Kuwait
കുവൈത്തുമായുള്ള തൊഴില്‍ കരാര്‍; അപാകതകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പിനോ വീട്ടുവേലക്കാരി ജോളിബി രനാരോയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഫിലിപ്പൈന്‍സ് പ്രസിഡന്റ്.

കുവൈത്ത് സിറ്റി | കുവൈത്തുമായുള്ള തൊഴില്‍ കരാറില്‍ എന്തെങ്കിലും അപാകതകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് (ജൂനിയര്‍) വ്യക്തമാക്കി. ഇതിനായി കുവൈത്ത് സര്‍ക്കാറുമായി ഉടന്‍ തന്നെ ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ച കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പിനോ വീട്ടുവേലക്കാരി ജോളിബി രനാരോയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫിലിപ്പൈന്‍സ് പ്രസിഡന്റ്. ചര്‍ച്ചകള്‍ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തൊഴില്‍ കരാര്‍ കൂടുതല്‍ ശക്തമാക്കും.
തങ്ങളുടെ പൗരന്മാര്‍ക്ക് ഇനിയൊരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ക്കോസ് പ്രത്യാശ പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇരയുടെ നാല് മക്കള്‍ക്കും സര്‍ക്കാര്‍ പഠന സഹായം നല്‍കും. മക്കളെ കുറിച്ച് അവര്‍ക്ക് വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് നിറവേറ്റുന്നതിന് വേണ്ടിയാണ് അവര്‍ക്ക് വിദേശ രാജ്യത്ത് ജോലിക്ക് പോകേണ്ടി വന്നത് എന്ന് താന്‍ മനസിലാക്കുന്നു. റിനാരോയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചയാണ് സാല്‍മി മരുപ്രദേശത്ത് ജോളിബി രനോരയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കേസില്‍ 17 കാരനായ കുവൈത്തി ബാലന്‍ അറസ്റ്റിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. യുവതിയെ താന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ച ശേഷം മരുഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സില്‍ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവെക്കുവാന്‍ ഫിലിപ്പൈന്‍സ് കോണ്‍ഗ്രസില്‍ അംഗങ്ങള്‍ ആവശ്യം ഉന്നയിക്കുകയുണ്ടായി.