Kerala
പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു
1982 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലെ എട്ട് ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും വിവിധ മലയാളം പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്ക്കുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കോഴിക്കോട് | പ്രശസ്ത ഫുട്ബോള്‍ എഴുത്തുകാരനും നോവലിസ്റ്റും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് മലാപ്പറമ്പിലെ വസതിയായ ലൗഡെയിനിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് ആറിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1941 മേയ് 10ന് ചന്തുക്കുട്ടി-ചിരുതക്കുട്ടി ദമ്പതികളുടെ മകനായി മലാപ്പറമ്പിലായിരുന്നു ജനനം. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ചശേഷം വിരമിച്ചു. ഔദ്യോഗിക ജീവിതത്തിനപ്പുറം ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ കാല്‍പ്പന്തുകളിയുടെ വിശാലമായ ലോകത്തെത്തിച്ചത്.
ഘനഗംഭീരമായ ശബ്ദവും കളിയുടെ ഗതിവിഗതികള്‍ ഹൃദ്യമായി അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ ജനപ്രിയ ഫുട്ബോള്‍ കമന്റേറ്ററാക്കി. സന്തോഷ് ട്രോഫി, നെഹ്റു കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റ്, നാഗ്ജി ട്രോഫി തുടങ്ങിയ മത്സരങ്ങളിലൂടെ കായികപ്രേമികളുടെ മനസ്സില്‍ ഇടംനേടി. ആകാശവാണിക്കുവേണ്ടിയും ഫുട്ബോള്‍ കമന്ററി നടത്തി. ഇതിനിടെ ലൈന്‍ റഫറിയായും കളിക്കളത്തില്‍ സാന്നിധ്യമറിയിച്ചു. പിന്നീട് കളിക്കളത്തിലെ അനുഭവങ്ങളും അറിവുകളും എഴുത്തിലേക്ക് പകര്‍ത്തി ശ്രദ്ധേയനായ കളിയെഴുത്തുകാരനായി മാറി.
ഫിഫയുടെ അംഗീകൃത മാധ്യമപ്രവര്‍ത്തകനായി അഞ്ചോളം ഫുട്ബോള്‍ ലോകകപ്പുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ ദിനപത്രങ്ങള്ക്കുവേണ്ടിയായിരുന്നു റിപ്പോര്‍ട്ടിങ്. ലോകഫുട്ബോളിന്റെ ആവേശവും ചരിത്രവും മലയാളി വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇന്ത്യയില്‍ ഇത്രയേറെ ലോകകപ്പുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത കായിക പത്രപ്രവര്‍ത്തകര്‍ വിരളമായിരിക്കുമെന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയുടെ പ്രത്യേകതയാണ്.
നോവലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. ‘പഠനപാത്രത്തിന്റെ കാമുകി’, ‘നീലത്തടാകം’, ‘അമ്പിളിച്ചോല’, ‘മനസ്സുകള്‍ സാഗരങ്ങള്‍’, ‘വൃന്ദ’, ‘സുഷമയുടെ ഒളിമ്പിക് പര്‍വം’ എന്നിവയാണ് പ്രധാന നോവലുകള്‍. ഫുട്ബോള്‍ വിഷയമാക്കി ‘ഗോള്‍ഡന്‍ ഗോള്‍’, ‘ലോകകപ്പ് ഫുട്ബോള്‍: ഒരു ചരിത്ര അവലോകനം’ തുടങ്ങിയ കൃതികളും രചിച്ചു. കായികാനുഭവങ്ങളെയും സാഹിത്യത്തെയും ഒരുപോലെ ചേര്‍ത്തുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ രചനാലോകം.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യു.എസ്.എ ആസ്ഥാനമായ സായിമാം ഫൗണ്ടേഷന്റെ പുരസ്കാരം, തിരുവനന്തപുരം സ്പോര്‍ട്സ് ലവേഴ്സ് അസോസിയേഷന്റെ മികച്ച ലോകകപ്പ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം, ദക്ഷിണ കൊറിയയിലെ സോളില്നിന്നുള്ള മികച്ച വിദേശ മാധ്യമപ്രവര്‍ത്തകനുള്ള അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരിക, കലാ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ഫുട്ബോള്‍ കമന്ററിയിലൂടെയും കളിയെഴുത്തിലൂടെയും കായികപ്രേമികളുമായി ദീര്‍ഘകാലം സംവദിച്ച അദ്ദേഹം, കളിക്കളത്തിന്റെ ആവേശവും ചരിത്രവും അക്ഷരങ്ങളില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങുന്നത്.
ഭാര്യ: പാര്‍വതി. മക്കള്‍: സുദീപ്, പ്രസീദ്.
Content Highlights: Renowned sports journalist Bhasi Malaparamba passed away at his residence in Kozhikode due to age-related ailments at 86. He covered eight FIFA World Cups between 1982 and 2014 and Euro 2008 for Malayalam media. He interviewed football legends Pele and Maradona and authored notable sports books





