Connect with us

Web Special

'എന്‍കൗണ്ടര്‍ പ്രദേശ്': യോഗി ഭരണകാലത്ത് പോലീസ് നടത്തിയത് പതിനായിരത്തിലേറെ എന്‍കൗണ്ടറുകള്‍

പട്ടികയിലുള്ള ക്രിമിനലുകളായ ഗ്യാംഗ് തലവന്‍മാര്‍ ആദിത്യനാഥിന്റെ സമാന ജാതിയില്‍ പെട്ടവരാണ്. അതുകൊണ്ടാണോ ഇവരിപ്പോഴും ജീവനോടെയിരുന്ന് ക്രിമിനല്‍ ഗ്യാംഗുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും എസ് പി ചോദിക്കുന്നു.

Published

|

Last Updated

ത്തര്‍ പ്രദേശ് ‘എന്‍കൗണ്ടര്‍ പ്രദേശ്’ ആയെന്ന ബി എസ് പി നേതാവ് മായാവതിയുടെ വിമര്‍ശനെത്തെ സാധൂകരിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ നടന്ന പോലീസ് എന്‍കൗണ്ടറുകള്‍. യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്ത 2017 മുതല്‍ 10,900-ലേറെ എന്‍കൗണ്ടറുകളാണ് യു പി പോലീസ് നടത്തിയത്. ഇതില്‍ 183 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വെച്ചും ഏറ്റുമുട്ടല്‍ കൊലകളുണ്ടായി. കൊല്ലപ്പെട്ടവരെല്ലാം ക്രിമിനലുകളാണെന്ന് പോലീസ് പറയുന്നു. നീതിന്യായവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ് തന്നെ വിധികര്‍ത്താവും ആരാച്ചാരുമാകുന്ന അവസ്ഥാവിശേഷം നിയമവാഴ്ചയെയാണ് ബാധിക്കുന്നതെന്ന വിമര്‍ശവും പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

പോലീസിന്റെ തോക്ക് തട്ടിയെടുക്കല്‍ ന്യായീകരണം

മുന്‍ ഗ്യാംഗ്‌സ്റ്ററും രാഷ്ട്രീയക്കാരനുമായ അതീഖ് അഹ്മദിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ പുറത്തുനിന്നുള്ളവര്‍ വെടിവെച്ചുകൊന്നതെങ്കില്‍ ബാക്കിയെല്ലാം പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവങ്ങളായിരുന്നു. അതീഖ് അഹ്മദിന്റെ മകന്‍ അസദിനെയും കൂട്ടാളിയെയും രണ്ട് ദിവസം മുമ്പാണ് ഏറ്റുമുട്ടലിലൂടെ പോലീസ് വധിച്ചത്. ഝാന്‍സിയില്‍ വെച്ച് വെടിവെപ്പുണ്ടായെന്നാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടലുകളില്‍ 5,046 പേര്‍ക്ക് പരുക്കേറ്റു. മാത്രമല്ല, 23,300 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെടുകയും 1,443 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട 13 പോലീസുകാരില്‍ എട്ട് പേരെ ഗുണ്ടാനേതാവ് വികാസ് ദുബെയുടെ കൂട്ടാളികള്‍ കാണ്‍പൂരിലെ ഇടുങ്ങിയ വഴിയില്‍ വെച്ച് പതിയിരുന്ന് ആക്രമിച്ച് കൊല്ലുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് മധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. ദുബെയെ കൊണ്ടുപോകുകയായിരുന്ന വാഹനം മറിഞ്ഞപ്പോള്‍ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ദുബെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. മറ്റ് എന്‍കൗണ്ടറുകളിലും പോലീസിന്റെ തോക്ക് തട്ടിയെടുക്കല്‍ ന്യായീകരണം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടത്താറുണ്ട്.

