Connect with us

Business

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌കിന് കഷ്ടകാലം; എന്താണെന്നറിയേണ്ടേ?

ട്വിറ്റര്‍ ഡീലിന് പിന്നാലെ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‍ലയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം മൈക്രോ ബ്ലോഗിംഗ് രംഗത്തെ അതികായരായ ട്വിറ്റനിനെ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കഷ്ടകാലവും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ ഡീലിന് പിന്നാലെ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‍ലയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ മസ്‌കിന്റെ ആസ്തിയിലും കുറവുണ്ടായി.

ട്വിറ്ററുമായി നടത്തിയ ഇടപാടിന്റെ പിറ്റേ ദിവസം മുതല്‍ ടെസ്ലയുടെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ടെസ്‍ല ഇങ്കിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 12 ശതമാനം വരെ ഇടിഞ്ഞു. ഇതുമൂലം കമ്പനിയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. ടെസ്‍ലയുടെ വിപണി മൂല്യം ഒറ്റ ദിവസം കൊണ്ട് 100 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. ഈ ഇടപാടിന് മുമ്പ്, കമ്പനിയുടെ വിപണി മൂലധനം ഒരു ട്രില്യണ്‍ ഡോളറായിരുന്നു. ഇടപാടിന്റെ അടുത്ത ദിവസം തന്നെ ഇത് 906 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ടെസ്‍ല ഓഹരികള്‍ ഇടിഞ്ഞതോടെ ലോകത്തിലെ അതിസമ്പന്നരായ പത്ത് പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിന്റെ ആസ്തിയും കുറഞ്ഞു. 269 ബില്യണ്‍ ഡോളറില്‍ നിന്ന് 239.2 ബില്യണ്‍ ഡോളറായാണ് ആസ്തി കുറഞ്ഞത്. 10.83 ശതമാനം ഇടിവാണ് ആസ്തിയില്‍ രേഖപ്പെടുത്തിയത്.

ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇലോണ്‍ മസ്‌ക് ഒരു ഷെയര്‍ ഹോള്‍ഡറില്‍ നിന്ന് ട്വിറ്ററിന്റെ ഉടമയായി മാറിയത്. നേരത്തെ, ടെസ്ല കമ്പനിയുടെ 9.2 ശതമാനം ഓഹരികള്‍ മസ്‌ക് വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ട്വിറ്റര്‍ ബോര്‍ഡിന് കമ്പനിയടെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ഒരു കത്തെഴുതി. 43 ബില്യണ്‍ ഡോളര്‍ (3.2 ലക്ഷം കോടി രൂപ) ആണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത ട്വിറ്റര്‍ ബോര്‍ഡ്, തിങ്കളാഴ്ച വൈകി 44 ബില്യണ്‍ ഡോളറിന് (3.37 ലക്ഷം കോടി രൂപ) കരാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Latest