്) തയ്യാറാക്കിയ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പതിമൂന്ന് കോടി ജനസംഖ്യയുള്ള എത്യോപ്യ നൂറ്റിനാല്‍പ്പത്തിയെട്ടാം സ്ഥാനത്താണ്. നിയമവും തൊഴിലും ഉള്‍പ്പെടുന്ന ധാര്‍മ്മിക ബാധ്യതകള്‍ നിറവേറ്റുന്നത് വരെ ദി റിപ്പോര്‍ട്ടറിന്റെ പ്രസിദ്ധീകരണവും സംപ്രേക്ഷണവും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്നെന്ന് എത്യോപ്യ മീഡിയ അതോറിറ്റി (ഇ എം എ) ഫേസ്ബുക്കിലൂടെ അറിയിച്ചു.
എത്യോപ്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇ എം എ നടപടിയെടുത്തത്. എത്യോപ്യയിലെ ചുരുക്കം ചില സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് ദി റിപ്പോര്‍ട്ടര്‍. ഇംഗ്ലീഷിലും അംഹാരിക് ഭാഷയിലും പത്രങ്ങള്‍ പുറത്തിറക്കുന്ന ദി റിപ്പോര്‍ട്ടര്‍ക്ക് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുമുണ്ട്.
കഴിഞ്ഞ ജൂണില്‍ ഫ്രഞ്ച് ദിനപത്രമായ ലാ ക്രോയിക്‌സിന്റെ ലേഖകനെ രാജ്യത്ത് നിന്ന് പുറത്താക്കുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വതന്ത്ര മാധ്യമ സ്ഥാപനമായ അഡിസ് സ്റ്റാന്‍ഡേര്‍ഡിന്റെ ലൈസന്‍സ് റദ്ദാക്കുകയും എത്യോപ്യ ചെയ്തിയിരുന്നു. വധശിക്ഷ ലഭിക്കാവുന്ന ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയ മൂന്ന് പേരടക്കം അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ നിലവില്‍ എത്യോപ്യയില്‍ തടവിലുണ്ടെന്നാണ് ആര്‍ എസ് എഫ് പുറത്തുവിട്ട കണക്ക്.