രണ്ട് മാസം, ആറ് ഏറ്റുമുട്ടൽ കൊലകൾ

അധിക എന്‍കൗണ്ടറുകളും വ്യാജമാണെന്ന് യു പിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പറയുന്നുണ്ട്. അതീഖ് അഹ്മദും മകനുമെല്ലാം വെടിവെപ്പില്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ഉമേഷ് പാല്‍ വധക്കേസില്‍ പ്രതികളായി പിടികൂടിയവരെയെല്ലാം പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിട്ടുണ്ട്. കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ വരെ എന്‍കൗണ്ടര്‍ ചെയ്ത് കൊന്നിരുന്നു. ബി എസ് പി നിയമസഭാംഗമായിരുന്ന രാജു പാലിനെ 2005ല്‍ കൊന്ന കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. പ്രയാഗ്രാജില്‍ വെച്ച് പട്ടാപ്പകലാണ് ഉമേഷിനെ ഒരു സംഘം വെടിവെച്ചുകൊന്നത്. അതീഖ് അഹ്മദിന്റെ ഗ്യാംഗ് ആണ് ഇതിന് പിന്നിലെന്നും അദ്ദേഹത്തിന്റെ മകന്‍ അസദ് പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇവരെ പിടികൂടി കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ അതീഖിനെ ഒരു സംഘം വെടിവെച്ചുകൊല്ലുകയും ചെയ്തു. അസദിനെ കൊന്നയുടനെ ശരിയായ അന്വേഷണം നടത്താൻ എസ് പി നേതാവ് അഖിലേഷ് യാദവും ബി എസ് പി നേതാവ് മായാവതിയും ആവശ്യപ്പെട്ടിരുന്നു. പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് വ്യാജ ഏറ്റുമുട്ടലിലൂടെ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു. കോടതികളില്‍ ബി ജെ പി തീരെ വിശ്വസിക്കുന്നില്ല. ഇന്നത്തെയും സമീപ കാലത്തെയും ഏറ്റുമുട്ടലുകള്‍ ശരിയാംവിധം അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണം. ഏതാണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കാന്‍ സര്‍ക്കാറിന് അവകാശമില്ല. ബി ജെ പി സാഹോദര്യത്തിന് എതിരാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു. പിന്നാലെ, ഉന്നതതല അന്വേഷണം വേണമെന്ന് മായാവതിയും ആവശ്യപ്പെട്ടു.

യോഗിയുടെ ജാതിക്കാർ സേഫ്

ഗ്യാംഗ് നേതാക്കളെയും ക്രിമിനലുകളെയും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന ന്യായം ഉയര്‍ത്തി ഏറ്റുമുട്ടല്‍ കൊലകളെ സര്‍ക്കാര്‍ പക്ഷം ന്യായീകരിക്കുമ്പോള്‍, അതിനെ ഖണ്ഡിക്കുന്ന പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എസ് പി. പട്ടികയിലുള്ള ക്രിമിനലുകളായ ഗ്യാംഗ് തലവന്‍മാര്‍ ആദിത്യനാഥിന്റെ സമാന ജാതിയില്‍ പെട്ടവരാണ്. അതുകൊണ്ടാണോ ഇവരിപ്പോഴും ജീവനോടെയിരുന്ന് ക്രിമിനല്‍ ഗ്യാംഗുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും എസ് പി ചോദിക്കുന്നു. ഇവരെല്ലാം കൊലപാതകത്തിലും ബലാത്സംഗത്തിലും ഏര്‍പ്പെടുന്നു. കൊള്ളയും തട്ടിക്കൊണ്ടുപോകലും നിര്‍ബാധം തുടരുന്നു. ലിസ്റ്റ് കുറച്ച് പഴയതാണെങ്കിലും ബി ജെ പിയെ പിന്തുണക്കുന്ന ക്രിമിനലുകളെല്ലാം ഇപ്പോഴും സജീവമാണ്. നിരവധി കേസുകളുള്ള രാഷ്ട്രീയക്കാരും പട്ടികയിലുണ്ട്. ഉന്നാവോ ബലാത്സംഗ കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ (28 കേസ്), വാരാണസിയിലെ ബ്രിജേഷ് സിംഗ് (106 കേസുകള്‍), ജൗന്‍പൂരിലെ ധനഞ്ജയ് സിംഗ് (46 കേസുകള്‍), പ്രതാപ്ഗഢിലെ രാജ ഭയ്യ എന്ന് വിളിക്കുന്ന രഘുരാജ് പ്രതാപ് സിംഗ് (31 കേസുകള്‍) എന്നിവര്‍ പട്ടികയിലുണ്ട്.

പോലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിക്കുന്നതാണ് യു പിയിലെത്. എന്‍ എച്ച് ആര്‍ സി മാര്‍ഗനിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.

Latest